X

ദുരന്തഭൂമിയായി സുലവേസി; മരണം 844

 

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസിയില്‍ ഭൂകമ്പത്തിലും സുനാമിയിലും തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ ജീവനോടെ അവശേഷിക്കുന്നവരെ രക്ഷപ്പെടുത്താന്‍ ഊര്‍ജിത ശ്രമം തുടരുന്നു. ദുരന്തം സംഭവിച്ച് നാല് ദിവസം പിന്നിട്ടപ്പോഴും ചില വിദൂര ദിക്കുകളിലെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക്് ഇനിയും സാധിച്ചിട്ടില്ല. സമയം അതിക്രമിച്ചുകൊണ്ടിരിക്കെ രാവും പകലുമില്ലാതെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തകര്‍ന്ന കെട്ടിടങ്ങളില്‍ കുടുങ്ങിയവരുടെ അടുത്തെത്താന്‍ ഹെവി എക്യുപ്‌മെന്റുകളുടെ കുറവ് രക്ഷാപ്രവര്‍ത്തകരെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്.
ദുരന്തത്തില്‍ 844 പേര്‍ മരിച്ചതായി ഇന്തോനേഷ്യന്‍ ഭരണകൂടം സ്ഥിരീകരിച്ചു. മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്‌കരിക്കാന്‍ നടപടി ആരംഭിച്ചു. സുനാമി ഏറ്റവും കൂടുതല്‍ നാശം വിതച്ച പാലു നഗരത്തില്‍ നൂറു മീറ്റര്‍ നീളത്തില്‍ കൂട്ടക്കുഴിമാടം ഒരുക്കുന്നുണ്ട്. പല കെട്ടിടങ്ങളില്‍നിന്നും രക്ഷക്കായി ഇപ്പോഴും നിലവിളി കേള്‍ക്കാമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ദുരന്തത്തില്‍ തകര്‍ന്ന കൂടുതല്‍ പ്രദേശങ്ങളില്‍ തെരച്ചില്‍ പൂര്‍ത്തിയാകുന്നതോടെ മരണനിരക്ക് കൂടിയേക്കും. ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ പ്രസിഡന്റ് ജോകോ വിഡോഡൊ അന്താരാഷ്ട്രസഹായം തേടി. പാലു നഗരം സുനാമിയില്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനം എവിടെനിന്ന് തുടങ്ങണമെന്ന് അറിയാതെ സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തിലാണ്.
പാലുവിലെ ഒരു ഹോട്ടലില്‍ മാത്രം അറുപതോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. 80 മുറികളുള്ള ഹോട്ടലില്‍നിന്ന് രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ ജീവനോടെ അവശേഷിക്കുന്നുണ്ടാകുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. സുനാമിയെത്തുടര്‍ന്ന് സുലവേസിയില്‍ ഭക്ഷ്യ, ഇന്ധന ക്ഷമം രൂക്ഷമായിട്ടുണ്ട്്. പലയിടത്തും കടകള്‍ കൊള്ളയടിക്കപ്പെട്ടു. ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ ആളുകള്‍ കൊണ്ടുപോകുമ്പോള്‍ ഇടപെടാന്‍ പോലും സാധിക്കാതെ പൊലീസ് കണ്ടുനില്‍ക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. പാലുവിലെ പ്രധാന വിമാനത്താവളവും റോഡുകളും തകര്‍ന്നിട്ടുണ്ട്. വിമാനത്തില്‍ അവശ്യവസ്തുക്കള്‍ എത്തിച്ചുകൊടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എല്ലാവരിലും എത്തുന്നില്ല. ഓസ്‌ട്രേലിയ, തായ്‌ലാന്‍ഡ്, ചൈന തുടങ്ങിയ രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ 15 ലക്ഷം യൂറോ അടിയന്തര സഹായം അനുവദിച്ചു. ഭൂകമ്പ, സുനാമി സാധ്യത ഏറ്റവും കൂടുതല്‍ മേഖലയിലാണ് ഇന്തോനേഷ്യ. 2004ല്‍ ലോകവ്യാപകമായി രണ്ടര ലക്ഷം പേര്‍ മരിച്ച വന്‍ സുനാമിയില്‍ ഇന്തോനേഷ്യയില്‍ മാത്രം 1.68 ലക്ഷംപേര്‍ക്ക് ജീവഹാനി സംഭവിച്ചിരുന്നു.

chandrika: