വീണുകിട്ടുന്ന ഭരണാധികാരത്തെയും ജനങ്ങളുടെ പണത്തെയും കുടുംബക്കാര്‍ക്കും സ്വന്തക്കാര്‍ക്കും അടിമുടി വീതംവെച്ചും കക്ഷിവല്‍കരിച്ചും നടത്തുന്ന രീതി ഈ ഡിജിറ്റല്‍ വിവരസാങ്കേതിക യുഗത്തിലും കമ്യൂണിസ്റ്റുകാര്‍ അഭംഗുരം തുടരുന്നുവെന്നതിന ്‌തെളിവാണ് പിണറായി സര്‍ക്കാര്‍ അതിന്റെ അവസാന നാളുകളില്‍ ചെയ്തുകൂട്ടിക്കൊണ്ടിരിക്കുന്ന അനധികൃത നിയമനമാമാങ്കങ്ങള്‍. സംസ്ഥാനത്തെ വിവിധ വകുപ്പുകളിലും പൊതുമേഖലാസ്ഥാപനങ്ങളിലുമായി അടുത്തകാലത്തായി കൂട്ട നിയമനങ്ങളാണ് സര്‍ക്കാരും സര്‍ക്കാരുമായി ബന്ധപ്പെട്ട പാര്‍ട്ടിക്കാരും തകൃതിയായി നടത്തിക്കൊണ്ടിരിക്കുന്നത്. പി.എസ്.സി സംവിധാനത്തെ നോക്കുകുത്തിയാക്കിയും അതിന്റെ വിശ്വാസ്യതതകര്‍ത്തും റാങ്ക്ദാനം നടത്തിയും കേരളത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യായം തീര്‍ത്ത സര്‍ക്കാര്‍ പോകുന്നപോക്കിന് തങ്ങള്‍ക്ക് വേണ്ടപ്പെട്ടവരെ ഏതുവിധേനയായാലും സര്‍ക്കാര്‍ ശമ്പളം പറ്റുന്ന തസ്തികകളില്‍ തിരുകിക്കയറ്റാനാണ് കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.
പി.എസ്.സി വഴി മാത്രമേ സര്‍ക്കാരിന്റെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും തസ്തികകളിലേക്ക് നിയമനം നടത്താവൂ എന്നിരിക്കെയാണ് കാലാവധിതീരാന്‍ വെറും ആറുമാസം മാത്രമുള്ള ഇടതുസര്‍ക്കാര്‍ പാര്‍ട്ടിക്കാര്‍ക്കുവേണ്ടി തസ്തികകളും ഖജനാവും തുറന്നിട്ടുകൊടുത്തിരിക്കുന്നത്. പിന്‍വാതില്‍നിയമനം വഴി ഇതിനകം സംസ്ഥാന സര്‍ക്കാരിന്റെ ശമ്പളം പറ്റുന്നവരായി ഈ സര്‍ക്കാര്‍ നിയമിച്ചത് നൂറുകണക്കിന് പേരെയാണ്. പൊതുമേഖലാസ്ഥാപനങ്ങളിലാണ് ഇതില്‍ കൂടുതലെങ്കിലും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെയും സ്ഥിതി വ്യതിരിക്തമല്ല. താല്‍കാലിക നിയമനമെന്നപേരില്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റിയശേഷം അധികം കഴിയുംമുമ്പെ ഇവര്‍ക്ക് സ്ഥിരനിയമനം നല്‍കുകയാണ് സി.പി.എമ്മിന്റെയും ഇതര ഘടകക്ഷിക്കാരുടെയും രീതി. സ്വന്തം വകുപ്പുകളില്‍ അതത് പാര്‍ട്ടിക്കാര്‍ക്ക് തോന്നിയപോലെ നിയമനം നടത്താമെന്നാണ് അവസ്ഥയെങ്കിലും കടുംവെട്ട് നടക്കുന്നത് ഭൂരിഭാഗവും സി.പി.