Connect with us

kerala

അവരെ വെയിലത്ത് നിര്‍ത്തരുത്

Published

on

ഉറ്റവരും ഉടയവരുമില്ല. ആയുസ്സിന്റെ സമ്പാദ്യമെല്ലാം ജല പ്രവാഹം തുടച്ചുനീക്കി. ഇനി എന്ത് എന്ന ചിന്തയില്‍, ഹൃദയം നുറുങ്ങുന്ന വേദനയുമായി, ഒരിറ്റ് കണ്ണീര് പോലും ബാക്കിയില്ലാതെ വലിയ ഒരു ജനത വയനാട്ടില്‍ ഇപ്പോഴും പൊരിവെയിലത്തു നില്‍പ്പുണ്ട്. അവര്‍ ഈ നില്‍പ്പ് തുടങ്ങിയിട്ട് ഏഴു മാസത്തിലധികമായി. അവരെ ചേര്‍ത്തുപിടിക്കേണ്ട സര്‍ക്കാരുകള്‍ അവരെ ഒറ്റപ്പെടുത്തിയ നിലയിലാണ്. അവസാനം ഗതികെട്ട് സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് വയനാട്ടിലെ ഉരുള്‍ ദുരന്ത ഇരകള്‍. ദുരന്ത ബാധിതരെ കൈവിടില്ലെന്ന സര്‍ക്കാര്‍ വാഗ്ദാനം ഏഴുമാസം പിന്നിടുമ്പോള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ തെരുവിലിറങ്ങേണ്ട ഗതികേടിലാണ് മുണ്ടക്കൈ, ചൂരല്‍ മല ദുരന്തബാധിതര്‍. ദുരന്തബാധിതര്‍ ഇന്നലെ വയനാട് കലക്ടറേറ്റിന് മുന്നില്‍ സമരത്തിനെത്തിയത് മറ്റൊരു വഴിയുമില്ലാതെയാണ്. പുനരധിവാസമടക്കം ഇരകളോടുള്ള സര്‍ക്കാര്‍ സമീപനത്തില്‍ ഗുരുതര വീഴ്ചയാരോപിച്ചാണ് ദുരന്ത ബാധിതരുടെ കൂട്ടായ്മ സമരത്തിനിറങ്ങിയത്. പുനരധിവസിപ്പിക്കേണ്ടവരുടെ പൂര്‍ണ ലിസ്റ്റ് പ്രസിദ്ധീകരിച്ച് വീടുകളുടെ നിര്‍മാണം ഉടന്‍ തുടങ്ങുക, അഞ്ച് സെന്റ് സ്ഥലത്തിനുപകരം മുന്‍ വാഗ്ദാനമായ 10 സെന്റ് ഭൂമി തന്നെ അനുവദിക്കുക, തുടര്‍ചികില്‍സ ലഭ്യമാക്കുക, കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ മരം. പുത്തുമലയില്‍ ദുരിതബാധിതരുടെ കുഴിമാടത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് സമരക്കാര്‍ കലക്ടറേറ്റിന് മുന്നിലെത്തി സമരം തുടങ്ങിയത്. ദുരന്ത ബാധിതരുടെ മറ്റൊരു കൂട്ടായ്മയായ ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച ദുരന്തബാധിത പ്രദേശങ്ങളില്‍ കുടില്‍ കെട്ടി പ്രതീകാത്മകമായി സമരം ചെയ്തിരു ന്നു. ചൂരല്‍മലയില്‍ പ്രതിഷേധം പൊലീസ് തടഞ്ഞു. ഉ ന്തും തള്ളുമുണ്ടായി. ജില്ലാ കലക്ടറെ കണ്ട് ആവശ്യങ്ങള്‍ ഉന്നയിക്കാനും അനുകൂല നടപടി ഇല്ലെങ്കില്‍ പ്രതിഷേധം തുടരാനും തീരുമാനിച്ചാണ് താല്‍ക്കാലികമായി പ്രതിഷേധം അവസാനിപ്പിച്ചത്. വ്യാഴാഴ്ച യു.ഡി.എഫിന്റെ നേത്യത്വത്തില്‍ രാപ്പകല്‍ സമരം തുടങ്ങാനിരിക്കുകയാണ്. 28ന് ദുരന്തബാധിതരെ ഉള്‍പ്പെടുത്തി കലക്ടറേറ്റ് വളയാനും തീരുമാനിച്ചിട്ടുണ്ട്.

