കൊച്ചി: നടി അക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സുനില്‍തോമസിന്റെ നേതൃത്വത്തിലുളള ബെഞ്ച് സര്‍ക്കാര്‍ നിലപാട് അറിയുന്നതിനുവേണ്ടി ഹര്‍ജി മാറ്റിവെക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ വെള്ളിയാഴ്ച വിശദീകരണം നല്‍കണമെന്നും കോടതി പറഞ്ഞു.

പോലീസിനെ കുടുക്കി പഴുതുകളടച്ച ജാമ്യാപേക്ഷയാണ് ദിലീപ് സമര്‍പ്പിച്ചിരിക്കുന്നത്. പള്‍സര്‍ സുനിയെ അറിയില്ലെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും ദിലീപ് പറയുന്നു. ഹൈക്കോടതി നേരത്തെ ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാല്‍ സുപ്രീംകോടതിയെ സമീപിക്കാതെ ഹൈക്കോടതിയെ തന്നെ ജാമ്യത്തിനായി ദിലീപ് സമീപിക്കുകയായിരുന്നു. ദിലീപ് സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ദിലീപന്റെ മുന്‍ ഭാര്യ മഞ്ജുവാര്യക്കെതിരെ ആരോപണമുണ്ട്. കേസ് അന്വേഷിക്കുന്ന എ.ഡി.ജി.പി ബി സന്ധ്യക്ക് കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം ആരോപിച്ച ദിലീപ് അവര്‍ക്ക് നടിയുമായി ബന്ധമുണ്ടെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നത്. ചോദ്യം ചെയ്യലിനിടെ ചില പ്രത്യേക ഭാഗങ്ങള്‍ റെക്കോര്‍ഡ് ചെയ്യാതെ ക്യാമറ ഓഫാക്കിയതായും ആരോപണമുണ്ട്.