മലപ്പുറം: എടപ്പാളില്‍ പത്തുവയസുകാരിയായ നാടോടി ബാലികക്ക് ക്രൂരമര്‍ദനം. വട്ടംകുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ പി.രാഘവനാണ് പെണ്‍കുട്ടിയെ മര്‍ദിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ് ചോരയൊലിക്കുന്ന ബാലികയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നതിനിടെ കല്ലു പോലെയുള്ള വസ്തു ഉപയോഗിച്ച് തലക്കടിച്ചു എന്നാണ് കുട്ടി പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

രാവിലെ പത്തുമണിയോടെയാണ് സംഭവം. ആക്രി സാധനങ്ങള്‍ പൊറുക്കുന്നതിനിടെ രാഘവന്‍ പെണ്‍കുട്ടിയെ തടയുകയും തുടര്‍ന്ന് തലയ്ക്ക് അടിക്കുകയുമായിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുമെന്ന് ചെയര്‍മാന്‍ പി.സുരേഷ് പറഞ്ഞു. പ്രതിക്കെതിരെ ശക്തമായ നടപടികള്‍ കൈകൊള്ളുമെന്നും പറഞ്ഞ അദ്ദേഹം അതിക്രമത്തെ അങ്ങേയറ്റം അപലപിച്ചു.