എം ഭരിക്കുന്ന വകുപ്പുകളിലാണ്. വ്യവസായ വകുപ്പിന് കീഴിലുള്ള 44 പൊതുമേഖലാസ്ഥാപനങ്ങളില്‍ ഇതിനകം വന്‍തോതില്‍ നിയമനംനടത്താന്‍ പദ്ധതിയിട്ടതായാണ് വിവരം. ഇതിനായി അതത് എം.ഡിമാര്‍ക്ക് വ്യവസായവകുപ്പ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ടൂറിസം വകുപ്പില്‍ ഇതിനകം 94പേരെ അനധികൃതമായി നിയമിച്ചതായി വിവരാവകാശ നിയപ്രകാരം മറുപടി ലഭിച്ചിരിക്കുന്നത്. മന്ത്രിമാരുടെ ബംഗ്ലാവുകളിലും അതിഥി മന്ദിരങ്ങളിലുമായാണ് ഈ നിയമനങ്ങള്‍. ആരോഗ്യവകുപ്പിലും ഭരണപരിഷ്‌കാര കമ്മീഷനിലും ചീഫ്‌സെക്രട്ടറിയുടെ ഓഫീസിലുമൊക്കെ അനധികൃത നിയമനം തകൃതിയാണ്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ചെറുകിട വ്യവസായ വികസന കോര്‍പറേഷനില്‍ (സിഡ്‌കോ) മാത്രം 54 പേരുടെ നിയമനം ഏതാണ്ട് അവസാനഘട്ടത്തിലാണ്. മലബാര്‍ സിമന്റ്്‌സ്, മിനറല്‍സ് ആന്റ് മെറ്റല്‍സ്, ടെക്‌സ്റ്റൈല്‍സ് കോര്‍പറേഷനുകീഴിലെ സ്പിന്നിങ് മില്ലുകള്‍ തുടങ്ങിയവയിലേക്കും നിയമനനീക്കം അതിന്റെ പരിണിതിഘട്ടത്തിലാണെന്നാണ് വിവരം.

മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണവകുപ്പിലും വിദ്യാഭ്യാസ വകുപ്പിലെ സ്‌കോള്‍ കേരളയിലും വന്‍തോതില്‍ അനധികൃത നിയമനം നടക്കുകയാണിപ്പോള്‍. സംസ്ഥാന സാക്ഷരതാമിഷനുകീഴിലും വന്‍തോതില്‍ പിന്‍വാതില്‍ നിയമനത്തിന് നീക്കം നടക്കുന്നതായാണ് വിവരം. കേരള ബാങ്ക് എന്നുപേരുമാറ്റിയ ജില്ലാസഹകരണ ബാങ്കുകളിലും സ്വന്തക്കാരെയും പാര്‍ട്ടിക്കാരെയും തിരുകിക്കയറ്റുന്നതായി വ്യാപകമായ പരാതിയുയര്‍ന്നിട്ട് മാസങ്ങളായി. തിരഞ്ഞെടുക്കപ്പെട്ട സമിതികളില്ലാതായതോടെ സര്‍ക്കാരിലെ ആളുകളുടെ ഇംഗിതത്തിനൊത്ത് നിയമനങ്ങള്‍ നടത്താനാണ് രഹസ്യനീക്കം നടക്കുന്നത്. കേരഫെഡിലും താല്‍കാലികക്കാരെന്ന നിലയില്‍ ഉന്നത തസ്തികകളിലേക്ക് നിയമനം നടത്താനിരുന്നത് മാധ്യമ പ്രവര്‍ത്തകരുടെ ജാഗ്രത കൊണ്ടാണ് സര്‍ക്കാരിന് വിലക്കേണ്ടിവന്നത്. തൊഴില്‍ വകുപ്പില്‍ ഫിഷറീസ് വകുപ്പുമന്ത്രി മേഴ്‌സിക്കുട്ടിയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ എല്‍.ഡി ക്ലര്‍ക്കായി സ്ഥിരപ്പെടുത്തിയത് കഴിഞ്ഞ മാസമാണ്. ഐ.ടി വകുപ്പിന് കീഴിലെ സിഡിറ്റിലും കിലയിലും നൂറോളംനിയമനങ്ങള്‍ക്ക് പച്ചക്കൊടി കിട്ടിയതായാണ് അറിവ്.

