വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൊവിഡ് നെഗറ്റാവായതായി വൈറ്റ് ഹൗസ് അറിയിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അബോട്ട് ബിന്‍സാക്‌സ്‌നൗ ആന്റിജന്‍ കാര്‍ഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ട്രംപിന് കൊവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചുവെന്ന് വൈറ്റ് ഹൗസിലെ അദ്ദേഹത്തിന്റെ ഡോക്ടര്‍ സീന്‍ കോണ്‍ലെ പ്രസ്താവനയില്‍ അറിയിച്ചു.

ട്രംപ് ഐസൊലേഷനില്‍ ആയിരുന്നപ്പോള്‍ നെഗറ്റീവ് നിര്‍ണയിക്കാന്‍ ഈ പരീക്ഷണം നടത്തിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപില്‍ നിന്ന് മറ്റുള്ളവരിലേക്ക് കൊവിഡ് പകര്‍ന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് റാലിക്കായി ട്രംപ് ഫ്‌ളോറിഡയിലേക്ക് യാത്ര തിരിച്ച വേളയിലാണ് അദ്ദേഹം കൊവിഡ് രോഗമുക്തനായെന്ന് വൈറ്റ് ഹൗസിന്റെ പ്രസ്താവന പുറത്തുവരുന്നത്.

തനിക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്ന് സണ്‍ഡേ മോര്‍ണിംഗ് ഫ്യൂച്ചേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞിരുന്നു. ട്രംപിന് കൊവിഡ് സ്ഥിരീകരിച്ച് പത്താം ദിവസമാണ് അദ്ദേഹം കൊവിഡ് മുക്തനായെന്ന് ഡോക്ടര്‍ പറയുന്നത്.