Connect with us

Article

തൊഴിലില്ലാത്തവരെ മറന്നുപോകരുത്-എഡിറ്റോറിയല്‍

അഭ്യസ്ത വിദ്യരായ യുവാക്കളുടെ ഏറ്റവും വലിയ തൊഴിലില്ലാപ്പട നിലനില്‍ക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. തൊഴിലില്ലായ്മ പട്ടികയില്‍ കേരളം (13.2 ശതമാനം) മൂന്നാമതാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു

Published

on

 

സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം യുവജന പ്രസ്ഥാനങ്ങളില്‍നിന്ന് ശക്തമായ എതിര്‍പ്പിന് ഇടയാക്കിയിരിക്കുകയാണ്. പ്രതിപക്ഷ കക്ഷിയില്‍പെട്ട യുവജന സംഘടനകള്‍ മാത്രമല്ല, ഭരണകക്ഷിയില്‍പെട്ടവര്‍കൂടി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പൊതുമേഖലാസ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപതാക്കിയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. നിലവില്‍ പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെന്‍ഷന്‍ പ്രായമായിരുന്നു. വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്റെ നടപടി. വിരമിച്ചവര്‍ക്ക് ഉത്തരവ് ബാധകമായിരിക്കില്ല. കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, വാട്ടര്‍ അതോറിറ്റി ഒഴികെയുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായമാണ് ഏകീകരിച്ചത്. റിയാബ് തലവന്‍ ചെയര്‍മാനായി 2017ല്‍ രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഏപ്രില്‍ 22ന് മന്ത്രിസഭായോഗം പരിഗണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 122 പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ആറു ധനകാര്യ കോര്‍പറേഷനുകള്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. ഏതാണ്ട് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

അഭ്യസ്ത വിദ്യരായ യുവാക്കളുടെ ഏറ്റവും വലിയ തൊഴിലില്ലാപ്പട നിലനില്‍ക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. തൊഴിലില്ലായ്മ പട്ടികയില്‍ കേരളം (13.2 ശതമാനം) മൂന്നാമതാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു. രാജ്യമാകെയുള്ള ശരാശരി നിരക്ക് 8.2 ശതമാനമാണ്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നത് ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് യുവതി-യുവാക്കളെത്തന്നെയാണ്. സര്‍ക്കാര്‍ ജോലി എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുവതയുടെ അവസര നിഷേധമായി പെര്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ ഹേതുവായിത്തീരും. ഉദ്യോഗാര്‍ത്ഥികളുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്നതുകൊണ്ട് യുവജന സംഘടനകളെല്ലാം പെന്‍ഷന്‍ പ്രായം കൂട്ടുന്നതിന് എതിരാണ്. മാത്രമല്ല ഇടതു സര്‍ക്കാറിന്റെ ചുവടുമാറ്റമായാണ് ഇതിനെ കാണേണ്ടത്. പെന്‍ഷന്‍ പ്രായത്തില്‍ തൊടില്ല എന്ന നിലപാടായിരുന്നു തുടക്കംമുതല്‍ ഇടതുസര്‍ക്കാറിന്റേത്. എന്നാലിപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം അറുപതോ അതിനു മുകളിലോ ആക്കാന്‍ അവരസം നോക്കിയിരിക്കുകയായിരുന്നു സര്‍ക്കാര്‍. പൊതുമേഖലാസ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് സര്‍ക്കാറിന്റെ ടെസ്റ്റ്‌ഡോസായി വേണം കണക്കാക്കാന്‍. വലിയ പ്രതിഷേധങ്ങളില്ലെങ്കില്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ വ്യാപകമാക്കാമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

തൊഴിലില്ലാത്ത യുവജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് ഇടതുസര്‍ക്കാര്‍ കൈക്കൊണ്ടുവരുന്നത്. ഒന്നാം പിണറായി സര്‍ക്കാറിന്റെ അവസാന നാളുകളില്‍ നാമത് അനുഭവിച്ചറിഞ്ഞതാണ്. മിടുക്കരായ ഉദ്യോഗാര്‍ത്ഥികളെ അവഗണിച്ച് വിവിധ വകുപ്പുകളില്‍ സി.പി.എമ്മുകാരെ പിന്‍വാതിലിലൂടെ തിരുകികയറ്റുന്നനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാസങ്ങളോളം സമരരംഗത്തിറങ്ങേണ്ടി വന്നു. പി.എസ്.സി റാങ്ക് ലിസ്റ്റുകളെ നോക്കുകുത്തിയാക്കി, താല്‍ക്കാലിക നിയമനം ലഭിച്ചവരെ പിന്‍വാതിലിലൂടെ നിയമിക്കുന്നതിനെതിരെയാണ് പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സ് സമരം നടത്തിയത്. ശയനപ്രദക്ഷിണം നടത്തിയും കണ്ണുകെട്ടി മുട്ടിലിഴഞ്ഞും തല മുണ്ഡനം ചെയ്തും മീന്‍ വിറ്റും ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം അരങ്ങേറി. അപ്പോഴെല്ലാം ഉദ്യോഗാര്‍ത്ഥികളോട് നിഷേധാത്മക സമീപനമായിരുന്നു ഇടതുസര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.

