Connect with us

Video Stories

ജാതി സംവരണവും എന്‍.എസ്.എസ് നിലപാടും

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

ഇന്ത്യയില്‍ ഭരണഘടനാനുസൃതമായി നിലനില്‍ക്കുന്ന ജാതി സംവരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നല്‍കിയ ഹരജി സുപ്രീംകോടതി പരിഗണിക്കുകപോലും ചെയ്യാതെ തള്ളിയത് ഭരണഘടനയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിച്ച നടപടിയാണ്. സ്വവര്‍ഗരതിയും വിവാഹേതര ബന്ധവും ശബരിമലയുമെല്ലാം മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായപ്പോള്‍ എന്‍.എസ്.എസിന്റെ ഹരജി നിഷ്‌കരുണം തള്ളിയത് മാധ്യമങ്ങളില്‍ വലിയ വര്‍ത്തയായില്ല. സംവരണത്തിന് അര്‍ഹത കണ്ടെത്തേണ്ടത് ജാതിയുടെ അടിസ്ഥാനത്തിലല്ല, സാമ്പത്തികമായ മാനദണ്ഡങ്ങളുടെ അഥവാ വര്‍ഗത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നാണ് എന്‍.എസ്.എസ്സിന്റെ വാദം. കേരളത്തില്‍ അറുപത് വര്‍ഷമായി പിന്തുടരുന്ന ജാതി സംവരണം കേരളത്തിലെ സാമൂഹിക സന്തുലിതാവസ്ഥയെ ക്ഷയിപ്പിച്ചുവെന്നാണ് എന്‍.എസ്.എസ് കണ്ടുപിടിച്ച ന്യായം. അവസരസമത്വം ഉറപ്പാക്കുന്ന ഭരണഘടനയുടെ 16ാം ആര്‍ട്ടിക്കിളിലെ നാലാം അനുച്ഛേദത്തില്‍ അവസരസമത്വം ഭരണഘടന ഉറപ്പാക്കുന്ന സംവരണതത്ത്വങ്ങള്‍ക്ക് എതിരാവരുതെന്ന് വ്യക്തമായി നിര്‍ദ്ദേശിക്കുന്നുണ്ട്. ഈ ആര്‍ട്ടിക്കിളില്‍ അടക്കം ആവശ്യമായ ഭേദഗതി വരുത്തണമെന്ന ആവശ്യമാണ് എന്‍.എസ്.എസ് മുന്നോട്ടുവെക്കുന്നത്. ജാതി ഒരു കാരണവശാലും സംവരണത്തിന് അടിസ്ഥാനമാക്കാന്‍ പറ്റില്ലെന്ന വാദമാണ് സുകുമാരന്‍ നായര്‍ ഉന്നയിക്കുന്നത്.
ജാതി സംവരണം കേരളത്തിലെ സാമൂഹിക സന്തുലിതാവസ്ഥയെ ക്ഷയിപ്പിച്ചുവെന്ന എന്‍. എസ് എസിന്റെ വാദം പൂര്‍ണ്ണമായും തെറ്റാണെന്നു കണക്കുകള്‍ തെളിയിക്കുന്നുണ്ട്. സംവരണാനുകൂല്യം ലഭിക്കുന്ന വിവിധ സമുദായങ്ങളുടെ ജനസംഖ്യയും അവരുടെ സര്‍ക്കാര്‍ സര്‍വീസ് പ്രാതിനിധ്യവും പരിശോധിച്ചാല്‍ ഈ വസ്തുത ബോധ്യപ്പെടും. 2001ലെ നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ സര്‍വീസില്‍ സംവരണ സമുദായങ്ങളുടെ പ്രാതിനിധ്യം വേണ്ടത്ര മെച്ചപ്പെട്ടിട്ടില്ലെന്നും ‘ബാക്ക് ലോഗ്’ നികത്താന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. കേരള ഹൈക്കോടതി മുന്‍ ജഡ്ജി കെ.കെ നരേന്ദ്രന്‍ നേതൃത്വം നല്‍കിയിരുന്ന കമ്മീഷനില്‍ മുന്‍ പി.എസ്.സി ചെയര്‍മാന്‍ ടി.എം സാവാന്‍കുട്ടിയും മുന്‍ ചീഫ് സെക്രട്ടറി കെ.