കെ.പി കുഞ്ഞിമ്മൂസ

പ്രതിവാര പത്രമായി 1934-ല്‍ ചന്ദ്രിക തലശ്ശേരിയില്‍ നിന്ന് ആരംഭിക്കുന്നത് മത-സാംസ്‌കാരിക-വിദ്യാഭ്യാസ പുരോഗതിയെ ലക്ഷ്യം വെച്ചുകൊണ്ടാണ്. ക്രിസ്ത്യന്‍ മിഷനറിമാരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രസിദ്ധീകരണങ്ങളും വടക്കെ മലബാറില്‍ സാമൂഹിക പരിവര്‍ത്തനത്തിന്റെ ചാലകശക്തിയായി പരിണമിച്ചപ്പോള്‍ ബാസല്‍ മിഷനറിമാരില്‍നിന്ന് അച്ചടിയുടെ പ്രാധാന്യം മനസ്സിലാക്കിയവരായിരുന്നു തലശ്ശേരി പട്ടണത്തിലെ പൂര്‍വ്വികര്‍.
കേരളത്തിലെ പ്രഥമ മുസ്‌ലിം മുദ്രണാലയം തലശ്ശേരിയില്‍ സ്ഥാപിതമാവുന്നതിന് മുമ്പ് ബോംബെയില്‍ പായക്കപ്പലില്‍ പോയി കല്ലച്ചില്‍ മുദ്രണം ചെയ്തുകൊണ്ടുവരുന്ന കിത്താബുകള്‍ക്കായിരുന്നു പ്രചാരം. തലശ്ശേരിയിലെ അറിയപ്പെടുന്ന ഇസ്‌ലാമിക പണ്ഡിതന്മാര്‍ ഈ സമ്പ്രദായത്തിന് അറുതിവരുത്തി. മായന്‍കുട്ടി എളയ, പുതിയോട്ടില്‍ അബ്ദുല്ല മുസ്‌ല്യാര്‍, വയപ്രത്ത് ബങ്കളയില്‍ കുട്ട്യാത്ത തുടങ്ങിയവര്‍ ഭാഷാ സംസ്‌കാരത്തിന്റെ പാരമ്പര്യ മഹത്വത്തിന് വെളിച്ചം വീശിയപ്പോള്‍ ഉദാരമതികളും ധര്‍മ്മിഷ്ഠരും സംസ്‌കാര സമ്പന്നരുമായ വ്യക്തിത്വങ്ങള്‍ ഒരു കൊച്ചു നൗകയെ വെള്ളത്തിലിറക്കി തുഴയുകയായിരുന്നു.

അച്ചടി മാധ്യമങ്ങളുടെ സ്വാധീനത്തെപ്പറ്റി അവഗാഹമുള്ള ഹാജി അബ്ദുസത്താര്‍ ഇസ്ഹാഖ് സേട്ടുസാഹിബും മലബാര്‍ ജില്ലാ മുസ്‌ലിംലീഗിന്റെ പ്രഥമ ട്രഷററായിരുന്ന സി.പി മമ്മുക്കേയിയും ആ ഉല്‍കൃഷ്ട പൈതൃകത്തിന്റെ കാവല്‍ഭടനെ കണ്ടത് കെ.എം സീതിസാഹിബിലായിരുന്നു. പിതൃതുല്യമായ വാത്സല്യവും ഗുരുതുല്യമായ പ്രോത്സാഹനവും സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളില്‍ നിന്നും പത്രപ്രവര്‍ത്തന രംഗത്ത് കഴിവും കരുത്തും പ്രകടിപ്പിച്ച പ്രതിഭാശാലികളായ എഴുത്തുകാരില്‍ നിന്നും ലഭിച്ചപ്പോള്‍ സ്‌നേഹത്തിന്റെ വിളക്കുമാടം സൃഷ്ടിച്ച വെളിച്ചം നാട്ടിലും മറുനാട്ടിലുമുള്ള വരിക്കാരും വായനക്കാരും ആശ്ചര്യത്തോടെ ആസ്വദിച്ചു. ചന്ദ്രികയുടെ മുന്നേറ്റത്തിന്റെ കരുത്തിനെക്കുറിച്ച് ആദ്യ പത്രാധിപര്‍ കെ.കെ മുഹമ്മദ് ഷാഫി മുതല്‍ പ്രഥമ പ്രിന്ററും പബ്ലിഷറുമായ വി.സി അബൂബക്കര്‍ സാഹിബ് വരെ അയവിറക്കുമ്പോള്‍ സി.എച്ച് മുഹമ്മദ്‌കോയാ സാഹിബെന്ന പത്രാധിപ പ്രതിഭയെക്കുറിച്ച് പറഞ്ഞാല്‍ തീരാത്ത കഥകളുടെ കെട്ടഴിക്കും. സീതിസാഹിബും സി.എച്ചും വി.സിയും ചരിത്ര വസ്തുക്കള്‍ രേഖപ്പെടുത്തി വെച്ചതുകൊണ്ടാണ് ചന്ദ്രികയുടെ ആദ്യകാല ചരിത്രം തലമുറകള്‍ക്ക് പകര്‍ത്താനായത്.

