കെ. മൊയ്തീന്‍കോയ

പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനും റോഹിംഗ്യന്‍ പ്രശ്‌നത്തില്‍ ശക്തമായ രാഷ്ട്രാന്തരീയ ഇടപെടലിനും നടക്കുന്ന നീക്കം പ്രതീക്ഷാജനകമായി. പശ്ചിമേഷ്യയില്‍ അഞ്ച് പതിറ്റാണ്ടോളമായി നിലനില്‍ക്കുന്ന അമേരിക്കയുടെ അപ്രമാദിത്തം അപ്രസക്തമാക്കി റഷ്യ പിടിമുറുക്കുന്നത് ലോകം ഉറ്റുനോക്കുന്നു. ആലസ്യം വെടിഞ്ഞ് മുസ്‌ലിം രാഷ്ട്ര സംഘടന (ഒ.ഐ.സി) മ്യാന്‍മറിലേക്ക് പ്രതിനിധി സംഘത്തെ അയക്കാനും പ്രശ്‌നത്തില്‍ ഇടപെടാനും മുന്നോട്ടുവന്നത് ഭീകരര്‍ക്കിടയില്‍ നരകയാതന അനുഭവിക്കുന്ന റോഹിംഗ്യാ മുസ്‌ലിംകള്‍ക്ക് ആശ്വാസം നല്‍കും.
ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് ജനുവരി 15ന് പാരീസില്‍ നടന്ന അന്താരാഷ്ട്ര സമാധാന സമ്മേളനം വന്‍ ചലനം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. ദ്വി രാഷ്ട്ര ഫോര്‍മുലയാണ് പ്രശ്‌ന പരിഹാരമെന്ന് 77 രാഷ്ട്രങ്ങളില്‍ നിന്ന് പ്രതിനിധികള്‍ സംബന്ധിച്ച സമ്മേളനം പ്രഖ്യാപിച്ചു. വെസ്റ്റ് ബാങ്കിലേയും കിഴക്കന്‍ ജറൂസലമിലേയും ഇസ്രാഈല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ നിയമ വിരുദ്ധമാണെന്ന് യു.എന്‍ രക്ഷാസമിതി പ്രമേയവും രാഷ്ട്രാന്തരീയ സമൂഹത്തിന്റെ താല്‍പര്യവും പിന്തുണയും ഫലസ്തീന്‍കാര്‍ക്ക് അനുകൂലമാണെന്നും ഒരിക്കല്‍ കൂടി തെളിയിച്ചു. കിഴക്കന്‍ ജറൂസലമില്‍ അനധികൃതമായി 566 വീടുകള്‍ കൂടി നിര്‍മിക്കാന്‍ ഇസ്രാഈല്‍ സ്വീകരിച്ച തീരുമാനം അന്താരാഷ്ട്ര സമൂഹത്തെ വെല്ലുവിളിക്കുന്നതാണ്. ഇക്കാര്യത്തില്‍ അമേരിക്കയുടെ പുതിയ അമരക്കാരന്‍ ഡോണാള്‍ഡ് ട്രംപിന്റെ പിന്തുണയുണ്ടത്രെ. ട്രംപിനെ ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹു ഫോണില്‍ ബന്ധപ്പെട്ട ശേഷമാണ് അധികൃത കുടിയേറ്റത്തിന് പുതുതായി അനുമതി നല്‍കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ അഭിപ്രായവും താല്‍പര്യവും മാനിക്കാന്‍ തയാറില്ലാത്ത രാഷ്ട്രമാണ് ഇസ്രാഈല്‍. അവരുടെ ധാര്‍ഷ്ട്യത്തോടൊപ്പം നിലയുറപ്പിക്കുകയാണ് ട്രംപിന്റെ അമേരിക്ക. ഈ സാഹചര്യത്തില്‍ ഫലസ്തീന്‍ സമൂഹം ജാഗ്രതയോടെയും ഐക്യത്തോടെയും മുന്നോട്ടു പോകേണ്ടതുണ്ടെന്ന് അവരുടെ സംഘടനകള്‍ തിരിച്ചറിഞ്ഞതില്‍ ആശ്വാസം. പത്ത് വര്‍ഷമായി ഇരുധ്രുവങ്ങളില്‍ കഴിഞ്ഞ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഫത്തഹ് പ്രസ്ഥാനവും ഖാലിദ് മിശ്അല്ലിന്റെ ഹമാസും യോജിപ്പിന്റെ മാര്‍ഗത്തിലെത്തി. മറ്റൊരു പ്രബലരായ ഇസ്‌ലാമിക ജിഹാദും ഉള്‍പ്പെടെ എല്ലാവരും കൂടി ഐക്യ സര്‍ക്കാര്‍ രൂപീകരിക്കും. പി.എല്‍.ഒ എന്ന സംഘടനയുമായി സഹകരിച്ച് ദേശീയ കൗണ്‍സില്‍ രൂപീകരണം, പാര്‍ലമെന്റ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ എന്നിവയും നടപ്പാക്കും.
2006ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഹമാസ് ഭൂരിപക്ഷം നേടിയതോടെ ആണ് ഫത്തഹ്-ഹമാസ് പോര് മൂര്‍ഛിച്ചത്. അബ്ബാസ്, ഹമാസ് സര്‍ക്കാറിനെ പിരിച്ചുവിട്ടതോടെ വെസ്റ്റ് ബാങ്ക് ഫത്തഹിന്റേയും ഗാസ ഹമാസിന്റെയും നിയന്ത്രണത്തിലായി. അതിനു ശേഷം ഐക്യശ്രമം നിരവധി തവണ നടന്നുവെങ്കിലും ഫലപ്രദമായില്ല. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോവില്‍ ജനുവരി 16ന് മൂന്നു ദിവസം ചര്‍ച്ച നടത്തിയാണ് ഐക്യ കരാറില്‍ എത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുട്ടിന്റെ സ്വാധീനം പ്രകടമാണ്. ഫലസ്തീന്‍ ഐക്യസര്‍ക്കാര്‍ അന്താരാഷ്ട്ര സമൂഹം ആഗ്രഹിക്കുന്നു. യു.എന്‍ പ്രമേയവും പാരീസ് സമ്മേളനവും ഫലസ്തീന്‍ പ്രശ്‌ന പരിഹാരത്തിന് മുതല്‍ക്കൂട്ടാണ്. പാരീസ് സമ്മേളനത്തുടര്‍ച്ച എന്ന നിലയില്‍ ഫ്രാന്‍സ് മുന്‍കൈ എടുത്ത് മഹ്മൂദ് അബ്ബാസിനെയും നെതന്യാഹുവിനേയും പാരീസിലേക്ക് ക്ഷണിച്ചതും ശുഭസൂചന തന്നെ. ഈ പശ്ചാത്തലത്തില്‍ ഫലസ്തീന്‍ സമൂഹത്തിന്റെ ഐക്യം അനിവാര്യമാകുകയാണ്.
സിറിയയിലെ രക്തരൂക്ഷിതമായ അഭ്യന്തര യുദ്ധത്തിന് രാഷ്ട്രീയ പരിഹാരം തേടി കസാഖിസ്താന്‍ തലസ്ഥാനമായ അസ്താനയില്‍ തിങ്കളാഴ്ച ആരംഭിച്ച സമാധാന ചര്‍ച്ചക്ക് മുന്നില്‍ നില്‍ക്കുന്നതും റഷ്യ തന്നെ. അമേരിക്ക ക്ഷണിക്കപ്പെട്ടുവെങ്കിലും ഔദ്യോഗിക പ്രതിനിധിയെ അയച്ചില്ല. പകരം കസാഖ് അംബാസഡര്‍ സംബന്ധിക്കുന്നുണ്ട്. സിറിയയില്‍ പ്രസിഡന്റ് ബഷാറുല്‍ അസദിനെ താങ്ങിനിര്‍ത്തുന്നത് റഷ്യയും ഇറാനുമാണ്. മറുവശത്ത് പ്രതിപക്ഷ സഖ്യത്തിന് പിന്തുണ നല്‍കുന്നത്, അമേരിക്ക, തുര്‍ക്കി മറ്റ് അറബ് രാഷ്ട്രങ്ങളും. 2016 ഡിസംബര്‍ 30-ന് വെടിനിര്‍ത്തലിന് നേതൃത്വം നല്‍കിയത് റഷ്യയും തുര്‍ക്കിയുമാണ്. ഭരണ- പ്രതിപക്ഷ വിഭാഗങ്ങള്‍ ഒരു മേശക്ക് ചുറ്റുമിരുന്ന് ചര്‍ച്ചക്ക് തയാറാകുന്നത് അത്യപൂര്‍വമാണ്. അസദ് സര്‍ക്കാറിനെ താങ്ങിനിര്‍ത്താന്‍ റഷ്യയുടെ സൈനിക ഇടപെടല്‍ പതിനായിരങ്ങളെയാണ് സിറിയയില്‍ കൊന്നൊടുക്കിയത്. റഷ്യന്‍ വ്യോമസേന ബോംബ് വര്‍ഷിക്കാത്ത സ്ഥലങ്ങള്‍ വളരെ കുറവാണ്. എല്ലാം തകര്‍ത്ത ശേഷമാണ് പുട്ടിന് സമാധാനത്തെക്കുറിച്ച് ബോധോദയമുണ്ടായത്. അസദിന്റെ മറ്റൊരു സഹായി ഇറാനും ശിയാ സായുധ വിഭാഗമായ ലബനാനിലെ ഹിസ്ബുല്ലയുമാണ്. തുടക്കത്തിലുണ്ടായ സഹായമൊന്നും പിന്നീട് പ്രതിപക്ഷ സഖ്യത്തിന് അമേരിക്കയില്‍ നിന്നോ പാശ്ചാത്യ നാടുകളില്‍ നിന്നോ ലഭിച്ചില്ല. പിടിച്ചുനില്‍ക്കാന്‍ സഹായിച്ചതാകട്ടെ തുര്‍ക്കി മാത്രം. അവര്‍ക്ക് അതിന് വലിയ വില കൊടുക്കേണ്ടി വന്നു. തുര്‍ക്കി-സിറിയ അതിര്‍ത്തിയില്‍ സിറിയന്‍ അനുകൂലികള്‍ നിരന്തരം അസ്വസ്ഥത സൃഷ്ടിക്കുന്നു. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉറുദുഗാന്റെ നേതൃത്വത്തിലുള്ള തുര്‍ക്കി സര്‍ക്കാര്‍, മുല്ലപ്പൂ വിപ്ലവത്തെ തുടര്‍ന്ന് സിറിയയില്‍ നടന്നുവരുന്ന അഭ്യന്തര യുദ്ധത്തില്‍ പ്രതിപക്ഷ സഖ്യത്തെ സഹായിച്ചുവരുന്നു. ഫലസ്തീന്‍കാര്‍ക്ക് ഗാസയില്‍ സഹായമെത്തിച്ച് ഇസ്രാഈലുമായി ഏറ്റുമുട്ടാനും ഉറുദുഗാന്‍ തയാറായി.
ഡോണാള്‍ഡ് ട്രംപും പുട്ടിനും തമ്മിലുള്ള സൗഹൃദം സിറിയന്‍ പ്രശ്‌ന പരിഹാരത്തിന് സഹായകമാവുമെന്നാണ് പ്രതീക്ഷ. ഒബാമ ഭരണകാലത്ത് സിറിയന്‍ പ്രതിപക്ഷ സഖ്യത്തെ സഹായിച്ചത് പോലെ ട്രംപ് അനുകൂലിക്കാന്‍ സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ പ്രതിപക്ഷ സഖ്യം രാഷ്ട്രീയ ഒത്തുതീര്‍പ്പിന് തയാറാകേണ്ടിവരും. സിറിയയിലെ ഐ.എസിന് എതിരായ നീക്കവും പ്രതിപക്ഷ സഖ്യവും വ്യത്യസ്തമാണ്. ഐ.എസിനെ ആരും സഹായിക്കുന്നില്ല. സഊദി അറേബ്യ തുടങ്ങി അറബ് രാഷ്ട്രങ്ങള്‍ പ്രതിപക്ഷത്തെ സഹായിക്കുന്നു. സഊദി നേതൃത്വത്തില്‍ അറബ് സഖ്യം യമനില്‍ ഹൂതി വിഘടിതരെ തുരത്താന്‍ ഇടപെട്ടതോടെ സിറിയയില്‍ നിന്നുള്ള ശ്രദ്ധ മാറുകയുണ്ടായി. അതേസമയം, അറബ് രാഷ്ട്രങ്ങളുടെ പൊതുവികാരം ബശാറുല്‍ അസദിന് എതിരാണ്. അസ്താന സമാധാന സമ്മേളനം സിറിയയില്‍ സമാധാനം തിരിച്ചുകൊണ്ടുവരുമെന്നാണ് പ്രതീക്ഷ. അസദ് ഭരണകൂടത്തിന് കീഴില്‍ അന്താരാഷ്ട്ര ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര തെരഞ്ഞെടുപ്പെന്ന ഫോര്‍മുലയില്‍ ഇരുപക്ഷത്തും വിട്ടുവീഴ്ചയുണ്ട്.
ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപറേഷന്‍ (ഒ.ഐ.സി) വിദേശ മന്ത്രിമാര്‍ ക്വാലാലംപൂര്‍ സമ്മേളനം കൈകൊണ്ട തീരുമാനം റോഹിംഗ്യകള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നാന്റെ നേതൃത്വത്തിലുള്ള യു.എന്‍ സംഘം മ്യാന്‍മറില്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ലോകത്തെ നടുക്കുന്നതാണ്. ഒ.ഐ.സി പ്രതിനിധി സംഘം മ്യാന്‍മര്‍ അനുമതി പ്രതീക്ഷിച്ചിരിക്കുകയാണ്. റോഹിംഗ്യാ പ്രശ്‌നം കേവലം മ്യാന്‍മറിന്റെ അഭ്യന്തര പ്രശ്‌നമല്ല. അന്താരാഷ്ട്ര തലത്തില്‍ വിവാദമായതാണ്. 65,000 റോഹിംഗ്യകള്‍ പലായനം ചെയ്തു. നൂറുക്കണക്കിനാളുകളാണ് മരിച്ചുവീണത്. ബലാല്‍സംഗവും മറ്റ് പീഡനവും മൂലം റോഹിംഗ്യകള്‍ നരകയാതന അനുഭവിക്കുന്നു. വംശീയ ഉന്മൂലനത്തിന് അശ്വിന്‍ വിരാദുവിന്റെ നേതൃത്വത്തിലുള്ള ബുദ്ധിസ്റ്റ് ഭീകരരും മ്യാന്‍മര്‍ സൈന്യവും നടത്തുന്ന ഭീകരത അന്താരാഷ്ട്ര തലത്തില്‍ വിവാദമാണ്. നൊബേല്‍ സമ്മാന ജേതാവും മ്യാന്‍മര്‍ നേതാവുമായ സൂചി ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കാതെ മാറി നില്‍ക്കുന്നതില്‍ പ്രതിഷേധം വ്യാപകമാണ്. മ്യാന്‍മര്‍ സൈനിക ഭരണകൂടത്തിന്റെ മനുഷ്യാവകാശ ധ്വംസനത്തിന് എതിരെ പടപൊരുതിയ സൂചി സ്വന്തം നാട്ടില്‍ ആയിരങ്ങള്‍ക്ക് മനുഷ്യാവകാശം നിഷേധിക്കുന്നതിന് കൂട്ടുനില്‍ക്കുന്നത് അത്ഭുതപ്പെടുത്തുന്നു. ഒ.ഐ.സിയുടെ ശക്തമായ നീക്കം പ്രതീക്ഷയോടെ കാത്തിരിക്കുന്നു റോഹിംഗ്യകള്‍.