വി രവീന്ദ്രന്‍നായരും അംഗങ്ങളായിരുന്നു. നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഒരു സുപ്രധാന കണ്ടെത്തല്‍ ഇങ്ങനെയാണ്: ‘ഈഴവ സമുദായത്തിലെ മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരം സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ താഴ്ന്ന കാറ്റഗറിയിലെങ്കിലും മത്സരിക്കാന്‍ അവര്‍ക്ക് വളരെ നല്ല പ്രേരണ നല്‍കുകയുണ്ടായി. മുസ്‌ലിം സമൂഹവും അതിന്റെ നേതാക്കളും വിദ്യാഭ്യാസ വിഷയത്തില്‍ കൂടുതല്‍ താല്‍പര്യമെടുക്കുകയും ഒരു ഏകീകൃതമായ ശ്രമം നടത്തുകയും ചെയ്താല്‍ വിദൂര ഭാവിയില്‍ വിദ്യാഭ്യാസ രംഗത്ത് ഈഴവരെ പോലെ സമാനമായ പുരോഗതിയില്‍ എത്താന്‍ സാധിക്കും. പിന്നാക്ക വിഭാഗങ്ങളിലെ മറ്റു സമുദായങ്ങള്‍ക്കും അവരിലെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കിക്കൊണ്ട് പൊതുസേവനമേഖലയില്‍ അവരുടെ സാന്നിധ്യം മെച്ചപ്പെടുത്താന്‍ കഴിയും.’
രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ച് അത് റിപ്പബ്ലിക്കായി സംസ്ഥാനങ്ങള്‍ രൂപീകരിച്ച് വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ പുരോഗതി കൈവരിക്കുന്നതിനായി വ്യവസ്ഥാപിതമായ ശ്രമങ്ങള്‍ പതിറ്റാണ്ടുകള്‍ നടത്തിയിട്ടും വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ പിന്നാക്ക വിഭാഗങ്ങളുടെ സാന്നിധ്യം വേണ്ടത്ര ഉയരുന്നില്ല എന്നും അതിനാവശ്യമായ ശ്രമങ്ങള്‍ അതത് സമുദായങ്ങളില്‍നിന്നും ഉണ്ടാവണമെന്നും ചൂണ്ടിക്കാണിക്കുന്നതോടൊപ്പം സംവരണമുണ്ടായിട്ടും സംവരണ സമുദായങ്ങള്‍ ഉദ്യോഗ തലങ്ങളില്‍ എത്തിപ്പെടാത്തത് പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. എന്‍.എസ്.എസ് പറയുന്ന സാമൂഹിക സന്തുലിതാവസ്ഥയുടെ ക്ഷയം എവിടെയാണ് സംഭവിച്ചതെന്ന് മനസ്സിലാവുന്നില്ല. സംവരണം വഴി പിന്നാക്ക സമുദായങ്ങളിലെ ഉദ്യോഗസ്ഥരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോഴാണല്ലോ പറയപ്പെട്ട അസന്തുലിതാവസ്ഥ സംജാതമാവുന്നത്. 2006ല്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ ഉദ്യോഗത്തിലെ ആനുപാതിക പ്രാതിനിധ്യം വിവരിക്കുന്ന പട്ടികയില്‍ നായര്‍ സമുദായത്തിന്റെ ജനസംഖ്യ 12.5 ശതമാനമാണെങ്കില്‍ അവരുടെ സര്‍ക്കാര്‍ ഉദ്യോഗ അനുപാതം 21 ശതമാനമാണ്. അതേസമയം ഈഴവ സമുദായത്തിന്റെ ജനസംഖ്യയും സര്‍ക്കാര്‍ ഉദ്യോഗ അനുപാതവും ഏകദേശം ഒരു പോലെയാണ്. 22.5 ശതമാനം. മുസ്‌ലിം സമുദായത്തിന്റെ ജനസംഖ്യ 26.9 ശതമാനമാണെങ്കില്‍ ഉദ്യോഗ പ്രാതിനിധ്യം കേവലം 11.4 ശതമാനം മാത്രമാണ്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളുടെ ജനസംഖ്യ പത്ത് ശതമാനത്തോളമാണെങ്കില്‍ അവരുടെ ഉദ്യോഗസ്ഥ പ്രാതിനിധ്യം 8.5 ശതമാനം മാത്രമേ വരൂ. അപ്പോള്‍ എന്‍.എസ്.എസ് പറഞ്ഞുകൊണ്ടിരിക്കുന്ന അസന്തുലിതാവസ്ഥ എവിടെയാണ്?
