തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ നിസഹകരണ സമരം പുനരാരംഭിക്കും. ഡോക്ടര്‍മാരുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടുള്ള ഉത്തരവ് തിരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് സമരം പുനരാരംഭിക്കാന്‍ കെ.ജി.എം.ഒ.എ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.

 

സര്‍ക്കാറിന്റെ സമഗ്ര ആരോഗ്യപദ്ധതി, ആര്‍ദ്രം തുടങ്ങിയവയുമായി ഇന്നു മുതല്‍ ഡോക്ടര്‍മാര്‍ സഹകരിക്കില്ല. പേവാര്‍ഡിലേക്ക് രോഗികളെ അഡ്മിറ്റ് ചെയ്യില്ല. വി.ഐ.പി ഡ്യൂട്ടി, ആസ്പത്രികള്‍ക്ക് പുറത്തുള്ള മെഡിക്കല്‍ ക്യാമ്പുകള്‍ (പ്രതിരോധ കുത്തിവെപ്പുകള്‍ ഒഴികെ), തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന യോഗങ്ങള്‍, ബ്ലോക്ക്- ജില്ലാതല വകുപ്പ് തല യോഗങ്ങള്‍, അവലോകന യോഗങ്ങള്‍, ഔദ്യോഗിക പരിശീലന പരിപാടികള്‍, സ്ഥാപനത്തിന് പുറത്ത് നടക്കുന്ന മെഡിക്കല്‍ ബോര്‍ഡുകള്‍ എന്നിവയില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കും. എന്നാല്‍ ശബരിമല ഡ്യൂട്ടിയുമായി സഹകരിക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.