അമേരിക്കന്‍ മാധ്യമ സ്ഥാപനമായ ‘വാഷിങ്ടണ്‍ പോസ്റ്റി’നുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ രാജ്യാന്തര തലത്തില്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. സഊദി പൗരനായ ഖഷോഗി ഒക്ടോബര്‍ രണ്ടിന് തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ സഊദി ഏംബസിയില്‍ തന്റെ പുനര്‍ വിവാഹ സംബന്ധമായ സാക്ഷ്യപത്രം ലഭിക്കാനായി ചെന്നപ്പോള്‍ കൊല്ലപ്പെട്ടെന്നാണ് ആരോപണം. തുര്‍ക്കിയും അമേരിക്കയും മറ്റും സഊദി ഭരണകൂടമാണ് തിരോധാനത്തിന് പിന്നിലെന്നാണ് ആരോപിക്കുന്നതെങ്കിലും സഊദി ഇത് നിഷേധിക്കുകയാണ്. വിഷയം സഊദിയും തുര്‍ക്കിയും തമ്മില്‍ നേരത്തെതന്നെ നിലനില്‍ക്കുന്ന ബന്ധത്തെ കൂടുതല്‍ വഷളാക്കിയെന്ന് മാത്രമല്ല, സഊദിയുടെ ചിരകാല സുഹൃത്തായി വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കപോലും എതിരായി നില്‍ക്കുന്നുവെന്നത് പലതരത്തിലുള്ള ചോദ്യങ്ങളാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്.
അമ്പത്തൊമ്പതുകാരനായ ജമാല്‍ ഖഷോഗിയുടെ സഊദി വനിതയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയശേഷം തുര്‍ക്കി യുവതിയെ വിവാഹം കഴിക്കാനായാണ് അദ്ദേഹം രേഖകള്‍ക്കായി ഇസ്താംബുള്‍ എംബസി മന്ദിരത്തിലെത്തിയിരുന്നത്. ഉച്ചക്ക് 1.15ന് കയറിപ്പോകുന്ന ദൃശ്യങ്ങള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞെങ്കിലും പുറത്തുവരുന്ന ദൃശ്യമെവിടെ എന്നാണ് തുര്‍ക്കിയുടെ ചോദ്യം. സഊദിയിലെ പുതിയ ഭരണകൂടത്തിനെതിരെ നിലപാടെടുത്തതുമൂലമാണ് ജമാല്‍ ഖഷോഗിയെ രാജഭരണകൂടം കൊലപ്പെടുത്തിയതെന്നാണ് തുര്‍ക്കിയുടെ ആദ്യം മുതലുള്ള ആരോപണം. വിഷയം ലോക ശ്രദ്ധയാകര്‍ഷിച്ചതോടെ കഴിഞ്ഞയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സഊദിക്കെതിരെ രംഗത്തുവന്നു. സഊദി ഖഷോഗിയെ കൊലപ്പെടുത്തിയിരിക്കാന്‍ തന്നെയാണ് സാധ്യതയെന്നായിരുന്നു ട്രംപിന്റെ തുറന്നടിച്ചുള്ള പ്രസ്താവന. ഇത് കാലങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ തുടര്‍ന്നുവരുന്ന ഊഷ്മളമായ ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത്. മേഖലയിലെ നയതന്ത്ര ബന്ധങ്ങളെ പൊളിച്ചെഴുതാനും ഇത് കാരണമായേക്കും. ബ്രിട്ടനും കാനഡയും ഫ്രാന്‍സും സഊദിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളുടെ എതിര്‍പ്പുകൂടിയായതോടെ പ്രശ്‌നം കൈവിട്ടുപോകുമെന്ന അവസ്ഥയിലാണിപ്പോള്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഭരണകൂടം.
