ഇനിയൊരു ലോക യുദ്ധമുണ്ടാവുകയാണെങ്കില്‍ അത് വെള്ളത്തിന് വേണ്ടിയായിരിക്കുമെന്ന നിരീക്ഷണത്തെ സാധൂകരിക്കുകയാണ് പുതിയ ജല ദൗര്‍ലഭ്യത്തിന്റെ കണക്കുകളും കഥകളും. ആഗോള താപനവും കാലാവസ്ഥാ മാറ്റവും മഴയെ തകിടം മറിക്കുമ്പോള്‍ ശുദ്ധ ജലം അപൂര്‍വ വസ്തുവായി മാറുന്നു. ഇപ്പോള്‍ പൈപ്പിന് ചുവട്ടില്‍ മാത്രമല്ല വെള്ളത്തിന് വേണ്ടിയുള്ള യുദ്ധം അരങ്ങേറുന്നത്, സംസ്ഥാനങ്ങള്‍ തമ്മിലും രാജ്യങ്ങള്‍ തമ്മിലുമാണ്. ആഗോളവത്കരണം നേടിക്കൊടുത്ത വ്യാപാര വ്യവസായ സാധ്യതകളുടെ ഫലമായി ശുദ്ധജലം മലിനവത്കരിക്കപ്പെടുകയും പ്രകൃതി ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന കാലത്ത് ഓരോ ജല ദിനവും നല്‍കുന്ന സന്ദേശത്തിന് ഇനിയൊരു ഭാവിയില്‍ ശുദ്ധ ജലത്തിന് എന്തു ചെയ്യുമെന്ന ഭീതിയുടെ ചുവയുണ്ട്. 2025 ആകുന്നതോടെ 300 കോടി ജനങ്ങള്‍ കടുത്ത ജലക്ഷാമത്തിന് ഇരകളാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വാചാലമാകുമ്പോള്‍ ഈ ഭീതി അസ്ഥാനത്തല്ലെന്ന് മനസ്സിലാകും. ജല ദിനങ്ങള്‍ക്ക് പ്രമേയങ്ങള്‍ ഉണ്ടാക്കി ആഘോഷിക്കുന്നതിനേക്കാളുപരി ജലക്ഷാമത്തെ ഫലപ്രദമായി നേരിടേണ്ടതിനെ കുറിച്ചുള്ള ആലോചനകളും വിചാരപ്പെടലുകളുമാണുണ്ടാവേണ്ടത്.
ശുദ്ധജല സ്രോതസ്സുകളുടെ സംരക്ഷണത്തെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചും അവബോധമുണ്ടാക്കുകയാണ് ജലദിനാചാരണത്തിന്റെ ലക്ഷ്യം. 1992 ല്‍ ബ്രസീലിലെ റിയോവില്‍ ചേര്‍ന്ന സമ്മേളന (യു.എന്‍ കോണ്‍ഫ്രന്‍സ് ഓണ്‍ എന്‍വറിനോണ്‍മെന്റ് ആന്റ് ഡെവലപ്‌മെന്റ് ൗിരലറ) ആണ് മാര്‍ച്ച് 22 ജലദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. തുടര്‍ന്ന് യു.എന്‍, ജനറല്‍ അസംബ്ലി 1993 മാര്‍ച്ച് 22 മുതല്‍ ഈ ദിനം ലോക ജലദിനമായി ആചരിക്കാന്‍ തീരുമാനിച്ചു.