മുസ്‌ലിംകള്‍, ലത്തീന്‍ കത്തോലിക്കര്‍, നാടാര്‍, ധീവര, വിശ്വകര്‍മ്മ, ക്രിസ്ത്യാനികളായി മതം മാറിയ പട്ടികജാതി വര്‍ഗ വിഭാഗക്കാര്‍ തുടങ്ങിയ സംവരണ വിഭാഗങ്ങള്‍ അവരുടെ ജനസംഖ്യാനുപാതികമായി ഉദ്യോഗങ്ങളില്‍ കയറിപ്പറ്റിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ ‘ബാക്ക് ലോഗ്’ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ അതിനോട് സഹകരിക്കുന്നതിനു പകരം വിമുഖത കാണിക്കുക മാത്രമല്ല സമവായത്തിന് പോലും തയ്യാറാവാതെ കോടതികള്‍ കയറി ഇറങ്ങാനാണ് എന്‍.എസ്.എസ് അന്ന് തയ്യാറായത്. സാമ്പത്തിക സംവരണമെന്ന എന്‍.എസ്.എസിന്റെ ആവശ്യം കാലക്രമേണ ജാതി സംവരണത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പിന്നാക്കവിഭാഗങ്ങള്‍ നിരീക്ഷിക്കുന്നത്.
രാജ്യത്ത് ഇപ്പോഴും നിലനില്‍ക്കുന്ന ഈ അസന്തുലിതാവസ്ഥ ജാതീയമായ വേര്‍തിരിവില്‍ നിന്നുള്ള വിവേചനം കൊണ്ടുണ്ടായിത്തീര്‍ന്നതാണ്. സാമ്പത്തികമായ നിമ്‌നോന്നതികള്‍ ആപേക്ഷികമാണ്. അവയുടെ അടിസ്ഥാനത്തില്‍ സ്ഥിരമായ ഒരു വര്‍ഗം രൂപപ്പെടില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആളുകള്‍ക്ക് സര്‍ക്കാര്‍ പ്രത്യേകം പാക്കേജുകള്‍ പ്രഖ്യാപിച്ച് അവര്‍ക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നതിന് പകരം സംവരണ നയത്തില്‍ വെള്ളം ചേര്‍ക്കുകയല്ല വേണ്ടത്. സാമ്പത്തികമായി കഷ്ടപ്പെടുന്നവര്‍ക്കുള്ള ഒരു കേവല ആനുകൂല്യമായി സംവരണത്തെ അവതരിപ്പിക്കാനാണ് എന്‍.എസ്.എസ് ശ്രമിക്കുന്നത്. അത് ശരിയല്ല. ഭരണഘടനാ ശില്‍പികള്‍ സംവരണത്തിന് നല്‍കിയ വിശദീകരണങ്ങളാണ് ഇക്കാര്യത്തില്‍ അടിസ്ഥാന സൂചകമായി സ്വീകരിക്കേണ്ടത്. സംവരണം നടപ്പാക്കുന്നതിന് ഇക്കാലമത്രയും രാഷ്ട്രം സ്വീകരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളും പ്രായോഗിക സമീപനങ്ങളും അട്ടിമറിക്കപ്പെടാന്‍ അനുവദിച്ചുകൂടാ.
വിദ്യാഭ്യാസപരവും സാമൂഹികവുമായ പിന്നാക്കാവസ്ഥയുടെ അടിസ്ഥാന കാരണം ജാതിവ്യവസ്ഥയായിരുന്നു. ജാതിവ്യവസ്ഥയുടെ ഭാഗമായി സംഭവിച്ച പിന്നാക്കാവസ്ഥയെ മറികടക്കാനും അടിച്ചമര്‍ത്തലുകള്‍ കാരണമായി അന്തസും ആഭിജാത്യവും നഷ്ടപ്പെട്ട സമുദായങ്ങള്‍ക്ക് അവ വീണ്ടെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനുമാണ് സംവരണത്തിലൂടെ രാഷ്ട്രം ലക്ഷ്യമാക്കിയിട്ടുള്ളത്. ജാതി സംവരണത്തിനെതിരെ പടനയിക്കുന്നതിന് പകരം ജാതീയതക്കെതിരെ പൊരുതി ജാതി സമ്പ്രദായത്തെ ഇല്ലായ്മ ചെയ്യാനാണ് ഉത്തരവാദപ്പെട്ട സംഘടന എന്ന നിലക്ക് എന്‍.എസ്.എസ് ചെയ്യേണ്ടത്. പിന്നാക്ക വിഭാഗങ്ങളെ സൃഷ്ടിക്കുകയും അവര്‍ എക്കാലവും നിലനില്‍ക്കണമെന്ന് ശഠിക്കുകയും ചെയ്യുന്നതോടൊപ്പം പിന്നാക്ക ജാതികളെ വിദ്യാഭ്യാസപരമായും സാമൂഹികമായും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഭരണഘടന പ്രഖ്യാപിച്ച സംവരണത്തിനെതിരെ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നത് ന്യായമല്ല.