നിലവിലുള്ള തൊഴിലില്ലായ്മക്കുപുറമെ ലക്ഷക്കണക്കിന് പ്രവാസികളാണ് തൊഴില്‍ നഷ്ടപ്പെട്ട് കേരളത്തില്‍ തിരിച്ചെത്തിയത്. കോവിഡ് പ്രതിസന്ധി മൂലം പ്രവാസികള്‍ തിരിച്ചുവരേണ്ടിവന്നതും പരിഗണിക്കപ്പെടേണ്ട പ്രശ്‌നം തന്നെയാണ്. ഇവര്‍ വിദേശത്തു ജോലി ചെയ്ത് സംസ്ഥാനത്തേക്ക് പണമയക്കുന്നതു നിലച്ചുവെന്നു മാത്രമല്ല അവരില്‍ ജോലി നഷ്ടപ്പെടാത്തവര്‍ക്കു തിരിച്ചുപോകാന്‍ കഴിയാത്ത അവസ്ഥയുമുണ്ടായിട്ടുണ്ട്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനമാണ് കേരളം. കിട്ടുന്നിടത്തുനിന്നെല്ലാം വായ്പയെടുത്ത് ധൂര്‍ത്ത് നടത്തുകയാണ് ഭരണകൂടം. സംസ്ഥാനത്തിന്റെ കടബാധ്യത കുറക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ യാതൊരു പദ്ധതിയുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കടം വാങ്ങുന്ന തുകയില്‍ ഭൂരിഭാഗവും ശമ്പളത്തിനും പെന്‍ഷനുമായാണ് ചെലവഴിക്കുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് പി.എസ്.സി നിയമനം കാര്യക്ഷമമാക്കി യുവാക്കളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിച്ച് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക എന്നതാണ് ഉചിതമായ തീരുമാനം. ഒപ്പം, സ്വയം തൊഴില്‍ കണ്ടെത്താനും നിക്ഷേപകരെ ആകര്‍ഷിക്കാനും പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ വരുന്നവരെ സംരക്ഷിക്കാനും നടപടിയുണ്ടാകണം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുമ്പോള്‍ തൊഴിലില്ലാത്ത ലക്ഷോപലക്ഷത്തെ മറന്നുപോകാന്‍ പാടില്ല എന്നുകൂടി ഉണര്‍ത്തട്ടെ.

Article

വിവാഹപ്രായം: സുപ്രീംകോടതി വീണ്ടും ഇടപെടുമ്പോള്‍

ദേശീയ ബാലാവകാശ കമീഷന്റെ വാദങ്ങള്‍ ശരിവെച്ച് തന്നെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് മുന്നോട്ട്‌വെച്ച ആശങ്കകള്‍ അതിപ്രധാനമാണ്. പ്രായപൂര്‍ത്തിയായി പരസ്പര സമ്മതത്തോടെ വിവാഹബന്ധത്തിലേര്‍പ്പെട്ടവര്‍ ക്രിമിനലുകളായി ചിത്രീകരിക്കപ്പെടുന്നതിലെ സാംഗത്യമാണ് പരമോന്നത നീതിപീഠം ചര്‍ച്ചക്ക് വെക്കുന്നത്.

Published

on

എന്‍.സി ജംഷീറലി ഹുദവി

ഇന്ത്യന്‍ നിയമ രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും നിയമ നിര്‍മാണങ്ങള്‍ക്ക് വിധേയമാവുകയും ചെയ്തതാണ് ശൈശവ വിവാഹം. വ്യത്യസ്ത കോടതി നടപടികള്‍ കണ്ട രാജ്യത്ത് ഇക്കഴിഞ്ഞ ജനുവരിയില്‍ പരമോന്നത കോടതി വീണ്ടും പ്രസ്തുത വിഷയത്തില്‍ സുപ്രധാന ഇടപെടല്‍ നടത്തിയിരിക്കുകയാണ്. 15 വയസ് തികഞ്ഞവര്‍ക്ക് മത നിയമപ്രകാരം വിവാഹം ആകാമോ എന്നതാണ് ചോദ്യം. 2017 ലാണ് സുപ്രീംകോടതി, 18 വയസിന് താഴെയുള്ള പെണ്‍കുട്ടിയുമായി ഭാര്യയെന്ന നിലക്കും ലൈംഗിക ബന്ധം പുലര്‍ത്തുന്നത് പീഢനമായി കണക്കാക്കുമെന്ന് വിധി പുറപ്പെടുവിച്ചത്. 15 നും 18 നുമിടക്ക് പ്രായമുള്ള ഭാര്യയുമായി ബന്ധത്തിലേര്‍പെടുന്നത് ശൈശവ വിവാഹ നിരോധന പരിധിയില്‍നിന്ന് മാറ്റിനിര്‍ത്തിയിരുന്ന രണ്ടാം സെക്ഷന്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375 ാം സെക്ഷനില്‍ നിന്ന് സുപ്രീംകോടതി എടുത്തുകളയുകയും ചെയ്തു.