തിരുകൊച്ചി ഭാഗത്തുനിന്ന് മലബാറിലേക്ക് അക്ഷര വിപ്ലവം പറിച്ചുനട്ട മഹത്തുക്കളുടെ കൈത്താങ്ങ് ചന്ദ്രികയുടെ ഉദയത്തിന് സഹായകമായി. തലശ്ശേരി പാരീസ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് രൂപീകൃതമായ മുസ്‌ലിം ക്ലബ് ചന്ദ്രികയുടെ തുടക്കസ്ഥലമെന്ന് നമുക്കറിയാം. ഇതേപോലെ തൃക്കരിപ്പൂരിലെ കൈക്കോട്ട്കടവ് യങ്‌മെന്‍സ് മുസ്‌ലിം അസോസിയേഷനും (വൈ.എം.എ) ചന്ദ്രികയുടെ ജനനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. തിരുകൊച്ചിയില്‍ നിന്ന് ഇസ്‌ലാം മതം ആശ്ലേഷിച്ച് എത്തിയ ഡോ. കമാല്‍ പാഷ തയ്യില്‍, ജലാലുദ്ദീന്‍ എന്നിവര്‍ക്ക് 1933-ല്‍ നല്‍കിയ സ്വീകരണത്തിന് കാര്‍മ്മികത്വം വഹിക്കാന്‍ കെ.എം സീതി സാഹിബാണ് എത്തിയത്. ടി.എം കുഞ്ഞാമദ് സാഹിബ് എന്ന കര്‍മ്മധീരന്റെ നേതൃത്വവും വള്‍വക്കാടിലെ എം.കെ അബ്ദുല്ലയുടെയും ഉടുമ്പുന്തല ടി.ടി.പി കുഞ്ഞാമു സാഹിബിന്റെയും വി.കെ.പി അബ്ദുറഹിമാന്‍ വൈതാനിയുടെയും അക്ഷരസ്‌നേഹവും സമുദായാഭിമാനവും മറക്കാനാവില്ലെന്ന് സി.എച്ചും ടി. ഉബൈദ് സാഹിബും അനുസ്മരിച്ചിട്ടുണ്ട്.