നായര്‍ സമുദായത്തിന്റെ പേരിലാണ് കേരളത്തില്‍ ആദ്യമായി ജാതി സംവരണത്തിനുവേണ്ടിയുള്ള സമരം നടന്നതെന്ന കാര്യം എന്‍.എസ്.എസ്. മറന്നുപോകരുത്. ബുദ്ധമതത്തെ തകര്‍ത്ത് ബ്രാഹ്മണിസം കേരളത്തിന്റെ സാമൂഹിക മണ്ഡലത്തെ കീഴ്‌പ്പെടുത്തുകയും ഭരണ ഉദ്യോഗസ്ഥ മേഖലകളെ കയ്യടക്കുകയും ചെയ്തപ്പോള്‍ നായര്‍ സമുദായത്തെ ‘ക്ഷത്രിയ’ വിഭാഗമായിപ്പോലും പരിഗണിക്കാന്‍ ബ്രാഹ്മണസമൂഹം തയ്യാറായില്ല. ‘മലയാള ശുദ്രര്‍’ എന്ന ഓമനപ്പേര് നല്‍കി അവരെ ഉദ്യോഗ ഭരണ മണ്ഡലങ്ങളില്‍നിന്നും മാറ്റിനിര്‍ത്തിയ ചരിത്രം മറന്നുപോകരുത്. അങ്ങനെ കേരളത്തിലെ ബ്രാഹ്മണരും തമിഴ് ബ്രാഹ്മണരടക്കമുള്ള കേരളത്തിന് പുറത്തുള്ള സവര്‍ണരും കേരളത്തിലെ ഉേദ്യാഗസ്ഥ മേഖലയെ കുത്തകയാക്കി വെച്ചപ്പോഴായിരുന്നു തിരുവിതാംകൂറില്‍ ഉദ്യോഗസ്ഥ രംഗങ്ങളില്‍ മലയാളികള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്ന ആവശ്യവുമായി 1891ല്‍ മലയാളികള്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവായ ശ്രീമൂലം തിരുനാളിനു മെമ്മോറാണ്ടം നല്‍കിയത്. ‘മലയാളി മെമ്മോറിയല്‍’ എന്ന പേരിലറിയപ്പെടുന്ന ഈ നിവേദനത്തില്‍ ജാതി മത പരിഗണന കൂടാതെ ഉദ്യോഗസ്ഥ രംഗങ്ങളില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലത്തില്‍ നായര്‍ സമുദായത്തിനുള്ള സംവരണമാക്കി അതിനെ പരിമിതപ്പെടുത്തുകയായിരുന്നു. അന്നത്തെ സംവരണാനുകൂല്യത്തില്‍നിന്ന് ഹൈന്ദവ വിഭാഗങ്ങളില്‍ എണ്ണം കൊണ്ട് ഏറ്റവും കൂടുതലുള്ള ഈഴവ സമുദായം അകറ്റിനിര്‍ത്തപ്പെടുകയുണ്ടായി. ബ്രിട്ടനില്‍ പോയി വൈദ്യശാസ്ത്രത്തില്‍ ഉന്നത ബിരുദം നേടിയ ഡോ. പത്മനാഭ പല്പുവിനോട് ഈഴവ സമുദായക്കാരനായതുകൊണ്ടുമാത്രം ‘കുലത്തൊഴില്‍’ ചെയ്താല്‍ മതിയെന്ന് തിരുവിതാംകൂര്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിരുന്നുവെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ. എം.എസ് ജയപ്രകാശ് രേഖപ്പെടുത്തുന്നു. ഇതിനെത്തുടര്‍ന്ന് 1896ല്‍ ഡോ. പല്പുവിന്റെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവിനു ഹര്‍ജി നല്‍കുകയുണ്ടായി. ഇതാണ് ‘ഈഴവ മെമ്മോറിയല്‍’ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈഴവസമുദായത്തിനു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഡോ. പല്പുവാണ് 1903ല്‍ ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘം (എസ്.എന്‍. ഡി. പി) സ്ഥാപിച്ചത്.