നിലവില്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ ഇടപെടല്‍ പക്ഷേ ബാലിശമല്ല. കോടതി മുന്നോട്ട്‌വെക്കുന്നത് ആശങ്കകളും സാധ്യതകളും ചോദ്യങ്ങളുമാണ്. ജനുവരി 13 ന് സുപ്രീംകോടതി ഉന്നയിച്ച ചോദ്യമിതാണ് 15 തികഞ്ഞ പെണ്‍കുട്ടിക്ക്, ലൈംഗിക ചേതനയുണ്ടെങ്കില്‍ അവളുടെ വ്യക്തിനിയമപ്രകാരം വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കാമോ? ഈ ചോദ്യം പ്രധാനമാണ്. ഒരു വ്യക്തിയുടെ ലൈംഗികതയും പക്വതയും നിര്‍ണയിക്കുന്നത് പ്രായമാണോ? 18 തികയുക എന്നത് പക്വതാ നിര്‍ണയത്തിന്റെ മാനദണ്ഡമാണോ ? ഈ ചോദ്യങ്ങളും ചേര്‍ത്തുവെക്കേണ്ട വിഷയങ്ങളാണ്.

ദേശീയ ബാലാവകാശ കമ്മീഷന്‍ ഫയല്‍ ചെയ്ത ഹരജിയാണ് പുതിയ കോടതി ഇടപെടലുകള്‍ക്ക് വഴിതുറന്നത്. 2022 ജൂണ്‍ മാസം 20 ലെ പഞ്ചാബ് ഹരിയാന ഹൈകോടതി വിധിയെ ചോദ്യം ചെയ്യുന്നതായിരുന്നു ഹരജി. 16 വയസ് പ്രായമുള്ള പെണ്‍കുട്ടി 21 വയസുള്ള ഭര്‍ത്താവിന്റെ കൂടെ സുരക്ഷാപ്രശ്‌നം ഉന്നയിച്ച് കോടതിയെ സമീപിച്ചതിനെതുടര്‍ന്നാണ് ഹൈകോടതി ഇടപെടലുണ്ടായത്.

മുസ്‌ലിം വ്യക്തി നിയമ പ്രകാരം വിവാഹത്തിന് തടസങ്ങളൊന്നുമില്ലെന്ന് ജസ്റ്റിസ് ജസ്ജിത് സിങ് ബേദി വിധിച്ചു. ദമ്പതികള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും കോടതി നിര്‍ദേശിച്ചു. 2021 ഡിസംബറിലും സമാനമായ വിധി പഞ്ചാബ്-ഹരിയാന ഹൈകോടതിയില്‍ നിന്നുണ്ടായിരുന്നു. 17 വയസുകാരിയായ പെണ്‍കുട്ടി ഹൈന്ദവ വിശ്വാസിയായ ഭര്‍ത്താവൊന്നിച്ചാണ് അന്ന് കോടതിയെ സമീപിച്ചത്.

മുസ്‌ലിം വ്യക്തി നിയമ പ്രകാരം പ്രായപൂര്‍ത്തി പരിധി 15 ആകയാല്‍ പതിനേഴുകാരിക്ക് ഇഷ്ടപ്രകാരം വിവാഹമാകാം എന്ന് കോടതി വിധിച്ചു. 2022 ജൂണ്‍ മാസത്തിലെ ഹൈകോടതി വിധിക്കെതിരെയാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. പോക്‌സോ, ഇന്ത്യന്‍ ശിക്ഷാ നിയമം ശൈശവ വിവാഹം നിയമവിരുദ്ധമാകുമ്പോള്‍ 18 ന് താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ വ്യക്തി നിയമപ്രകാരം വിവാഹിതരാവുന്നത് അനുവദിക്കാന്‍ പാടില്ലെന്നാണ് ബാലാവകാശ കമീഷന്‍ മുന്നോട്ട്‌വെക്കുന്ന വാദം. പഞ്ചാബ് – ഹരിയാന ഹൈകോടതി വിധി മറ്റു ഹൈകോടതികള്‍ക്ക് ജുഡീഷ്യല്‍ പ്രിസിഡന്റ് (കീഴ്‌വഴക്കം) ആവുകയില്ലെന്ന് സുപ്രീം കോടതി പറയുകയും ചെയ്തു. അതേസമയം വിവാഹ പ്രായ പരിധി 18 ല്‍ നിന്നും കുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായി സുപ്രീംകോടതി അഭിപ്രായമാരായുകയും ചെയ്തു.