വടക്കെ മലബാറിലെ പുരാതനവും പ്രസിദ്ധവുമായ പള്ളി ദര്‍സുകളും ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏറ്റെടുത്ത് നടത്തുന്നവര്‍ മുസ്‌ലിം ലീഗിനെയും ശക്തമാക്കാന്‍ പാടുപെട്ടു. പക്വമതിയായ ചിന്തകനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സീതി സാഹിബ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് പഠന കാര്യത്തില്‍ റിക്കാര്‍ഡ് സൃഷ്ടിച്ചതിനെയാണ് അനുയായികള്‍ എടുത്തുപറഞ്ഞുകൊണ്ടിരിക്കുന്നത്. പിതാവ് ശീതി മുഹമ്മദ് സാഹിബ് ഇംഗ്ലീഷ് ദിനപത്രങ്ങള്‍ വരുത്തിയ കാലം അത് പൂര്‍ണമായും പരിഭാഷപ്പെടുത്താനുള്ള ഉത്തരവാദിത്തം സീതി സാഹിബിനെ ഏല്‍പ്പിക്കുകയാണ് പതിവ്. വര്‍ത്തമാന പത്രങ്ങളുമായി കുട്ടിക്കാലത്തെ ബന്ധം ജ്ഞാനധന്യരായ മുസ്‌ലിം പണ്ഡിതന്മാര്‍ പ്രോത്സാഹിപ്പിച്ചു. വക്കം അബ്ദുല്‍ഖാദര്‍ മൗലവി, സനാവുള്ളമക്തിതങ്ങള്‍, ഹമദാനി ശൈഖ് എന്നിവര്‍ സീതി സാഹിബിനെക്കൊണ്ട് പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതിച്ചു. എറണാകുളത്ത് നിന്ന് ഐക്യം എന്ന പേരില്‍ ദേശീയ വാരിക സീതി സാഹിബിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകൃതമായി.

ഭിന്നശ്രേണികളില്‍ ഖ്യാതി നേടിയെടുത്തവരുടെ ആദ്യകാല കളരി ചന്ദ്രികയായിരുന്നു. കവികളും കഥാകൃത്തുക്കളും നോവലിസ്റ്റുകളും നാടകകൃത്തുക്കളും സംഗീതജ്ഞരും സംവിധായകരും സാംസ്‌കാരിക നായകരും മതപണ്ഡിതന്മാരും കാര്‍ഷിക വിദഗ്ധരും ഹാസ്യശിരോമണികളും ഇതില്‍ പെടും.

മഹാകവി ജി. ശങ്കരക്കുറുപ്പും മഹാകവി വള്ളത്തോളും ശുരനാട് കുഞ്ഞന്‍പിള്ളയും തകഴി ശിവശങ്കപിള്ളയും പൊന്‍കുന്നം വര്‍ക്കിയും പി. കേശവദേവും വൈക്കം മുഹമ്മദ് ബഷീറും എസ്.കെ പൊറ്റക്കാടും മൂര്‍ക്കോത്ത് കുമാരനും മൂര്‍ക്കോത്ത് കുഞ്ഞപ്പയും ചന്ദ്രികയുടെ കോളങ്ങളില്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ കോലാരത്ത് രാഘവന്റെ കാലത്തുതന്നെ തുടങ്ങിയിരുന്നു. തലശ്ശേരിയില്‍ നിന്ന് ചന്ദ്രിക പ്രതിവാര പത്രമായി ആരംഭിച്ച കാലത്ത് കോലാരത്ത് രാഘവനും പത്മനാഭന്‍ തലായിയും പയ്യമ്പള്ളി ഉമ്മര്‍കുട്ടിയും കോയിത്തട്ടയും തയ്യിലകണ്ടി സി. മുഹമ്മദുമൊക്കെ അക്ഷരാര്‍ത്ഥത്തില്‍ വായനക്കാരുടെ ദാഹം അകറ്റുകയായിരുന്നു. പത്രാധിപ സമിതി അംഗങ്ങളും ജീവനക്കാരും ഒറ്റക്കെട്ടായിനിന്നു എന്നതാണ് പ്രത്യേകത.