ഉരുള്‍പൊട്ടലുണ്ടായി മാസങ്ങള്‍ പിന്നിട്ടിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല എന്നത് സങ്കടകരവും പ്രതിഷേധാര്‍ഹവുമാണ്. ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ പോലും ഇതുവരെ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയില്ല എന്നറിയുമ്പോഴാണ് എത്ര ലാഘവത്തോടെയാണ് വിഷയം ഇടതു സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത് എന്ന് ബോധ്യ മാകുക. ആയിരം സ്‌ക്വയര്‍ ഫീറ്റ് വീട് അഞ്ച് സെന്റ് സ്ഥലത്ത് നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. തങ്ങള്‍ക്ക് 15 സെന്റ് സ്ഥലമെങ്കിലും നല്‍കാന്‍ തയ്യാറാവണം എന്നാണ് ദുരിതബാധിതരുടെ ആവശ്യം. രണ്ട് എസ്‌റ്റേറ്റുകളിലായി ടൗണ്‍ഷിപ്പ് ഉണ്ടാക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ എന്തിനാണ് അതില്‍ നിന്ന് പിന്‍മാറുന്നത് എന്നും ദുരന്തബാധിതര്‍ ചോദിക്കുന്നു. ഉരുള്‍പൊട്ടല്‍ ബാധിതരെ സര്‍ക്കാര്‍ ഒറ്റപ്പെടുത്തിയിരിക്കുകയാണ്. ഒരാളോടും കൂടിയാലോചന നടത്താതെയാണ് അഞ്ച് സെന്റ് ഭൂമി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 10 സെന്റ് സ്ഥലമെങ്കിലും ദുരിതബാധിതര്‍ക്ക് നല്‍കാന്‍ തയ്യാറാവണം. ഇരകളായവരോട് സംസാരിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുന്ന രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ദുരന്തബാധിതരുടെ സമരം രാഷ്ട്രീയ പ്രേരിതമെന്ന് പറയുന്ന മന്ത്രിമാരുടേയും പാര്‍ട്ടിയുടേയും നിലപാട് മനുഷ്യത്വരഹിതമാണ്.