നിലവില്‍ 13 സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ശൈശവ വിവാഹ വര്‍ധനവുള്ളത്. അസം, ബിഹാര്‍, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, വെസ്റ്റ്ബംഗാള്‍ സംസ്ഥാനങ്ങളില്‍ ശൈശവ വിവാഹം കൂടുതലാണ്. ഇത്തരം വിവാഹ ബന്ധങ്ങള്‍ മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് ദേശീയ ബാലാവകാശ കമീഷന്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ച പ്രശ്‌നങ്ങളിലൊന്ന്. കൂടാതെ പോക്‌സോ, ഐ.പി.സി 375 നിലവിലുള്ളപ്പോള്‍ വ്യക്തിനിയമ പ്രകാരം വിവാഹ ബന്ധം അനുവദിക്കുന്നത് നിയമ വിരുദ്ധമാണെന്നുമാണ് വാദം.

ദേശീയ ബാലാവകാശ കമീഷന്റെ വാദങ്ങള്‍ ശരിവെച്ച് തന്നെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് മുന്നോട്ട്‌വെച്ച ആശങ്കകള്‍ അതിപ്രധാനമാണ്. പ്രായപൂര്‍ത്തിയായി പരസ്പര സമ്മതത്തോടെ വിവാഹബന്ധത്തിലേര്‍പ്പെട്ടവര്‍ ക്രിമിനലുകളായി ചിത്രീകരിക്കപ്പെടുന്നതിലെ സാംഗത്യമാണ് പരമോന്നത നീതിപീഠം ചര്‍ച്ചക്ക് വെക്കുന്നത്.

ശൈശവ വിവാഹവുമായി ബന്ധപ്പെട്ട് രാജ്യത്ത് നിരവധി കേസുകള്‍ വ്യത്യസ്ത കോടതികളിലായി നിലവിലുണ്ട്. ഭൂരിപക്ഷവും പരസ്പര സമ്മതത്തോടെ വിവാഹബന്ധത്തിലേര്‍പ്പെട്ട ദമ്പതികള്‍ക്കെതിരെയാണ്. രാജ്യത്ത് നിര്‍ബന്ധിത വിവാഹങ്ങള്‍ വ്യത്യസ്ത ആചാരങ്ങളുടെ ഭാഗമായി ഇപ്പോഴും നിലവിലുണ്ട്. പെണ്‍കുട്ടികളെ പീഢനത്തിനിരയാക്കാന്‍ മറയാക്കുന്ന ദേശ, ഗോത്ര ആചാരങ്ങള്‍ പലതുണ്ട്. പഠനം നിര്‍ത്തി വിവാഹത്തിന് നിര്‍ബന്ധിക്കുന്നവരുണ്ട്. ഇതെല്ലാം എതിര്‍ക്കപ്പെടേണ്ടതാണ്. എന്നാല്‍, ഇവ പലതും നടപടിക്ക് വിധേയമാകാതെ പോകുന്നു എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍, പ്രായപൂര്‍ത്തിയായ നിലക്ക് രണ്ടു പേരുടേയും സമ്മതത്തോടെ മതാചാരപ്രകാരം നടക്കുന്ന വിവാഹങ്ങള്‍ പലതും ക്രിമിനല്‍ കേസുകളായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. വിവാഹ പ്രായത്തിലും ഏകതാനിയമത്തെ പറയുന്നവരോട് കൂടിയാണ് ചീഫ് ജസ്റ്റിസിന്റെ ചോദ്യം, ‘നമുക്ക്, പുനരാലോചന നടത്താമല്ലോ?’.

Continue Reading

Article

ഇന്ധന നികുതി കുറച്ചേ മതിയാകൂ – എഡിറ്റോറിയല്‍

തിരഞ്ഞെടുപ്പുകളൊന്നുമില്ലാത്ത വര്‍ഷം നോക്കിയാണ് സാധ്യമായ എല്ലാ മേഖലയിലും കൈവെച്ചതിന്പുറമെ വന്‍ വിലക്കയറ്റത്തിന് വഴിവെച്ച് പെട്രോള്‍, ഡീസല്‍ വിലയും കൂട്ടിയത്. സമീപകാല ചരിത്രത്തിലൊന്നും ഇത്ര വലിയ ജീവിതഭാരം ഒരു സര്‍ക്കാറും ഒറ്റയടിക്ക് അടിച്ചേല്‍പിച്ചിട്ടില്ല.

Published

on

വറുതികള്‍ക്കും പ്രതിസന്ധികള്‍ക്കും നടുവില്‍ നട്ടംതിരിയുന്ന സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുരിതമയമാക്കുന്നതാണ് ഇന്ധന വിലയില്‍ രണ്ടു രൂപ വര്‍ധന. കോവിഡ് കാലത്തെ ദുരിതത്തിന് ഇതുവരെ അറുതിവന്നിട്ടില്ല. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപാട് പെടുകയാണ് സാധാരണക്കാര്‍. കോവിഡ് ദുരന്തത്തില്‍ വീണുപോയവര്‍ ഇതുവരെ രണ്ടു കാലില്‍ ഉറച്ചുനിന്നിട്ടില്ല. ജീവിത ചെലവിന്റെ ചെറിയ വര്‍ധനപോലും അവരുടെ ജീവിതത്തിന്റെ താളംതെറ്റിക്കും.

ഇന്ധനത്തില്‍ ചുറ്റിത്തിരിയുന്നതാണ് സാധാരണക്കാരുടെ ജീവിതമെന്നു പറയാം. പെട്രോളിനും ഡീസലിനും രണ്ടു രൂപ കൂടുമ്പോള്‍ സാധാരണക്കാരുടെ ജീവിതമാണ് പ്രതിസന്ധിയിലാകുന്നത്. പെട്രോളിലെ സെസ് ആദ്യം ബാധിക്കുക അവരെയാണ്. സ്ത്രീകളും ചെറുപ്പക്കാരുമടക്കം ദിവസ വേതനക്കാരുള്‍പ്പെടെ സമയത്തിന് ജോലിക്ക്‌പോയി കുടുംബം പുലര്‍ത്താന്‍ ഇരുചക്ര വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. കോവിഡിനുശേഷം ബസ് സര്‍വീസുകള്‍ പലതും നിര്‍ത്തിയതിനാല്‍ സ്വന്തമായുള്ള ചെറിയ വാഹത്തിലാണ് ആളുകള്‍ പണിക്ക് പോയ്‌ക്കൊണ്ടിരിക്കുന്നത്.

പെട്രോളിനുതന്നെ നല്ലൊരു തുക വേണ്ടിവരുന്നു. നിത്യകൂലിയില്‍ നിന്ന് ഇത് കണ്ടെത്തണം. ഇന്ധന സെസ് വര്‍ധിപ്പിച്ചതോടെ ഓട്ടോക്കാരും ടാക്‌സിക്കാരും ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെടാനിരിക്കുകയാണ്. സ്വകാര്യ ബസ്സുടമകള്‍ നിരക്ക് വര്‍ധന ആവശ്യപ്പെട്ടുകഴിഞ്ഞു. കടത്ത്കൂലി കൂടുന്നതോടെ എല്ലാ ഉത്പന്നങ്ങളുടെയും വിലയില്‍ അത് പ്രതിഫലിക്കുമെന്നുറപ്പാണ്. അതോടെ അവശ്യസാധാനങ്ങളുടെ വില വര്‍ധിക്കാനിട വരും. ജീവിതഭാരം വര്‍ധിക്കാനും ചെലവ് കുതിച്ചുയരാനും ഇത് വഴിയൊരുക്കും. ഇപ്പോള്‍തന്നെ വില വര്‍ധനവില്‍ ജനം നടുവൊടിഞ്ഞിരിക്കുകയാണ്.

തിരഞ്ഞെടുപ്പുകളൊന്നുമില്ലാത്ത വര്‍ഷം നോക്കിയാണ് സാധ്യമായ എല്ലാ മേഖലയിലും കൈവെച്ചതിന്പുറമെ വന്‍ വിലക്കയറ്റത്തിന് വഴിവെച്ച് പെട്രോള്‍, ഡീസല്‍ വിലയും കൂട്ടിയത്. സമീപകാല ചരിത്രത്തിലൊന്നും ഇത്ര വലിയ ജീവിതഭാരം ഒരു സര്‍ക്കാറും ഒറ്റയടിക്ക് അടിച്ചേല്‍പിച്ചിട്ടില്ല. വെള്ളക്കരം, വൈദ്യുതിചാര്‍ജ്, ബസ്ചാര്‍ജ് ഒക്കെ വര്‍ധിപ്പിച്ചതിന് പിറകെയാണ് ഈ കടുംനടപടി. ഏകദേശം 4000 കോടി രൂപ വരുന്ന അധിക ബാധ്യതയാണ് ജനത്തിന് മുകളില്‍ വീഴുന്നത്. കെട്ടിട നികുതി വര്‍ധന അടക്കം പ്രാബല്യത്തില്‍ വരുമ്പോള്‍ കുറേക്കൂടി ആഘാതമുണ്ടാകും.