21-ാം നൂറ്റാണ്ടിലെ ഏറ്റവും ദുര്‍ലഭമായ വസ്തുവായി ജലം മാറിയിരിക്കുന്നു എന്ന ആശങ്കയുടെ നിഴലിലാണ് നാമിന്ന് ജീവിക്കുന്നത്. 2027 വരെയുള്ള പത്തു വര്‍ഷം കുടിനീരിനായി മനുഷ്യന്‍ ഇതുവരെ ആശ്രയിച്ചിട്ടില്ലാത്ത സ്രോതസ്സുകളെ കുറിച്ചുള്ള പഠനങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കുമുള്ള ശ്രമങ്ങള്‍ യുനെസ്‌കോയുടെ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയടക്കം തുടങ്ങിക്കഴിഞ്ഞു. ഭൂമിയെ നിലനിര്‍ത്താനും സൗരയൂഥ മരുവിലെ പച്ചയായി തുടരാനും നക്ഷത്രങ്ങളില്‍ നിന്ന് വിണ്‍ഡ് ഗംഗ ഒഴുകുമോയെന്ന അന്വേഷണമാണ് ഇപ്പോള്‍ ശാസ്ത്ര രംഗത്ത്. ‘ആകാശതാരമേ ആര്‍ദ്ര നക്ഷത്രമേ, അലരുകള്‍ പൊഴിയുമീ മണ്ണില്‍ വരൂ’ എന്ന് കവി താരകത്തെ വിളിച്ചത് ഒരു തിരിവെട്ടം പകരാനാണെങ്കില്‍ ഒരു തുള്ളിവെള്ളം പകര്‍ന്നുതരാനാണ് ശാസ്ത്ര ലോകമിന്ന് നക്ഷത്രങ്ങളിലേക്ക് ഉറ്റുനോക്കുന്നത്. ലോക ജനസംഖ്യയുടെ 18 ശതമാനത്തിനും (1.1 ബില്യന്‍) ഇപ്പോള്‍ തന്നെ സുരക്ഷിതമായ കുടിവെള്ളം കിട്ടുന്നില്ലെന്നാണ് ഡബ്ല്യു.എച്ച്.ഒ ഈയടുത്ത് പുറത്തുവിട്ട കണക്ക്. അടിസ്ഥാന ശുചീകരണാവശ്യങ്ങള്‍ നിറവേറ്റാന്‍ വെള്ളം ലഭിക്കാത്ത 2.6 ബില്യന്‍ ജനങ്ങള്‍ ഇന്ന് ഭൂമുഖത്തുണ്ട്. സോമാലിയയും എത്യോപ്യയും പോലുള്ള രാജ്യങ്ങളിലെ കുടിവെള്ള ക്ഷാമത്തിന്റെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. 2025 ആകുമ്പോഴേക്കും ലോകത്തിലെ മൂന്നില്‍ രണ്ടു ഭാഗം ജനങ്ങളും വെള്ളമില്ലാതെ കഷ്ടപ്പെടുമെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.
ഏറെ ജല സമൃദ്ധിയുള്ള രാജ്യമായി കണക്കാക്കപ്പടുന്ന ഇന്ത്യയില്‍ ശരാശരി മഴ വര്‍ഷിക്കുന്നത് 60 ദിവസമാണെങ്കില്‍ 40-150 ദിവസങ്ങള്‍ക്കിടയിലാണ് കേരളത്തില്‍ ലഭിക്കുന്ന മഴയുടെ കണക്ക്. അടുത്ത പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ ജലമില്ലാത്ത, ഉള്ള ജലത്തെ ഉപയോഗിക്കാന്‍ പര്യാപ്തമല്ലാത്ത അവസ്ഥയിലേക്ക് ഇന്ത്യയും ഒപ്പം കേരളവും മാറുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 44 നദികളൊഴുകുന്ന കേരളത്തിന്റെ അവസ്ഥയാണിത്. ഈ നദികള്‍ ചേര്‍ന്ന് വര്‍ഷത്തില്‍ കേരളത്തിന് നല്‍കുന്ന ജലം 78,041 ദശലക്ഷം ക്യുബിക് മീറ്ററാണ്. ഇതില്‍ 42, 700 ദശലക്ഷം ക്യുബിക് മീറ്റര്‍ മാത്രമാണ് ഉപയോഗിക്കാന്‍ ലഭിക്കുന്നത്. വലിയ തോതില്‍ മഴ ലഭിക്കുന്ന സംസ്ഥാനത്ത് മഴക്കാലത്ത് ലഭിക്കുന്ന മഴ വെള്ളം ഉപയോഗശൂന്യമായി കടലില്‍ ചേരുന്ന ദയനീയ അവസ്ഥയാണ് ഏറ്റവും വലിയ പ്രതിസന്ധി. മഴവെള്ളം പ്രയോജനപ്പെടുത്തുന്നതിലെ പരാജയമാണ് വിനയാകുന്നത്. കേരളത്തില്‍ ലഭിക്കുന്ന മഴ വേണ്ട വിധത്തില്‍ ഉപയോഗിച്ചാല്‍ ഒരു പരിധിവരെ ശുദ്ധജല ക്ഷാമം പരിഹരിക്കാമെന്ന കാര്യം എല്ലാവരും അംഗീകരിക്കുന്നതാണ്. മഴക്കാലത്ത് ഒഴുകിപ്പോകുന്ന അധിക ജലം ഭൂമിയില്‍ താഴ്ത്തി ഭൂഗര്‍ഭ ജലവിതാനം കൂട്ടിയാല്‍ കിണറുകളിലും കുളത്തിലും വേനല്‍ക്കാലത്ത് ആവശ്യത്തിന് ശുദ്ധജലം ലഭ്യമാകും.
മഴവെള്ളത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ആവശ്യമായ അറിവും പരിജ്ഞാനവുമുള്ള വിദഗ്ധര്‍ സംസ്ഥാനത്തുണ്ട്. എന്നിട്ടും ജലവിഭവ മാനേജ്‌മെന്റില്‍ പാളിച്ചകള്‍ വരുന്നത് എന്തുകൊണ്ടാണെന്ന് അന്വേഷിച്ച് വ്യക്തമായ കാരണം കണ്ടെത്തി പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ കാണണം. അനധികൃതമായി നിര്‍മ്മിക്കുന്ന കുഴല്‍ കിണറുകള്‍ ജല സമ്പത്തിനെ ഊറ്റിക്കുടിക്കുന്നുണ്ട്. ഭൂഗര്‍ഭ മാനേജ്‌മെന്റിനെതിരെ വലിയ വെല്ലുവിളിയാണ് ഈ അനധികൃത നിര്‍മാണം. ഇതിനെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. ഒഴുകിപ്പോകുന്ന വെള്ളം കൊണ്ട് ഭൂഗര്‍ഭ ജലസമ്പത്ത് സമ്പന്നമാകുമ്പോള്‍ മാത്രമേ ജലക്ഷാമത്തിന്റെ പരിഹാര നടപടികള്‍ തുടങ്ങാനൊക്കൂ.
ജല ദുരുപയോഗം തടയുകയെന്നതാണ് ഈ വര്‍ഷത്തെ ജലദിന പ്രമേയം. പലപ്പോഴും ആവശ്യത്തിന് മഴ ലഭിച്ചിട്ടും വരള്‍ച്ചയുടെ തീക്ഷ്ണത അനുഭവിക്കേണ്ടിവരുന്ന കേരളീയ സാഹചര്യത്തില്‍ ഈ പ്രമേയത്തിന് വലിയ പ്രസക്തിയുണ്ട്. ജല ചൂഷണങ്ങളും പൊതു ജലാശയങ്ങളെ മലിനപ്പെടുത്തുന്ന പ്രവണതയും അമിത ജലോപയോഗവും പ്രബുദ്ധ മലയാളിയുടെ വരെ ദിനചര്യയായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടുന്നതും അതിനെത്തുടര്‍ന്ന് മണിക്കൂറുകളോളവും ദിവസങ്ങളോളവും റോഡിലൂടെ വെള്ളമൊഴുകുന്നതും കേരളത്തിലെ നിത്യകാഴ്ചയാണ്. ഒരര്‍ത്ഥത്തില്‍ പൊതുജലാശയങ്ങളുടെ പവിത്രതയും പ്രാധാന്യവും തിരിച്ചറിയാത്ത ലോകത്തിലെ അപൂര്‍വ്വം ജനതയായിരിക്കും മലയാളികള്‍. ലോക പ്രശസ്ത നഗരങ്ങളുടെ ചുറ്റും വന്‍ നദികള്‍ ഒഴുകുന്നുണ്ട്. ജന ലക്ഷങ്ങള്‍ താമസിക്കുകയും വലിയ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടും അത്തരം നദികള്‍ മനിലമാകാതെ ശാന്തമായി ഒഴുകുന്നു. നദീ സംരക്ഷണം പൗരബോധത്തിന്റെ നിദര്‍ശനമായാണ് പാശ്ചാത്യര്‍ കാണുന്നത്. കേരളീയര്‍ ഇന്ത്യക്കാര്‍ പൊതുവെയും ഈ വിഷയത്തില്‍ വളരെ പിറകിലാണ്. ആത്മീയ പരിവേഷമുണ്ടായിട്ടും ഗംഗക്കും യമുനക്കും കോടിക്കണക്കിന് ടണ്‍ മാലിന്യം പേറേണ്ടിവരുന്നത് നമ്മുടെ മനോഭാവത്തിന്റെ പ്രശ്‌നം കൊണ്ടു കൂടിയാണ്. ഒരു വീണ്ടു വിചാരത്തിനു തയ്യാറായിട്ടില്ലെങ്കില്‍ പര്യവസാനം മഹാദുരന്തമായിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല.
സൂര്യതാപത്താല്‍ പക്ഷിമൃഗാദികള്‍ ചത്തുവീഴുന്നതും മനുഷ്യ ശരീരത്തില്‍ പൊള്ളലേല്‍ക്കുന്നതും വരാനിരിക്കുന്ന ഗുരുതരമായ ഭവിഷ്യത്തുകളിലേക്കുള്ള സൂചനകളാണെന്നറിഞ്ഞിട്ടും മലയാളിയുടെ മനോഭാവത്തില്‍ മാറ്റം വരുന്നില്ലെന്നത് അത്ഭുതകരം തന്നെ. ജല സ്രോതസുകള്‍ നശിപ്പിച്ചും മഴ വര്‍ഷത്തിന്റെ കാരണങ്ങളെ ഇല്ലാതാക്കിയും പ്രകൃതിയെ സ്വാര്‍ത്ഥതയുടെ പേരില്‍ ചൂഷണം ചെയ്തുമാണ് മലയാളി ജലക്ഷാമത്തിന്റെ കടുത്ത ദിനങ്ങളെ വരവേല്‍ക്കാനൊരുങ്ങുന്നത്.