പുനരധിവാസത്തിനുള്ള രണ്ടാംഘട്ട പട്ടിക പുറത്തുവന്ന പ്പോള്‍, ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രത്തോട് ചേര്‍ന്ന പുഞ്ചിരിമട്ടത്തെ ഗോത്ര വിഭാഗക്കാരും ലിസ്റ്റിന് പുറത്താണ്. ഈ പ്ര ദേശം താമസ യോഗ്യമല്ലെന്നായിരുന്നു നേരത്തെ ഭൗമശാസ്ത്ര വിദഗ്ധന്‍ ഡോ. ജോണ്‍ മത്തായി സാക്ഷ്യപ്പെടുത്തിയത്. ഉരുള്‍ പൊട്ടിയൊലിച്ചുവന്ന മലയുടെ ഉച്ചിയിലാണ് ഗോത്ര വിഭാഗത്തില്‍പെട്ട മിക്കവരുടെയും വീട്. ഇവിടെ ദുരന്തം സൃഷ്ടിച്ച വലിയ ഗര്‍ത്തം കാണാം. തൊട്ടടുത്തായി പണിയ വിഭാഗ ക്കാര്‍ താമസിക്കുന്ന വിടുകള്‍ വേറെയുമുണ്ട്. ഈ വീട്ടുകാരെല്ലാം സര്‍ക്കാരിന്റെ പുനരധിവാസ പട്ടികക്ക് പുറത്താണ്. അവരിനിയും ഇവിടെത്തന്നെ താമസിക്കേണ്ടിവരും. പക്ഷേ പ്രദേശത്തെ വൈദ്യുതി വിഛേദിച്ച നിലയിലാണ്. വന്യജീവികള്‍ വിഹരിക്കുന്ന വന പ്രദേശത്ത് രാത്രിയില്‍ വിറക് കൂട്ടിയിട്ട് കത്തിച്ചാണ് ഇവര്‍ കഴിഞ്ഞുകൂടുന്നത്. ദുരന്തം കഴിഞ്ഞ് നാളുകളിത്രയായിട്ടും ചികിത്സാ സഹായം പോലും ലഭിക്കാത്ത നിരവധി പേരുണ്ട് പ്രദേശത്ത്. അപേക്ഷകളുമായി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും ഫലം കാണുന്നില്ല. ദുരന്തത്തില്‍ ഗുരുതരമായി പരിക്കേറ്റവരുള്‍പ്പെടെ ചികിത്സാ സഹായ ഫണ്ടിനായുള്ള കാത്തിരിപ്പിലാണ്. ദുരന്തത്തില്‍ മരിച്ചവരുടെ ശരീരത്തില്‍നിന്ന് കണ്ടെടുത്ത സ്വര്‍ണാഭരണങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറാത്തതും മറ്റൊരു ദുരന്തമായി മാറിയിട്ടുണ്ട്. ആഭരണങ്ങള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഉറ്റവരെ നഷ്ട പ്പെട്ട കുടുംബങ്ങള്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള സാങ്കേതിക തടസങ്ങളാണ് കാലതാമസത്തിന് കാരണം. ആയുസ്സിന്റെ ബലംകൊണ്ട് മാത്രം രക്ഷപ്പെട്ടവരെ സര്‍ക്കാര്‍ കൈവെടി യരുത്. അവരെ ചേര്‍ത്തുപിടിക്കാനാണ് കേരളമൊന്നാകെ സര്‍ക്കാറിനൊപ്പം നിന്നത്. നേരം ഇരുട്ടി വെളുത്തപ്പോള്‍ എല്ലാം ഒലിച്ചുപോയവര്‍ക്ക് ഭരണകുടം തുണയാകേണ്ടതുണ്ട്. നാട്ടുകരുടെ അകമഴിഞ്ഞ സഹായം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. പക്ഷേ അതിനനുസരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സര്‍ ക്കാറിനായിട്ടില്ല. പ്രകൃതി വിരിച്ച ദുരന്തത്തിനുമേല്‍ ഇപ്പോള്‍ സര്‍ക്കാരും ദുരന്തമായി മാറിയിരിക്കുകയാണ്. ഇനിയും ഈ പാവങ്ങളെ പൊരിവെയിലത്ത് നിര്‍ത്തരുത്. വരുന്ന മഴക്കാലത്തിന് മുമ്പെങ്കിലും അവര്‍ക്ക് കയറിക്കിടക്കാന്‍ വീടും സ്ഥലവും ഒരുക്കേണ്ടത് അത്യാവശ്യമാണ്. വീടിനും സ്ഥലത്തിനുമൊപ്പം മറ്റു പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണേണ്ടതുണ്ട്. അത്യധികം മാനുഷിക പരിഗണന അര്‍ഹിക്കുന്ന വിഷയമാണിതെന്ന ബോധ്യം സര്‍ക്കാറിനുണ്ടാവണം.

kerala

ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

കുട്ടിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് കൊലക്കുറ്റത്തിന് കേസെടുത്ത് അമ്മയെ അറസ്റ്റ് ചെയ്തത്.