അടുത്തയാഴ്ച റിയാദില്‍ നടക്കാനിരിക്കുന്ന രാജ്യാന്തര നിക്ഷേപ സമ്മേളനത്തെ ഖഷോഗി പ്രശ്‌നം പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് പുതിയ വാര്‍ത്തകള്‍. രാജ്യാന്തര മാധ്യമങ്ങളും പാശ്ചാത്യ രാജ്യങ്ങളില്‍ മിക്കവയും പ്രതിനിധികളെ അയക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. വലിയ പ്രതീക്ഷയോടെയാണ് സഊദി സംഗമത്തെ വീക്ഷിക്കുന്നത്. ചരിത്രത്തിലാദ്യമായി ഏഴു ശതമാനത്തിന്റെ ഇടിവാണ് സഊദി ഓഹരി വിപണിയില്‍ സംഭവിച്ചത്. ഇതാകട്ടെ അന്താരാഷ്ട്ര വിപണിയെ ഞെട്ടിക്കുകതന്നെ ചെയ്തു. പതിവുപോലെ അമേരിക്കന്‍ പ്രസിഡന്റ് തന്റെ വിടുവായിത്തരവും ഈയവസരത്തില്‍ പുറത്തുവിട്ടു. അമേരിക്കയും സഊദിയും തമ്മിലുണ്ടാക്കിയിട്ടുള്ള ആയുധവില്‍പന കരാറില്‍നിന്ന് ഖഷോഗി വിഷയംമൂലം പിന്മാറില്ലെന്ന് ട്രംപ് വ്യക്തമാക്കി. നമുക്ക് നേട്ടമുള്ളതാണ് കരാര്‍. നാം തയ്യാറല്ലെങ്കില്‍ റഷ്യയും ചൈനയും സഊദിക്ക് ആയുധം നല്‍കുമെന്ന് ട്രംപ് പറഞ്ഞു. ആരോപണം തെളിഞ്ഞാല്‍ സഊദിക്കെതിരെ നടപടിയെടുക്കുമെന്ന് പറയാനും ട്രംപ് മടിച്ചില്ല. എന്നാല്‍ തങ്ങളുടെ രാജ്യത്തെ ഉപരോധം മൂലമോ രാഷ്ട്രീയമായോ മറ്റോ ശിക്ഷിക്കാന്‍ ശ്രമിച്ചാല്‍ വലിയതോതില്‍ തിരിച്ചടിക്കുമെന്ന് സഊദി ഞായറാഴ്ച വ്യക്തമാക്കുകയുമുണ്ടായി.
അതേസമയം വിഷയത്തെ പക്വതയോടെ കൈകാര്യം ചെയ്യുകയാണ് സല്‍മാന്‍ ഭരണകൂടം. തുര്‍ക്കിയിലേക്ക് അന്വേഷണസംഘത്തെ അയക്കാന്‍വരെ സഊദി തയ്യാറായി. എംബസിയില്‍ 15 അംഗ കൊലയാളി സംഘം ഖഷോഗിയെ കൊല ചെയ്തുവെന്ന തുര്‍ക്കിയുടെ ആരോപണത്തിന് അവര്‍ മുന്നോട്ടുവെക്കുന്നത് ഖഷോഗി എംബസിയിലേക്ക് കയറിച്ചെല്ലുന്നതിനുമുമ്പ് അദ്ദേഹത്തില്‍നിന്ന് ലഭിച്ച ദൃശ്യങ്ങളാണ്. എന്നാല്‍ ഇതേക്കുറിച്ച് അന്വേഷിക്കാമെന്ന് സഊദി വ്യക്തമാക്കിയിട്ടുണ്ട്. ഖഷോഗി എംബസിയില്‍നിന്ന് സുരക്ഷിതനായാണ് തിരിച്ചുപോയതെന്ന് സഊദി പറയുന്നു. ഇത്തരമൊരു സ്ഥിതി വിശേഷം സഊദിയും അമേരിക്കയുമായി ബന്ധപ്പെട്ട് ഇതാദ്യമാണ്. ‘വമ്പന്‍എണ്ണശക്തി ലോക സമ്പദ്‌വ്യവസ്ഥയില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്’. സഊദി പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി ഖഷോഗിക്കുള്ള അഭിപ്രായ വ്യത്യാസവും സമാനമായ വാര്‍ത്തകളുമാണ് ഖഷോഗിയെ ഭരണകൂടം കൊലപ്പെടുത്താന്‍ കാരണമെന്നാണ് പാശ്ചാത്യ മാധ്യമ ലോകം ആരോപിക്കുന്നത്. എന്നാല്‍ ഇതിലൂടെ ഉണ്ടായിരിക്കുന്ന രാഷ്ട്രീയപരവും നയതന്ത്രപരവും സാമ്പത്തികവുമായ പ്രകമ്പനങ്ങള്‍ പല ദുസ്സൂചനകളും വിഷയത്തില്‍ ഉയര്‍ത്തിവിടുന്നുണ്ട്. ഖഷോഗിയുടെ തിരോധാനംമൂലം ആര്‍ക്കാണ് ഹ്രസ്വവും ദീര്‍ഘകാലവുമായ നേട്ടം ഉണ്ടാവുക എന്ന ചോദ്യമാണ് പ്രസക്തം. നയതന്ത്ര വൃത്തങ്ങളില്‍ പരക്കെ പ്രയോഗിക്കപ്പെടുന്ന തന്ത്രങ്ങളിലൊന്നാണ് നിഷ്പക്ഷരായ മാധ്യമ പ്രവര്‍ത്തകരെയും സന്നദ്ധപ്രവര്‍ത്തകരെയും തങ്ങളുടെ രാഷ്ട്രീയലാഭത്തിനുവേണ്ടി കൊലപ്പെടുത്തുക എന്നത്. പന്ത്രണ്ടായിരം കോടി രൂപയുടെ ആയുധ ഇടപാടാണ് കഴിഞ്ഞവര്‍ഷം മേയില്‍ ട്രംപ് സഊദിയുമായി ഒപ്പുവെച്ചത്. വര്‍ധിച്ചുവരുന്ന സുരക്ഷാഭീഷണിയാണ് ഹറമുകളുടെ പുണ്യഭൂമിയായ സഊദിയെ ഇത്തരമൊരു പടുകൂറ്റന്‍ കരാറിന് നിര്‍ബന്ധിതമാക്കിയിട്ടുണ്ടാവുക. എന്നാല്‍ കരാര്‍ തകരാന്‍ ആഗ്രഹിക്കുന്നവരുടെ പിന്നിലും അതേ ശക്തികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കരുതാന്‍ പ്രയാസമാണ്.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സഊദി രാജാവുമായി ചര്‍ച്ച നടത്തുമെന്ന ട്രംപിന്റെ പ്രസ്താവം പ്രതീക്ഷകള്‍ക്ക് വക തരുന്നുണ്ട്. ട്രംപിന്റെ മരുമകന്‍ ജാറെദ് കുഷ്‌നറും മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള വ്യക്തിബന്ധം പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഇരു രാജ്യങ്ങളിലെയും ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ നടത്തുന്ന അന്വേഷണം ഫലപ്രാപ്തിയിലെത്തുമ്പോള്‍ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ചൂണ്ടയിട്ടിരിക്കുന്നവര്‍ നിരാശരാകുമെന്ന ്തന്നെ വിശ്വസിക്കാം. അടുത്തിടെ വീണ്ടും തുര്‍ക്കിയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട റജബ് തയ്യിബ് ഉര്‍ദുഗാന്‍ കര്‍ക്കശമായ നിലപാടാണ് പ്രശ്‌നത്തില്‍ സ്വീകരിച്ചിരിക്കുന്നത്. അതെന്തുതന്നെയായാലും മുസ്‌ലിംകളുടെ പുണ്യഭൂമിയായ സഊദി അറേബ്യയുടെ സുരക്ഷിതവും അഭിമാനകരവുമായ നിലനില്‍പിന് മുപ്പത്തിമൂന്നുകാരനും താരതമ്യേന സ്വതന്ത്രവാദിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ കരങ്ങള്‍ ശക്തിപ്പെടുത്തുകയാണ് കാലം ലോക സമൂഹത്തോട് ആവശ്യപ്പെടുന്നത്.