ആനവാരിയും പൊന്‍കുരിശും എട്ടുകാലി മമ്മൂഞ്ഞും വസിക്കുന്ന സ്ഥലങ്ങളില്‍ ചന്ദ്രിക എത്തിയപ്പോള്‍ എല്ലാ സംശയങ്ങള്‍ക്കും നിവാരണമുണ്ടാക്കുന്ന മുഴയന്‍ നാണു മടരായി ശങ്കുറൈറ്ററും ഫോര്‍മേന്‍ ഉമ്മര്‍ക്കയും കെ.പി മമ്മൂക്കയും അല്ലൂക്കയും പ്രസില്‍ കാവലിരുന്നു. പരന്നൊഴുകുന്ന പാണ്ഡിത്യവും ഒളിചിതറുന്ന പ്രതിഭയുമായി ക്ഷീണവും വിശ്രമവുമില്ലാതെ തൂലിക ചലിപ്പിക്കാന്‍ കെ.എം സീതി സാഹിബും ഇ.കെ മൗലവിയും കെ.എം മൗലവിയും അബ്ദുല്‍ഖാദര്‍ ഖാരിയും ഒ. അബുസാഹിബും പുന്നയൂര്‍ക്കുളം ബാപ്പുവും എ.കെ ഹമീദും മാറ്റത്തിന്റെ മണിയൊച്ച കേള്‍പ്പിച്ചു. കൊച്ചി രാജാവിന്റെ വലംകയ്യായിരുന്ന ഇളമന കൃഷ്ണമേനോന്റെ കൊള്ളരുതായ്മകളെ തുറന്നുകാട്ടിയ മണപ്പാട്ട് കുഞ്ഞിമുഹമ്മദ് സാഹിബിന്റെ പാത പിന്തുടരുകയായിരുന്നു ചന്ദ്രികയുടെ നടത്തിപ്പുകാര്‍. മുക്കാട്ടില്‍ മൂസാ സാഹിബും കിടാരന്‍ അബ്ദുറഹിമാനും സി.പി മമ്മുക്കേയിയും ഉള്‍പ്പെടെയുള്ള നടത്തിപ്പുകാരുടെ മുന്നേറ്റം നസ്രാണി ദീപികക്കാരെ ചൊടിപ്പിച്ചെങ്കിലും പത്രം എന്തു ത്യാഗം സഹിച്ചും നടത്തിപ്പോരുന്നതിനുള്ള പ്രതിജ്ഞ അക്ഷര സ്‌നേഹികള്‍ ശിരസാവഹിക്കുകയായിരുന്നു.

ബര്‍മ്മയിലും പാക്കിസ്താനിലും സിലോണിലും അധിവസിക്കുന്ന മലയാളികളുടെ ഇഷ്ട പത്രമായി ചന്ദ്രിക മാറി. ജാതി-മതഭേദമന്യെ വായനക്കാരും ഏജന്റുമാരും എഴുത്തുകാരും ഇതിനെ ശിരസ്സേറ്റി. ‘അബലയുടെ പ്രതികാര’വും ‘തുര്‍ക്കി വിപ്ലവ’വും ഉര്‍ദുവില്‍ നിന്ന് പരിഭാഷപ്പെടുത്തി ജനമനസ്സുകളെ കോള്‍മയിര്‍ കൊള്ളിച്ച വലപ്പാട്ടുകാരന്‍ വി. അബ്ദുല്‍ ഖയ്യൂം ബുറാഖുമായി ചന്ദ്രികയിലെത്തിയപ്പോള്‍ കണ്ണൂര്‍ക്കാരന്‍ എം. അബൂബക്കര്‍, മുന്‍ഷി ഫാസിലുമായി അങ്കത്തട്ടില്‍ വിലസി. മുടങ്ങിയും തുടങ്ങിയും വീണ്ടും മുടങ്ങിയും ഈ പംക്തികള്‍ പതിറ്റാണ്ടുകള്‍ തള്ളിനീക്കി. പത്രം ചിറകുകളില്‍ വര്‍ണം കലര്‍ത്തി പുതിയ കാലത്തെ അഭിമുഖീകരിച്ചു. പ്രൊഫസര്‍ അബ്ദുറഹിമാന്‍ സാഹിബ് എന്ന പൊന്നാനിക്കാരനും സി.എം കുട്ടി എന്ന താനൂര്‍ക്കാരനും മമ്മത്തു എന്ന കൊടുവള്ളിക്കാരനും നടക്കാവില്‍ എടമേങ്കയ്യന്‍ അബ്ദുറഹിമാന്‍ സാഹിബിന്റെ വസതി മീഡിയാ സെന്ററാക്കിയപ്പോഴുള്ള നാളുകളെക്കുറിച്ച് സി.എച്ചും വി.സിയും സരസമായി വിവരിച്ചതാണ്.

എ.കെ കുഞ്ഞിമായന്‍ ഹാജി എന്ന പലാപ്പറമ്പുകാരന്‍ കോട്ടാല്‍ ഉപ്പി സാഹിബിന്റെ ചിരകാല സ്വപ്‌നം സാക്ഷാത്കരിക്കാന്‍ വൈ.എം.സി.എ റോഡില്‍ ചന്ദ്രിക പറിച്ചുനട്ടപ്പോള്‍ നട്ടപ്പാതിര നേരത്തും നട്ടും ബോള്‍ട്ടും മുറുക്കി അച്ചടിയന്ത്രം ശബ്ദിച്ചു. ഇവിടുന്നങ്ങോട്ടുള്ള ചന്ദ്രികയുടെ ചരിത്രത്തില്‍ ഏറ്റവും സക്രിയമായ ഒരു ഘടകമായി പത്രവും സംഘടനയും മാറിയതായി കാണാം. സത്യത്തിന്റെ തീരത്തെ മന്ദമാരുതനായി ചന്ദ്രിക മാറിയതിന് പിന്നില്‍ സി.എച്ച് മുഹമ്മദ്‌കോയ എന്ന പത്രാധിപരുടെ പങ്ക് വളരെ വലുതാണ്.

വെള്ളയില്‍ പ്രദേശത്ത് പിടിച്ചാല്‍ കിട്ടാത്തവിധം വര്‍ഗീയ കലാപത്തിന് വഴിമരുന്നിട്ടപ്പോള്‍ കോഴിക്കോട് കലക്ടറേറ്റില്‍ നിന്ന് കലക്ടര്‍ മലയാറ്റൂര്‍ രാമകൃഷ്ണന്‍ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി ആദ്യം വിളിച്ചത് ചന്ദ്രികയില്‍ സി.എച്ചിനെയാണ്. ഓട്ടോറിക്ഷയോ, മൊബൈല്‍ഫോണോ ഇല്ല. ഒരു സൈക്കിളിന്റെ പിറകിലെ സീറ്റിലിരുന്ന സി.എച്ച് നടക്കാവ് സ്റ്റേഷനിലെത്തി. മലയാറ്റൂര്‍ സി.എച്ചിനോട് സംഗതിയുടെ ഗൗരവം വിശദീകരിച്ചു. കടലില്‍ വെച്ച് അരയസമുദായക്കാരും മുസ്‌ലിം മീന്‍പിടുത്തക്കാരും തമ്മിലുള്ള വാക്കേറ്റം കരയില്‍ കത്തിക്കുത്തില്‍ കലാശിച്ചിരിക്കുന്നു. എന്തു ചെയ്യണം. സി.എച്ച് പറഞ്ഞു; എല്ലാ പത്രപ്രവര്‍ത്തകരെയും വിളിക്കാന്‍. വി.എം നായരും തെരുവത്ത് രാമനും കെ.പി കേശവമേനോനും ഉള്‍പ്പെടെ കൃത്യാന്തര ബാഹുല്യങ്ങള്‍ക്കിടയില്‍. ഒരു കൂട്ടം പത്രാധിപ പ്രതിഭകള്‍ വന്നു. എല്ലാവരോടും ജാഥയായി വെള്ളയിലേക്ക് നീങ്ങാനായിരുന്നു സി.എച്ചിന്റെ ഉപദേശം. കലക്ടറുടെ നേതൃത്വത്തില്‍ എത്തിയ ജാഥ കണ്ട് ജനം അന്തംവിട്ടു. എല്ലാ കുഴപ്പങ്ങള്‍ക്കും അതോടെ വിരാമമായി. വെള്ളയിലുള്ളവര്‍ ഒന്നിച്ചുനിന്നാലുള്ള ഗുണങ്ങളായിരുന്നു പ്രസംഗത്തില്‍ കേട്ടത്.

നടുവട്ടത്ത് വെടിവെപ്പുണ്ടായപ്പോള്‍ സി.എച്ചിന് ഈ സന്ദേശം പകര്‍ന്നു നല്‍കിയത് സീതി സാഹിബായിരുന്നു. സി.എച്ച് എഴുതിയ മുഖപ്രസംഗം കീറിക്കളയുകയും രണ്ട് വിഭാഗത്തെയും യോജിപ്പിക്കാനുള്ള വരികള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്തത് സി.എച്ച് പറയും. വാടനപ്പള്ളി ടി.ബിയില്‍ സമാധാന യോഗം നടക്കവെ നമസ്‌കാരത്തിന് സമയമായപ്പോള്‍ ബാഫഖി തങ്ങള്‍ക്ക് അംഗശുദ്ധി വരുത്താന്‍ വെള്ളം കൊണ്ടുവന്ന കെ.ജി മാരാരെപ്പറ്റിയും സി.എച്ച് പരമാര്‍ശിക്കും. പയ്യോളിയില്‍ കലാപമൊതുക്കാന്‍ ബാഫഖി തങ്ങള്‍ സ്വീകരിച്ച മാര്‍ഗം ചന്ദ്രികയിലൂടെയാണ് വി.കെ അബുവിനെക്കൊണ്ട് സി.എച്ച് എഴുതിച്ചത്.

തലശ്ശേരി സൈദാര്‍ പള്ളി പരിസരത്തുകൂടി ജഗന്നാഥ ക്ഷേത്രോത്സവത്തിന് ചെണ്ടകൊട്ടി ഘോഷയാത്ര നടത്തുന്നതിനെ ഇല്ലാതാക്കിയത് ഉപ്പോട്ട് കണാരി വൈദ്യരായിരുന്നു. ക്ഷേത്ര പരിസരത്ത് പോയി മറ്റു സമുദായക്കാരായ സ്ത്രീകളെ ശല്യപ്പെടുത്തരുതെന്ന് ഇ.കെ മൗലവിയെക്കൊണ്ട് ചന്ദ്രികയിലാണ് പ്രസ്താവന ഇറക്കിച്ചത്. വക്കം അബ്ദുല്‍ഖാദര്‍ മൗലവിയും ശ്രീനാരായണഗുരു സ്വാമികളും തമ്മിലുള്ള ആത്മബന്ധം സീതി സാഹിബ് ചന്ദ്രികവഴി വിവരിച്ചിട്ടുണ്ട്. സ്വദേശാഭിമാനി പത്രം മൗലവി ആരംഭിച്ചപ്പോള്‍ അതിന്റെ രണ്ടാമത്തെ പത്രാധിപരായ കെ. രാമകൃഷ്ണപിള്ളയെ വായനക്കാര്‍ക്ക് സീതി സാഹിബാണ് പരിചയപ്പെടുത്തിയത്. ഒരു സമുദായം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും കെട്ടുകഥകള്‍ക്കും അടിമപ്പെട്ടുപോയപ്പോള്‍ അവരെ തട്ടിയുണര്‍ത്തി വിദ്യാഭ്യാസവും മതബോധവുമുള്ളവരാക്കിയ അക്ഷര സ്‌നേഹികളെയാണ് ഗുരുസ്വാമികള്‍ കണ്ടെത്തിയത്. ചരിത്ര പ്രസിദ്ധമായ സര്‍വമത സമ്മേളനം ആലുവയില്‍ നടന്നപ്പോള്‍ ഇ.കെ മൗലവിയുടെ പ്രസംഗം ശ്രവിച്ച ഗുരുസ്വാമികള്‍ അദ്ദേഹത്തെ അദൈ്വതാശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി ആദരിച്ചത് സീതി സാഹിബിനെ ഏറ്റവും ആഹ്ലാദിപ്പിച്ച സംഭവമാണ്.

നല്ലൊരു ദിനപത്രം, ആഴ്ചപതിപ്പ്, പ്രസിദ്ധീകരണാലയം എഴുത്തുകാര്‍… ഇതായിരുന്നു സീതി സാഹിബിന്റെ ലക്ഷ്യം. ചന്ദ്രികയും വാരികയും മുസ്‌ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനിയുടെ പുസ്തക പ്രസിദ്ധീകരണാലയവും ക്രസന്റ് വാരികയുടെ അനുമതിപത്രവുമൊക്കെ ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണമായിരുന്നു. (അവസാനിക്കുന്നില്ല)