Published

on

ആലുവയില്‍ നാലുവയസ്സുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാന്‍ഡിലായ കുട്ടിയുടെ അമ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. ചെങ്ങമനാട് പൊലീസാണ് ഇന്ന് അപേക്ഷ സമര്‍പ്പിക്കുക. കുട്ടിയെ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയെന്ന് സമ്മതിച്ചതിനെത്തുടര്‍ന്നാണ് കൊലക്കുറ്റത്തിന് കേസെടുത്ത് അമ്മയെ അറസ്റ്റ് ചെയ്തത്. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇവരെ റിമാന്‍ഡ് ചെയ്തു. നിലവില്‍ ഇവര്‍ കാക്കനാട് വനിത സബ്ജയിലിലാണ്. അതിനിടെ, കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ തെളിഞ്ഞതോടെ പിതാവിന്റെ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പുത്തന്‍കുരിശ് പൊലീസാവും കേസ് അന്വേഷിക്കുക.

തിങ്കളാഴ്ച വൈകീട്ടാണ് മറ്റക്കുഴി അംഗന്‍വാടിയില്‍നിന്ന് വിളിച്ചുകൊണ്ടുപോയ നാലുവയസ്സുകാരിയെ മാതാവ് മൂഴിക്കുളം പാലത്തില്‍നിന്ന് പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

Continue Reading

kerala

മലക്കപ്പാറയില്‍ വീണ്ടും കാട്ടാന ആക്രമണം; വയോധിക കൊല്ലപ്പെട്ടു

ഷോളയാര്‍ ഡാമിനോട് ചേര്‍ന്ന് താമസിക്കുന്ന മേരി (67) ആണ് കൊല്ലപ്പെട്ടത്.

Published

on

മലക്കപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. ഷോളയാര്‍ ഡാമിനോട് ചേര്‍ന്ന് താമസിക്കുന്ന മേരി (67) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെയാണ് സംഭവം. കേരള ചെക്ക്‌പോസ്റ്റില്‍ നിന്ന് 100 മീറ്റര്‍ അകലെ വാല്‍പ്പാറ അതിര്‍ത്തിയിലാണ് സംഭവം.

തമിഴ്‌നാട് പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പൊള്ളാച്ചി ആശുപത്രിയിലേക്ക് മാറ്റും. മലക്കപ്പാറയില്‍ ഒരു മാസം മുമ്പും കാട്ടാന ഒരാളെ കൊലപ്പെടുത്തിയിരുന്നു. വനത്തിനുള്ളില്‍ കാട്ടുതേന്‍ ശേഖരിക്കാന്‍ പോയ അടിച്ചില്‍തൊട്ടി ഊരിലെ സെബാസ്റ്റ്യന്‍ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

Continue Reading

kerala

കൊടുവള്ളിയില്‍ 21കാരനെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന്‍ , അനസ് എന്നിവരാണ് പിടിയിലായത്.

Published

on

കോഴിക്കോട് കൊടുവള്ളിയില്‍ 21കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന്‍ , അനസ് എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം മൂന്നായി.

പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നു എന്ന സൂചനയെ തുടര്‍ന്ന് മൈസൂര്‍, ഷിമോഗ എന്നീ ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുകയാണ്. കഴിഞ്ഞദിവസം കേസില്‍ പ്രതികള്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതികള്‍ ഉപയോഗിച്ച, വാഹനങ്ങളെ ക്കുറിച്ച് വിവരം ലഭിച്ചാല്‍ അറിയിക്കണം എന്നും നോട്ടീസില്‍ പറയുന്നു.

കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശി അന്നൂസ് റോഷനെയാണ് തട്ടിക്കൊണ്ടുപോയത്. സഹോദരന്‍ അജ്മല്‍ റോഷന്‍ വിദേശത്ത് വെച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോകുന്നതിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇതിനോടകം പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്.

Continue Reading

Trending