കേന്ദ്ര സര്‍ക്കാര്‍ അടിക്കടി ഇന്ധന വില ഉയര്‍ത്തുന്നതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. സംസ്ഥാന നികുതിയില്‍ ഇളവ് ആവശ്യം ഉയര്‍ന്നപ്പോള്‍ സംസ്ഥാനം അതിനു തയാറായതുമില്ല. നിലവില്‍ റോഡ് സെസ് അടക്കം വാങ്ങുന്നതിന്പുറമെയാണ് ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വര്‍ധിപ്പിച്ചത്. 750 കോടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെങ്കിലും അതില്‍ കൂടുതല്‍ ലഭിക്കും. ക്ഷേമ പെന്‍ഷന്‍ വിതരണത്തിനാണ് ഇന്ധന സെസും മദ്യസെസും ഏര്‍പ്പെടുത്തിയതെന്ന് പറയുന്നുണ്ടെങ്കിലും രണ്ടു വര്‍ഷമായി പെന്‍ഷന്‍ കൂട്ടിയിട്ടില്ല. പെന്‍ഷന്‍ കമ്പനി വഴി കടമെടുപ്പിന് കേന്ദ്രം നിയന്ത്രണം കൊണ്ടുവന്നപ്പോഴാണ് പെന്‍ഷന്‍ ബാധ്യത മറ്റ് രീതിയില്‍ ഇടതുസര്‍ക്കാര്‍ ജനങ്ങളുടെ മുകളിലിട്ടത്. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന ജനങ്ങളുടെ മുകളിലേക്കാണ് ഈ കടുംനടപടിളെല്ലാം വീണത്.

ഭൂമി ഇടപാടുകളും ഏറെ ചെലവേറിയതാകയാല്‍ ഭൂമികച്ചവടങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും മന്ദഗതിയിലാകും. ഇതോടെ തൊഴില്‍ സാധ്യതയും ഇല്ലാതാകും. ഇപ്പോള്‍തന്നെ മിക്കവര്‍ക്കും ആഴ്ചയില്‍ മൂന്നും നാലും ദിവസം മാത്രമേ കൂലി പണി ലഭിക്കുന്നുള്ളു. നിര്‍മാണ സാധനങ്ങളുടെ വില വര്‍ധിക്കുന്നതോടെ സാധാരണക്കാരുടെ വീട് പണിയടക്കം എല്ലാം നിലയ്ക്കും. അതോടെ പണി പിന്നെയും കുറയും. ഒരുനിലക്കും ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. പരിമിതമായ തോതില്‍ മാത്രമേ നികുതി വര്‍ധിപ്പിച്ചിട്ടുള്ളൂ എന്നു പറഞ്ഞ് ഇന്നലെ നിയമസഭയില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ചെയ്തത്.

സര്‍ക്കാറിന്റെ ഇന്ധന സെസിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്. ജനങ്ങളോട് ഉത്തരവാദിത്തമുള്ള പ്രതിപക്ഷം അതാണ് ചെയ്തുവരുന്നതും. ബജറ്റില്‍ ഇന്ധന നികുതി കൂട്ടിയതിനെതിരെ പ്രതിപക്ഷം സഭാകവാടത്തില്‍ സത്യഗ്രഹം തുടങ്ങിയിരിക്കുകയാണ്. യുവ എം.എല്‍.എമാരായ നജീബ് കാന്തപുരം, ഷാഫി പറമ്പില്‍, സി.ആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍ എന്നിവരാണ് സത്യഗ്രഹം ആരംഭിച്ചത്. നികുതി വര്‍ധനവിനെതിരെ പ്രതിഷേധം കടുപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് സത്യഗ്രഹം.

ഇന്നലെ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. നിയമസഭക്ക് പുറത്തും പ്രതിഷേധം കടുപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് സെക്രട്ടേറിയറ്റിലേക്കും എല്ലാ കലക്ടറേറ്റുകളിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിക്കും. 13 ന് യു.ഡി.എഫ് ജില്ലാ കേന്ദ്രങ്ങളില്‍ രാപ്പകല്‍ സമരം നടത്താനും തീരുമാനമുണ്ട്. ഈ സമരത്തില്‍ യു.ഡി.എഫിനൊപ്പം ജനങ്ങളുമുണ്ടാകും. ജനവിരുദ്ധ സര്‍ക്കാറിനെതിരെയുള്ള ശക്തമായ പ്രതിഷേധമായി അലയടിക്കണം. കൂട്ടിയ ഇന്ധന നികുതി കുറയ്ക്കുന്നതുവരെ സമരം തുടരേണ്ടതുണ്ട്. ജനകീയ സമരത്തിനുമുന്നില്‍ പത്തി മടക്കുകയല്ലാതെ സര്‍ക്കാറിന് മറ്റു വഴിയൊന്നുമില്ല. അത് എത്രയും പെട്ടെന്നാകുന്നുവോ അത്രയും നന്ന്.