സംസ്ഥാനത്തെ സി.പി.എമ്മിന്റെ നേതാക്കളുടെയും പോഷക സംഘടനാനേതാക്കളുടെയും അടുത്ത ബന്ധുക്കളാണ് ഈ തസ്തികകളിലെല്ലാം കയറിപ്പറ്റുന്നതെന്ന് പാര്‍ട്ടിക്കാര്‍തന്നെ ചൂണ്ടിക്കാട്ടുന്നു. കരാര്‍ നിയമനമെന്ന ഓമനപ്പേരിലാണ് ആദ്യം നിയമിക്കുക. പിന്നീട് മന്ത്രിസഭയുടെ പരിഗണനക്കു വെച്ചുവെന്നുവരുത്തി സ്ഥിരം നിയമനം നല്‍കുകയാണ് രീതി. ഇതിലൂടെ വന്‍ തുകയാണ് സര്‍ക്കാരിന് നഷ്ടമാകുന്നത്. കഴിഞ്ഞദിവസം നൂറുദിന കര്‍മപരിപാടി എന്ന നിലയില്‍ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ മുഖ്യമന്ത്രി നടത്തിയ നിയമനവാഗ്ദാനങ്ങളില്‍ പലതും ഇവ്വിധം അനധികൃത നിയമനത്തിനായാണെന്നാണ് സൂചന. നിലവില്‍തന്നെ ജലസേചന വകുപ്പിന്റെയും മറ്റും വിവിധ പദ്ധതികളിലായി കോടിക്കണക്കിന് രൂപയാണ് ഒരാവശ്യമില്ലാതെയും പുനരാലോചനയില്ലാതെയും സംസ്ഥാനത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. പ്രളയവും കോവിഡും ജി.എസ്.ടിയുടെ കേന്ദ്ര കുടിശികയും കാരണം സര്‍ക്കാര്‍ ചെലവുകള്‍ ഗണ്യമായതോതില്‍ കുറക്കുമെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും പറഞ്ഞ സര്‍ക്കാരും മുഖ്യമന്ത്രിയും തന്നെയാണ് ഇനിയൊരും ഭരണം പ്രതീക്ഷിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ കൂട്ടനിയമനങ്ങള്‍ക്ക് ഓകെ പറഞ്ഞിരിക്കുന്നത്. പത്തുവര്‍ഷം താല്‍കാലികക്കാരായി ജോലി ചെയ്തവരെ സ്ഥിരപ്പെടുത്താമെന്ന സുപ്രീംകോടതി ഉത്തരവിന്റെ ചുവടുപിടിച്ചാണ് ഈ നിയമനങ്ങളൊക്കെയെങ്കിലും അത്രയൊന്നും കാലാവധി പൂര്‍ത്തിയാക്കാത്ത പാര്‍ട്ടിക്കാരുടെ കാര്യത്തിലാണ് പിണറായി സര്‍ക്കാര്‍ ഈ നിയമന മേളകളെല്ലാം നടത്തിക്കൊണ്ടിരിക്കുന്നത്. ഒഴിവുവരുന്ന തസ്തികകള്‍ ചട്ടപ്രകാരം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് വിടണമെന്നിരിക്കിലും അതൊന്നും പാലിക്കുന്നതിന് സര്‍ക്കാരിന ്താല്‍പര്യമില്ല. സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് പി.എസ്.സി നടത്തിയ പരീക്ഷയില്‍ ചോദ്യംചോര്‍ത്തിനല്‍കി ഒന്നുമുതല്‍ നാലുവരെ റാങ്കുകള്‍ കരസ്ഥമാക്കിയത് സി.പി.എമ്മിന്റെ ആളുകളായിരുന്നുവെന്ന് തെളിഞ്ഞിട്ടും റാങ്ക് പട്ടിക അവസാനിക്കുകയും ഉന്നത റാങ്കുകാര്‍ക്കുവരെ തൊഴില്‍ നിഷേധിക്കപ്പെടുകയും ചെയ്തതും യുവാക്കള്‍ ആത്മഹത്യചെയ്യാനിടയായതും ജനം മറക്കുംമുമ്പാണ് ഈ നിയമന മാമാങ്കങ്ങള്‍. വ്യവസായ വകുപ്പിലും ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനിലും മന്ത്രിമാര്‍ നടത്തിയ ബന്ധുനിയമനങ്ങള്‍ കാരണം ഒരുമന്ത്രിക്ക് രാജിവെച്ചൊഴിയേണ്ടിവന്നിട്ടും മന്ത്രി രായ്ക്കുരാമാനം തിരിച്ചെത്തിയതാണ് സി.പി.എംലൈന്‍. ജീവിതത്തിന്റെ നല്ലൊരു പങ്ക് പഠനത്തിനും മല്‍സരപരീക്ഷകള്‍ക്കുമായി കഠിനാധ്വാനം ചെയ്ത് ഭാവിയെ പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന യുവാക്കളോട് ചെയ്യുന്ന കൊടിയ പാതകവും പൊതുജനങ്ങളോട് ചെയ്യുന്ന ക്രൂരതയുമാണിത്.