മുകളില്‍ വായിച്ച സംവരണത്തിന്റെ ആദ്യകാല ചരിത്രം പഠിക്കുമ്പോള്‍ അന്ന് നായര്‍ സമുദായവും പിന്നീട് ഈഴവ സമുദായവും സംവരണത്തിനായി പോരാടിയത് എന്തിനായിരുന്നുവെന്ന് വ്യക്തമാണ്. അത് സാമ്പത്തിക പിന്നാക്കാവസ്ഥ മറികടക്കാനായിരുന്നില്ല. ജാതീയമായ പിന്തള്ളപ്പെടലുകളെ അതിജയിക്കുന്നതിനുവേണ്ടിയായിരുന്നു. ജാതി സംവരണത്തിനുവേണ്ടി പോരാടിയ നായര്‍ സമുദായത്തിന്റെ പേരില്‍ രൂപംകൊണ്ട എന്‍.എസ്.എസ് ഇപ്പോള്‍ ജാതി സംവരണത്തിനെതിരെ കേസുമായി പോകുന്നത് ചരിത്രപരമായ വങ്കത്തമാണ്.
പിന്നാക്ക സമുദായങ്ങള്‍ക്ക് ഭരണഘടന അനുവദിക്കുന്ന സംവരണത്തില്‍ വെള്ളം ചേര്‍ക്കാനാണ് കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ എക്കാലവും ശ്രമിച്ചിട്ടുള്ളത്. 1957ലെ ഇ.എം.എസ് സര്‍ക്കാര്‍ മുതല്‍ പിണറായി സര്‍ക്കാര്‍ വരെയുള്ള മുഴുവന്‍ ഇടതുപക്ഷ സര്‍ക്കാരുകളും സംവരണത്തില്‍ വെള്ളംചേര്‍ത്ത് അതിനെ സാമ്പത്തിക സംവരണമാക്കാനാണ് ശ്രമിച്ചുവന്നത്. ദേവസ്വം ബോര്‍ഡില്‍ ഹിന്ദു സമുദായത്തിലെ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ വര്‍ഷമാണ് പിണറായി സര്‍ക്കാര്‍ ഇറക്കിയത്. രാജ്യത്താദ്യമായി സാമ്പത്തിക സംവരണം നടപ്പാക്കിക്കൊണ്ടുള്ള രാജ്യത്തെ ആദ്യത്തെ ഉത്തരവായിരുന്നു അത്. വി.പി സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് മണ്ഡല്‍കമ്മീഷന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി 27 ശതമാനം പിന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം ചെയ്ത് ഉത്തരവിറക്കിയ കൂട്ടത്തില്‍ 10 ശതമാനം മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി സംവരണം ചെയ്തിരുന്നു. എന്നാല്‍ പ്രസ്തുത 10 ശതമാനം സുപ്രീംകോടതി റദ്ദ് ചെയ്യുകയുണ്ടായി. സുപ്രീംകോടതിയുടെ ഈ വിധിയെ മറികടക്കാവുന്ന ഒരു നിയമനിര്‍മാണവും നടത്താന്‍ ഒരു സര്‍ക്കാറിനും അധികാരമില്ലാത്തതാണ്. എന്നിട്ടും പിണറായി സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ സാമ്പത്തിക സംവരണം നടപ്പാക്കാന്‍ ശ്രമിച്ചത് നിയമങ്ങളോടുള്ള വെല്ലുവിളിയാണ്. ഇപ്പോള്‍ ജാതി സംവരണം തന്നെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടി സുപ്രീംകോടതിയെ സമീപിച്ച എന്‍.എസ്.എസിന്റെ ഹരജി പരിഗണിക്കുകപോലും ചെയ്യാതെ തള്ളിയത് ഭരണഘടനയുടെ അന്തസ് നിലനിര്‍ത്തിയ നടപടിയാണെന്ന് പറയാതെ വയ്യ. എന്‍.എസ്.എസിന്റെ ജാതി സംവരണ വിരുദ്ധ നിലപാട് ഭരണഘടന വിരുദ്ധമാണെന്ന് ബോധ്യമായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending