കള്ളപ്പണ വേട്ടക്കെന്ന പേരില്‍ പ്രഖ്യാപിച്ച നോട്ട് നിരോധനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ തകിടം മറിക്കുമെന്ന വിലയിരുത്തലുകള്‍ കൂടുതല്‍ ശക്തിപ്പെട്ടു വരികയാണ്. ബാങ്കിങ് മേഖലയിലുണ്ടായ അനിശ്ചിതാവസ്ഥ, വിപണിയിലെ മാന്ദ്യം, കാര്‍ഷിക, ഉല്‍പാദന മേഖലിയലുണ്ടായ തളര്‍ച്ച, അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ ഉള്‍പ്പെടെയുണ്ടായ നിശ്ചലാവസ്ഥ എന്നിവയെല്ലാം ഇതിനെ പ്രകടമായിത്തന്നെ ശരിവെക്കുന്നതാണ്.

 

മോദി സര്‍ക്കാറിന്റെ നടപടിയെ വിമര്‍ശിച്ച് രാജ്യാന്തര സാമ്പത്തിക പ്രസിദ്ധീകരണമായ ദി എക്കണോമിസ്റ്റ് വാരിക മുന്നോട്ടുവച്ച വീക്ഷണങ്ങള്‍ രാജ്യം അഭിമുഖീകരിക്കാനിരിക്കുന്ന പ്രതിസന്ധിയുടെ ആഴം കൂടുതല്‍ വെളിപ്പെടുത്തുന്നുണ്ട്. നോട്ടു നിരോധനം ബൂമറാങ് ആവുമെന്ന് ഉറപ്പായതോടെ കറന്‍സി രഹിത ഇന്ത്യ എന്ന അഭ്യാസക്കസര്‍ത്തുമായി ജാള്യത മറക്കാനുള്ള തത്രപ്പാടിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

 

മുന്നറിയിപ്പില്ലാതെ നടത്തിയ കറന്‍സി അസാധുവാക്കല്‍ പ്രഖ്യാപനം വഴി 10 ശതമാനം കള്ളപ്പണം സമ്പദ് വ്യവസ്ഥയില്‍നിന്ന് നീക്കം ചെയ്യപ്പെടും എന്നതായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ അവകാശവാദം. എന്നാല്‍ സാധാരണക്കാരന് സമ്മാനിച്ച ദുരിതവും സമ്പദ് വ്യവസ്ഥക്കുണ്ടായ തകര്‍ച്ചയും മാത്രമായിരിക്കും നോട്ട് പിന്‍വലിക്കലിന്റെ ബാക്കിപത്രം എന്നാണ് ഒടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. നോട്ടു നിരോധനം പ്രഖ്യാപിക്കുന്ന സമയത്ത് 14.6 ലക്ഷം കോടി രൂപയുടെ 1000, 500 രൂപ കറന്‍സികള്‍ വിപണിയില്‍ ഉണ്ടെന്നായിരുന്നു കണക്ക്.

 

ഡിസംബര്‍ മൂന്നിന് രാത്രി വരെയുള്ള കണക്കുകള്‍ പ്രകാരം ഇതില്‍ 9.85 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കുകളിലൂടെയും മറ്റു വഴികളിലൂടെയും റിസര്‍വ് ബാങ്കിലേക്ക് തിരികെയെത്തിക്കഴിഞ്ഞു. നോട്ടുകള്‍ പിന്‍വലിക്കാനുള്ള സമയപരിധി തീരാന്‍ ഇനിയും നാല് ആഴ്ചയോളം ഉണ്ടെന്നിരിക്കെ, ശേഷിക്കുന്ന നാലു ലക്ഷം കോടി രൂപയുടെ കറന്‍സികള്‍ കൂടി തിരിച്ചെത്തുമെന്നാണ് നിഗമനം. അങ്ങനെയങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രത്യക്ഷത്തില്‍തന്നെ വലിയ പരാജയമായി മാറും. ഇക്കാര്യം കേന്ദ്ര സര്‍ക്കാറും മുന്‍കൂട്ടി കാണുന്നുണ്ട്. അതുകൊണ്ടാണ് ക്യാഷ്‌ലെസ് ഇന്ത്യ എന്ന പുതിയ അഭ്യാസവുമായി രംഗത്തെത്തുന്നത്.

 
വികസിത രാജ്യങ്ങള്‍ ഒരു പരിധിവരെ കറന്‍സി രഹിത സാമ്പത്തിക ഇടപാടുകള്‍ വിജയകരമായി നടപ്പാക്കുന്നുണ്ട്. ആ രാജ്യങ്ങളിലെ ജനസംഖ്യ, ബാങ്കിങ് സാക്ഷരത, ബാങ്കിങ് മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍, ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ ലഭ്യത തുടങ്ങിയവയെല്ലാം അതിന് പര്യാപ്തമായ നിലയിലുള്ളതാണ്. അത്തരം രാഷ്ട്രങ്ങളെ മുന്നില്‍ കണ്ട് ഇന്ത്യ പോലുള്ള രാജ്യത്ത് കറന്‍സി രഹിത വിപണി നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നത് നോട്ടു നിരോധനം പോലെ മറ്റൊരു വിഡ്ഢിത്തമായി മാറും. ക്യാഷ് ലെസ് വിപണി ഒരുക്കുന്നതിന് മുമ്പ് മോദി ആദ്യംചെയ്യേണ്ടത് അതിന് അനുയോജ്യമായ തലത്തിലുള്ള പശ്ചാത്തലം ഒരുക്കുക എന്നതാണ്.

 

130 കോടിയിലധികം ജനങ്ങളുണ്ട് ഇന്ത്യയില്‍. ഇതില്‍ 35 ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍. 33 കോടിയോളം ജനങ്ങള്‍ ദാരിദ്ര്യരേഖക്കു താഴെ കഴിയുന്നവരാണ്. ബാങ്കിങ്, എ.ടി.എം, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ആയിരക്കണക്കിന് ഗ്രാമങ്ങളും ഒറ്റപ്പെട്ട പ്രദേശങ്ങളും രാജ്യത്തുണ്ട്. അതുകൊണ്ടുതന്നെ കറന്‍സി രഹിത വിപണി എന്നത് നിലവിലെ സാഹചര്യത്തില്‍ അപ്രായോഗികമായ സങ്കല്‍പം മാത്രമാണിയിരിക്കുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. നോട്ടു പിന്‍വലിക്കലിനെതുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത ഗുരുതരമായ കറന്‍സി പ്രതിസന്ധി മറികടക്കാന്‍ പ്രായോഗിക പരിഹാര മാര്‍ഗങ്ങള്‍ തേടുന്നതിനു പകരം വാക്പയറ്റുകൊണ്ട് ഓട്ടയടക്കാനാണ് മോദി ശ്രമിക്കുന്നത്.

 

കറന്‍സി രഹിത ഇന്ത്യയുടെ വിജയമോ കള്ളപ്പണവേട്ടയോ അല്ല, കോര്‍പ്പറേറ്റ് താല്‍പര്യ സംരക്ഷണം മാത്രമാണ് കേന്ദ്ര സര്‍ക്കാറിന്റെയും പ്രധാനമന്ത്രിയുടേയും ലക്ഷ്യമെന്നാണ് ഇത്തരം നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ച് രണ്ടാഴ്ചയിലധികം പിന്നിട്ടിട്ടും പ്രതിസന്ധിക്ക് അയവു വരുന്നില്ലെന്ന് വ്യക്തമായതോടെയാണ് കറന്‍സി രഹിത ഇന്ത്യയെക്കുറിച്ച് മോദി പോലും സംസാരിക്കാന്‍ തുടങ്ങിയത്.

 

എന്നാല്‍ നോട്ടു നിരോധനം പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം പ്രധാനമന്ത്രിയുടെ തീരുമാനത്തെ പുകഴ്ത്തി പേടിഎമ്മിന്റെ പരസ്യം പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതും നരേന്ദ്രമോദിയുടെ ചിത്ര സഹിതം. നവംബര്‍ എട്ടിനാണ് നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. നവംബര്‍ 10നാണ് റിലയന്‍സ് ജിയോ പെയ്‌മെന്റ് ബാങ്ക്, ജിയോ മണി തുടങ്ങിയ സേവനങ്ങള്‍ തുടങ്ങിയത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയുമായി സഹകരിച്ചുകൊണ്ടുള്ള റിലയന്‍സിന്റെ ജിയോ ക്യാഷ്‌ലെസ് സേവനങ്ങളാണ് ജിയോ പെയ്‌മെന്റ് ബാങ്കും ജിയോ മണിയും.

 

കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കൊത്താണ് കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ ആവിഷ്‌കരിക്കുന്നതെന്ന വിമര്‍ശനങ്ങളെ ഇത് കൂടുതല്‍ ബലപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇതിന്റെയെല്ലാം ദുരിതങ്ങള്‍ പേറേണ്ടി വരുന്നത് രാജ്യത്തെ സാധാരണക്കാരാണ്. കേന്ദ്ര തീരുമാനം വഴി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ രണ്ടു ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയത്. ദി എക്കണോമിസ്റ്റ് വാരികയും ഇതേ നിരീക്ഷണം ആവര്‍ത്തിക്കുന്നു.

 

പണക്കാരനാകാന്‍ ആരും നോട്ടുകള്‍ സംഭരിച്ചു വെക്കാറില്ലെന്നും നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം വിഡ്ഢിത്തമാണെന്നുമാണ് വാരിക വിലയിരുത്തുന്നത്. രാജ്യത്തെ അസംഘടിത മേഖലയില്‍ അഞ്ചില്‍ നാല് തൊഴിലാളികളും ശമ്പളം/കൂലി പണമായിതന്നെ കൈപറ്റുന്നവരാണെന്നാണ് കണക്ക്. അവരെയാണ് തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെതുടര്‍ന്ന് ഉണ്ടായ തൊഴില്‍ നഷ്ടം, വരുമാന നഷ്ടം എന്നിവയുടെ യഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമല്ല.

 

അവ ഗണിച്ചെടുക്കലും എളുപ്പമാകില്ല. ട്രഷറിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക് ഇന്നലെ വ്യക്തമാക്കിയത്. അസാധുവാക്കിയതിന് തുല്യമായ കറന്‍സികള്‍ അച്ചടിച്ച് വിപണിയില്‍ എത്തിക്കണമെങ്കില്‍ ഏഴു മാസമെങ്കിലും വേണ്ടി വരുമെന്നാണ് കണക്ക്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വയം സൃഷ്ടിച്ച ഈ മാന്ദ്യം അത്ര പെട്ടെന്ന് മറികടക്കാന്‍ കഴിയുന്നതല്ല എന്നതാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.

 

നിത്യവൃത്തിക്ക് കൂലിത്തൊഴിലിനെ ആശ്രയിക്കുകയും കൃഷി ഉള്‍പ്പെടെയുള്ള ഉല്‍പാദന മേഖലയില്‍നിന്ന് ജീവിതോപാധി കണ്ടെത്തുകയും ചെയ്യുന്ന കോടിക്കണക്കിന് ജനങ്ങളുടെ കുടുംബ ബജറ്റില്‍പോലും ഇപ്പോഴത്തെ തീരുമാനം ഉണ്ടാക്കുന്ന താളപ്പിഴകള്‍ എന്തെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. അതില്‍നിന്ന് മോചിതമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തണമെങ്കില്‍ കറന്‍സി രഹിത വിപണിക്കു വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ വാചകക്കസര്‍ത്തുകള്‍ മതിയാകില്ല.