കോഴിക്കോട്​: ജോസ്​.കെ മാണിയെക്കൊണ്ട്​ ലവ്​ ജിഹാദിനെക്കുറിച്ച്​ പറയിക്കുന്നത്​ പിണറായി വിജയനാണെന്ന്​​ പ്രതിപക്ഷ ഉപനേതാവ്‌  ഡോ. എം.കെ. മുനീർ. മുസ്​ലിം, ക്രിസ്​ത്യൻ സമുദായങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനും അവരുടെ സൗഹൃദം തകർക്കാനുമാണിത്​.

ബംഗാളിൽ മാത്രല്ല, കേരളത്തിലും സിപിഎമ്മിന്‍റെ നിറം കാവിയാവുകയാണ്​. കേരളത്തെ ഇല്ലാതാക്കാനാണ്​ സിപിഎമ്മും ആർഎസ്​എസും കൈകോർത്ത്​ പിടിക്കുന്നത്​. ആർഎസ്​എസ്​-സിപിഎം ബന്ധം എത്രയോ കാലമായി ഉള്ളതാണെന്നും മുനീർ ആരോപിച്ചു.

ലവ്​ ജിഹാദ്​ സാമൂഹിക പ്രശ്​നമാണെന്നും ഇക്കാര്യത്തിൽ ചില കേസുകൾ അഭിസംബോധന ചെയ്യപ്പെടേണ്ടതാണെന്നും ഇടതുമുന്നണിയിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ്​ -എമ്മിന്‍റെ നേതാവും പാലായിലെ എൽ.ഡി.എഫ്​ സ്​ഥാനാർഥിയുമായ ജോസ്​ കെ. മാണി ദ പ്രിൻറ് ഓൺലൈൻ പോർട്ടലിന്​ നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ ഇതിനെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിരുന്നില്ല. ജോസ് കെ. മാണിയുടെ പ്രസ്താവന ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നായിരുന്നു ഇതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി പറഞ്ഞത്.