ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസില്‍ സിനിമാ മേഖലയിലെ കൂടുതല്‍ പേരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിസിബി നോട്ടീസ് നല്‍കി. രണ്ടു നടിമാര്‍ക്കാണ് തിങ്കളാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. അതേസമയം കേസിലെ മുഖ്യപ്രതിയായ മലയാളി മുഹമ്മദ് അനൂപിന് അനിഖയെ പരിചയപ്പെടുത്തിയ കണ്ണൂര്‍ സ്വദേശി ജിംറീന്‍ ആഷിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ ഉടന്‍ അറസ്റ്റ് ചെയ്യും. ഇയാളെ കസ്റ്റഡിയില്‍ എടുത്തെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ എന്‍സിബി പരിശോധന നടത്തിയിരുന്നു. ഇതില്‍ നിര്‍ണായക വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.

കേസില്‍ രണ്ടാംപ്രതിയായ കന്നടനടി രാഗിണി ദ്വിവേദിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കന്നഡ സിനിമാരംഗത്തെ മുന്‍നിര നടിയും മോഡലുമായ രാഗിണി ദ്വിവേദിയെ ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. അടുത്ത സുഹൃത്തായ രവിശങ്കറിനൊപ്പം നടി ബെംഗളൂരുവിലെ വീട്ടില്‍ ഡ്രഗ് പാര്‍ട്ടി നടത്തിയെന്നും കണ്ടെത്തിയിരുന്നു.