ജോമോന്റെ സുവിശേഷങ്ങളിലെ ദുല്‍ഖറിന്റെ അഭിനയം കണ്ട് കട്ട് പറയാന്‍ മറന്നുവെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മുമ്പ് പല താരങ്ങളുടേയും അഭിനയം കണ്ട് കട്ട് പറയാന്‍ മറന്നിട്ടുള്ള അനുഭവം സത്യന്‍ അന്തിക്കാടിനുണ്ട്. അതേ അനുഭവം ആവര്‍ത്തിച്ചിരിക്കുകയാണിവിടെ സംവിധായകന്. എന്നും എപ്പോഴും എന്ന ചിത്രത്തിലെ മഞ്ജുവാര്യരുടെ അഭിനയവും ഒട്ടുമിക്ക ചിത്രങ്ങളിലെ മോഹന്‍ലാലിന്റെ അഭിനയവും വിസ്മയിപ്പിച്ചതാണെന്ന് സംവിധായകന്‍ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ ജോമോന്‍ എന്ന കഥാപാത്രത്തെ സഹോദരന്‍മാര്‍ വിചാരണ ചെയ്യുന്ന രംഗത്തിലാണ് ദുല്‍ഖറിന്റെ പ്രകടനം കണ്ട് കണ്ണുകള്‍ നിറഞ്ഞുപോയതെന്ന് സംവിധായകന്‍ പറയുന്നു. അഭിനയം കണ്ട് കട്ട് പറയാന്‍പോലും മറന്നുപോയി. സീന്‍ കണ്ട ക്യാമറാമാന്റേയും കണ്ണ് നിറഞ്ഞു. ഷൂട്ട് കഴിഞ്ഞപ്പോള്‍ ക്യാമറമാന്‍ എസ് കുമാര്‍ മുഖം കഴുകാന്‍ പോയെന്നും അദ്ദേഹം പറയുന്നു.

രാത്രിമുഴുവനിരുന്ന് ഡയലോഗ് പഠിച്ചാണ് ദുല്‍ഖര്‍ സെറ്റില്‍ വരുന്നത്. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ രചന. ചിത്രം ക്രിസ്മസിന് തിയ്യേറ്ററുകളിലെത്തും. ചിത്രത്തില്‍ അനുപമ പരമേശ്വരനും ഐശ്വര്യാ രാജേഷുമാണ് നായികമാര്‍.മനോരമാ വാരാന്തപ്പതിപ്പിലാണ് സത്യന്‍ അന്തിക്കാട് ദുല്‍ഖറിന്റെ പ്രകനടത്തെ പ്രശംസിച്ചിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ ദുല്‍ഖറിന്റെ ആരാധകര്‍ കാത്തിരിക്കുന്നത്.