ന്യൂഡല്‍ഹി: ഐ.ഐ.ടി ബാബ എന്നറിയപ്പെടുന്ന അഭയ് സിങ്ങിനെ കഞ്ചാവുമായി പൊലീസ് പിടികൂടി. മഹാ കുംഭമേളക്കിടെ ശ്രദ്ധേയനായ ഇയാളെ കഞ്ചാവ് കൈവശം വച്ചതിന് ജയ്പൂര്‍ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍, പിടികൂടിയത് കഞ്ചാവല്ലെന്നും പ്രസാദമാണെന്നും ജാമ്യത്തിലിറങ്ങിയ ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
സംഘര്‍ഷം സൃഷ്ടിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് റിദ്ദി സിദ്ധി മേഖലയിലെ ഹോട്ടലില്‍ താമസിക്കുകയായിരുന്ന ഐ.ഐ.ടി ബാബയെ പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളില്‍ നിന്ന് ചെറിയ അളവില്‍ കഞ്ചാവ് കണ്ടെടുത്തെങ്കിലും അളവ് കുറവായതിനാല്‍ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
താന്‍ അഘോരി ബാബയാണ്, ആചാരപ്രകാരം കഞ്ചാവ് കഴിക്കുന്നതാണെന്നും പൊലീസ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു. ‘ഞാന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയ പൊലീസ് എന്നെ കസ്റ്റഡിയിലെടുത്തു. ബഹളം ഉണ്ടാക്കുകയാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അവര്‍ വന്നത്. കുംഭമേളയിലെ മിക്കവാറും എല്ലാ ബാബമാരും പ്രസാദമായി കഞ്ചാവ് കഴിക്കുന്നുണ്ട്. അവരെയെല്ലാം അറസ്റ്റ് ചെയ്യുമോ?’ -അദ്ദേഹം ചോദിച്ചു.
ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)യില്‍നിന്ന് ബിരുദം നേടിയ അഭയ് സിങ് മഹാ കുംഭ മേളക്കിടെയാണ് ഐ.ഐ.ടി ബാബ എന്ന പേരില്‍ പ്രശസ്തനായത്. സത്യാന്വേഷണമാണ് തന്നെ ആത്മീയതയിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.