Continue Reading

Article

അദാനി കടപുഴകുമ്പോള്‍ – എഡിറ്റോറിയല്‍

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്കും എം.എല്‍.എമാരെ വിലക്കെടുത്ത് സംസ്ഥാന സര്‍ക്കാറുകളെ വീഴ്ത്താനും കോടികള്‍ ഒഴുക്കിക്കൊടുക്കുന്ന സമ്പന്ന പ്രമാണിയെ പരമാവധി ചിറകിലൊതുക്കാന്‍ മോദി ശ്രമിക്കുന്നുണ്ട്. ഇ.ഡിയെയും സി.ബി.ഐയേയും അഴിച്ചുവിട്ട് എതിരാളികളെ വേട്ടയാടാറുള്ള കേന്ദ്ര സര്‍ക്കാറിനിപ്പോള്‍ മിണ്ടാട്ടമില്ല

Published

on

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ഗൗതം അദാനിയുടെ കമ്പനികള്‍ ചീട്ടുകൊട്ടാരം കണക്കെ തകരുകയാണ്. സ്റ്റോക്ക് കൃത്രിമത്വം നടത്തിയും അക്കൗണ്ട് തട്ടിപ്പിലൂടെയുമാണ് അദാനി ഇത്രയും കാലം വിലസിയതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ തന്നെ കമ്പനിയുടെ ഓഹരി വിലകള്‍ വന്‍തോതില്‍ ഇടിഞ്ഞു തുടങ്ങിയിരുന്നു. ഫോബ്‌സിന്റെ ലോക ധനികരുടെ പട്ടികയില്‍ മൂന്നാമതെത്തിയിരുന്ന അദാനി ആദ്യ ഇരുപതില്‍നിന്നും പുറത്തായെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇനിയെന്തൊക്കെയാണ് കേള്‍ക്കാനിരിക്കുന്നതെന്ന് വരും ദിവസങ്ങളില്‍ അറിയാം.

പ്രതിസന്ധി വാ പിളര്‍ത്തി വിഴുങ്ങാന്‍ നില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും സ്വന്തക്കാരനായ അദാനി ഹിന്‍ഡന്‍ബര്‍ഗിനെതിരെ വാളെടുത്ത് നടത്തിയ പരാമര്‍ശങ്ങളാണ് ഏറെ ഭീകരം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും അഖണ്ഡതക്കും നേരെയുള്ള ആസൂത്രിത കടന്നാക്രമണമാണ് ഇതെന്നും ഏതെങ്കിലുമൊരു പ്രത്യേക കമ്പനിയെ മാത്രം ലക്ഷ്യമിട്ടുള്ളത് അല്ലെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്റെ പ്രതികരണം. രാഷ്ട്രീയ തിരിച്ചടി നേരിടുമ്പോഴും കുരുക്കില്‍ വീഴുമ്പോഴും മോദി വിളമ്പാറുള്ള അതേ ന്യായീകരണം തന്നെയാണ് ഇത്.

വിമാനത്താവളങ്ങളും തുറമുഖങ്ങളും ഉള്‍പ്പെടെ രാജ്യത്തെ തന്ത്രപ്രധാന സ്ഥാപനങ്ങളെയും വ്യവസായ മേഖലയെയും വിലക്കെടുത്ത് വയറു വീര്‍പ്പിക്കുന്ന അദാനിക്ക് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് രാജ്യത്തിനുനേരെയുള്ള ആക്രമണമായി തോന്നിയെങ്കില്‍ അത്ഭുതമില്ല. തുച്ഛമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി മോദി രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റുകൊണ്ടിരിക്കുമ്പോള്‍ ഇന്ത്യ മുഴുവന്‍ തന്റെ തറവാട് സ്വത്താണെന്ന് അദാനിയെ പോലുള്ളവര്‍ തെറ്റിദ്ധരിക്കുക സ്വാഭാവികം. ഇന്ത്യയുടെ പുരോഗതിയെന്നാല്‍ തന്റെ വളര്‍ച്ചയാണെന്നാണ് അയാള്‍ വിചാരിച്ചിരിക്കുന്നത്.

ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്കും എം.എല്‍.എമാരെ വിലക്കെടുത്ത് സംസ്ഥാന സര്‍ക്കാറുകളെ വീഴ്ത്താനും കോടികള്‍ ഒഴുക്കിക്കൊടുക്കുന്ന സമ്പന്ന പ്രമാണിയെ പരമാവധി ചിറകിലൊതുക്കാന്‍ മോദി ശ്രമിക്കുന്നുണ്ട്. ഇ.ഡിയെയും സി.ബി.ഐയേയും അഴിച്ചുവിട്ട് എതിരാളികളെ വേട്ടയാടാറുള്ള കേന്ദ്ര സര്‍ക്കാറിനിപ്പോള്‍ മിണ്ടാട്ടമില്ല. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യത്തെ ഞെട്ടിച്ച നീരവ് മോദിയുടെയും വിജയ് മല്യയുടെയും ഹര്‍ഷത്ത് മേത്തയുടെയും പട്ടികയില്‍ ആളുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. അദാനിയും അതില്‍ ഇടം പിടിക്കുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഒരു ധനികന്റെ കിതപ്പും ക്ഷീണവും സമ്പദ്ഘടനയെ ഒന്നടങ്കം തളര്‍ത്തുന്ന അവസ്ഥയിലാണിപ്പോള്‍ കാര്യങ്ങളുള്ളത്. എസ്.ബി.ഐ അടക്കമുള്ള ബാങ്കുകള്‍ ഓഹരി ഈടായി സ്വീകരിച്ച് അദാനിക്ക് രണ്ട് ലക്ഷം കോടിയിലേറെ വായ്പ കൊടുത്തിട്ടുണ്ടെന്നാണ് കണക്ക്. അദാനി ഗ്രൂപ്പിന്റെ ഓഹരി ഇടിയുമ്പോള്‍ ഇന്ത്യയുടെ ബാങ്കിങ് മേഖലയും പ്രതിസന്ധിയിലാകുമെന്ന് ആശങ്കപ്പെടേണ്ടിവരുന്നത് അതുകൊണ്ടാണ്.

കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുമെല്ലാം അദാനിയുടെ ഇടിവ് അദ്ദേഹത്തില്‍ മാത്രമായി ഒതുങ്ങുമെന്ന് പറയുന്നുണ്ട്. പക്ഷെ, പൊതുമേഖലയിലെ കണ്ണായ സ്ഥാപനങ്ങളെല്ലാം അദാനിയുടെ പേരില്‍ മോദി എഴുതിക്കൊടുത്ത സ്ഥിതിക്ക് സര്‍ക്കാറിന്റെയും ആര്‍ബിഐയുടെയും ആശ്വാസ വാക്കുകള്‍ എത്രത്തോളം വാസ്തവമാണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. അദാനിയുമായി നീണ്ട കാലത്തെ ആത്മബന്ധം സൂക്ഷിക്കുന്ന മോദിയുടെ ചങ്കിടിപ്പേറുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ കേള്‍ക്കുന്നതെല്ലാം.

അയല്‍വാസിക്കാദ്യം എന്ന പദ്ധതി മോദി തുടങ്ങിയത് അദാനിയെ കണ്ടിട്ടായിരുന്നു. ബംഗ്ലാദേശിന് വൈദ്യുതി നല്‍കാനുള്ള ഈ പദ്ധതി മുടങ്ങിക്കിടക്കുകയാണ്. എസ്.ബി.ഐയും എല്‍.ഐ.സിയും പരിധി വിട്ട് ഒന്നും കൊടുത്തിട്ടില്ലെന്ന് വിളിച്ച് പറഞ്ഞ് ധനമന്ത്രി വെപ്രാളപ്പെടുന്നതും പുലി വാല് പിടിച്ചെന്ന് കേന്ദ്രത്തിന് ബോധ്യമുള്ളതുകൊണ്ടാണ്.

അന്താരാഷ്ട്രതലത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ സംശയത്തിന്റെ നിഴലിലാക്കിയെന്നതാണ് അദാനി തകര്‍ച്ചയുടെ മറ്റൊരു ദുരന്ത ഫലം. നിക്ഷേപകരെല്ലാം അദാനിയെ കയ്യൊഴിഞ്ഞുകൊണ്ടിരിക്കുന്നു. ആഗോള ധനകാര്യ സ്ഥാപനങ്ങള്‍ റേറ്റിങ് താഴ്ത്തുകയും കമ്പനിയുടെ ഓഹരികളില്‍ വായ്പ നല്‍കുന്നത് നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ബഹളം ഇനിയും കേട്ടില്ലെന്ന് നടിക്കാന്‍ മോദി ഭരണകൂടത്തിന് കഴിയില്ല. ഓഹരി വിലയില്‍ കൃത്രിമത്വം നടത്തിയതിനെക്കുറിച്ച് കേന്ദ്രം മറുപടി പറയേണ്ടിവരും. അത്രയും വലിയ കുഴിയിലാണ് സര്‍ക്കാരിന്റെ സ്വന്തക്കാരന്‍ അകപ്പെട്ടിരിക്കുന്നത്. ഇത്രയും കാലം പണം കായ്ക്കുന്ന മരമായി ബി.ജെ.പി കണ്ടിരുന്ന അദാനി കടപുഴകുമ്പോള്‍ രാഷ്ട്രീയ രംഗത്തും വമ്പന്‍ പ്രകമ്പനങ്ങളുണ്ടാകും. പണക്കൊഴുപ്പില്‍ വീര്‍പ്പിച്ചു നിര്‍ത്തിയിരുന്ന സംഘപരിവാര്‍ ബലൂണ്‍ കൂടിയാണ് അദാനിയോടൊപ്പം പൊട്ടാന്‍ പോകുന്നത്.

 

Continue Reading

Trending