X

കോഹ്‌ലി 154 നോട്ട് ഔട്ട്; ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം

ചണ്ഡീഗഢ്: വിരാട് കോഹ്്‌ലി മിന്നിയപ്പോള്‍ വീണ്ടും ന്യൂസിലാന്‍ഡ് തോറ്റു. കോഹ്്‌ലി മങ്ങിപ്പോയ രണ്ടാം ഏകദിനത്തില്‍ വിജയവുമായി ഇന്ത്യന്‍ പര്യടനത്തില്‍ ആദ്യമായി തലയുയര്‍ത്തിയ കവികള്‍ക്ക് മൊഹാലിയില്‍ കിട്ടിയത് കനത്ത പ്രഹരം.

134 പന്തില്‍ 154 റണ്‍സുമായി കോഹ്്‌ലി വിജയം വരെ ക്രീസില്‍ തുടര്‍ന്നപ്പോള്‍ ഇന്ത്യക്ക് ഏഴു വിക്കറ്റിന്റെ അനായാസ വിജയം. കിവികള്‍ മൂന്നോട്ടുവെച്ച 286 റണ്‍സ് വിജയ ലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുമ്പോള്‍ പത്ത് പന്ത് ബാക്കി നില്‍ക്കുന്നുണ്ടായിരുന്നു. 80 റണ്‍സുമായി ക്യാപ്റ്റന്‍ എം.എസ് ധോണി ഏറെ നാള്‍ക്കു ശേഷം ഫോം കണ്ടെത്തിയെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.

സച്ചിന്‍ തെണ്ടുല്‍ക്കറുടെ അവിസ്മരണീയ കരിയറുമായി ഇടയ്ക്കിടെ മാറ്റുരക്കപ്പെടുന്ന കോഹ്്‌ലി ഇന്നലെ ഏകദിനത്തില്‍ തന്റെ 26-ാം സെഞ്ച്വറിയാണ് കുറിച്ചത്. 172 കളികളില്‍ നിന്നായിരുന്നു ഈ നേട്ടം. 463 ഏകദിനങ്ങളില്‍ 49 സെഞ്ച്വറി കുറിച്ച സച്ചിനിലേക്ക് കോഹ്്‌ലിക്ക് ഇനിയും ദൂരമുണ്ട്. പക്ഷേ, കോഹ്്‌ലിക്ക് ഇപ്പോള്‍ 27 ആണ് പ്രായം.
ഭേദപ്പെട്ട സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്ക് തുടക്കം പിഴച്ചിരുന്നു. ഓപണര്‍മാര്‍ പെട്ടെന്നു മടങ്ങി. അജിന്‍ക്യ രഹാനെ അഞ്ചു റണ്‍സെടുത്തു പുറത്തായപ്പോള്‍ രോഹിത് ശര്‍മയുടെ ഇന്നിങ്‌സ് പതിമൂന്ന് റണ്‍സില്‍ അവസാനിച്ചു.
അതോടെ നായകനും ഉപനായകനും ക്രീസിലൊന്നിച്ചു. രോഹിത്തിനൊപ്പം 28 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ കോഹ്്‌ലി 21 റണ്‍സെടുത്ത് താളം കണ്ടെത്തിത്തുടങ്ങിയിരുന്നു. ധോണി എത്തിയതോടെ ഇന്ത്യ മാത്രമായി കളത്തില്‍. ധോണി – കോഹ്്‌ലി കൂട്ടുകെട്ടില്‍ 151 റണ്‍സാണ് പിറന്നത്. ഇതില്‍ 80 റണ്‍സും ധോണി സംഭാവന ചെയ്തപ്പോള്‍ 66 റണ്‍സായിരുന്നു കോഹ്്‌ലിയുടെ നേട്ടം.

എന്നാല്‍ സ്‌കോറിങ് വേഗത കൂട്ടിയ കോഹ്്‌ലി മനീഷ് പാണ്ഡെക്കൊപ്പം ചേര്‍ത്ത 97 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടില്‍ 67 റണ്‍സും സ്വന്തമാക്കി. 34 പന്തില്‍ 28 റണ്‍സായിരുന്നു പാണ്ഡെയുടെ നേട്ടം.
കോഹ്്‌ലി ഒരു സിക്‌സറും പതിനാറ് ഫോറും കുറിച്ചപ്പോള്‍ മൂന്നു സിക്‌സറും ആറു ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ധോണിയുടെ പ്രകടനം. മാറ്റ് ഹെന്റി കിവീസിനു വേണ്ടി രണ്ടു വിക്കറ്റ് വീഴ്ത്തി.
ടോസ് നഷ്ടമായി ആദ്യം ബാറ്റുചെയ്യേണ്ടി വന്ന ന്യൂസിലാന്‍ഡിനു വേണ്ടി ഉജ്ജ്വല ഫോം തുടരുന്ന ടോം ലാഥമും (61) ജെയിംസ് നീഷമും (47 പന്തില്‍ 57) അര്‍ദ്ധ ശതകങ്ങള്‍ നേടി. റോസ്ടയ്‌ലര്‍ 44 റണ്‍സെടുത്തു. ഓപണര്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ (27), കഴിഞ്ഞ കളിയില്‍ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ (22), കോറി ആന്‍ഡേഴ്‌സണ്‍ (ആറ്), ലൂക് റോഞ്ചി (ഒന്ന്) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ പ്രകടനം. ഉമേഷ് യാദവും കേദാര്‍ ജാദവും മൂന്നു വീതം വിക്കറ്റ് സ്വന്തമാക്കി.

 

Web Desk: