X

സൈനിക പരേഡ് ആക്രമണത്തിന് ഇറാന്‍ പകരംവീട്ടി

 

തെഹ്‌റാന്‍: കുട്ടികളും സ്ത്രീകളുമടക്കം 29 പേര്‍ കൊല്ലപ്പെട്ട സൈനിക പരേഡ് ആക്രമണത്തിന് ഇറാന്‍ മിസൈലാക്രമണത്തിലൂടെ പകരംവീട്ടി. സിറിയയിലെ വിമത കേന്ദ്രങ്ങളെ ലക്ഷ്യംവെച്ചാണ് മിസൈലാക്രമണം നടത്തിയതെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.
കിഴക്കന്‍ സിറിയയില്‍ അമേരിക്കയുടെയും മേഖലയിലെ മറ്റു ശക്തികളുടെയും പിന്തുണയുള്ള ഭീകരരുടെ താവളങ്ങളിലായിരുന്നു ആക്രമണം. ശത്രുക്കളുടെ കുടിലതക്കും ശല്യത്തിനും ശക്തമായ തിരിച്ചടി നല്‍കാന്‍ ഇറാന്റെ ഉരുക്കുമുഷ്ടിക്ക് കരുത്തുണ്ടെന്ന് ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) താവളങ്ങളിലാണ് മിസൈലുകള്‍ പതിച്ചതെന്ന് സംശയിക്കുന്നു. സിറിയയിലേക്ക് ആറ് മിസൈലുകള്‍ വിക്ഷേപിച്ചതായി സൈന്യം അറിയിച്ചു. ഏഴ് ഡ്രോണുകള്‍ ഉപയോഗിച്ചും വിമത കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇറാന്‍ സേന അവകാശപ്പെട്ടു. ആക്രമണത്തില്‍ നിരവധി വിമതപോരാളികള്‍ കൊല്ലപ്പെടുകയും തീവ്രവാദികള്‍ ഉപയോഗിച്ചിരുന്ന വിതരണ ശൃംഖലകളും അടിസ്ഥാന സൗകര്യങ്ങളും തകരുകയും ചെയ്തു. മിസൈല്‍ വിക്ഷേപിക്കുന്ന വീഡിയോ ദൃശ്യം ഇറാന്‍ സ്‌റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ടു. ഇറാഖിലെ തിക്രിതിന് മുകളിലൂടെയാണ് മിസൈലുകള്‍ കടന്നുപോയത്. അഹ്‌വസ് നഗരത്തില്‍ സൈനിക പരേഡിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അമേരിക്കക്കും ഗള്‍ഫ് മേഖലയിലെ ചില രാജ്യങ്ങള്‍ക്കും പങ്കുണ്ടെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഇ ആരോപിച്ചിരുന്നു. ആക്രമണത്തില്‍ പങ്കില്ലെന്ന് സഊദി അറേബ്യയും യു.എ.ഇയും വ്യക്തമാക്കിയിട്ടുണ്ട്. സെപ്തംബര്‍ 22നുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം അഹ്‌വസ് നാഷണല്‍ റെസിസ്റ്റന്‍സ് എന്ന അറബ് വിഘടനവാദ സംഘടനയും ഐ.എസും ഏറ്റെടുത്തിട്ടുണ്ട്്.

chandrika: