ഒരു പദ്ധതി ആസൂത്രണം ചെയ്യുമ്പോള്‍ രാജ്യത്തെ പാവങ്ങളില്‍ പാവപ്പെട്ടവന്റെ മുഖം മുന്നില്‍ കാണണമെന്നാണ് രാഷ്ട്രപിതാവ് ഉദ്‌ബോധിച്ചിട്ടുള്ളത്. അതേ ഗാന്ധിജിയുടെ നാട് ഗ്രാമീണരെ പൂര്‍ണമായും വഴിയോരത്തുതള്ളിക്കൊണ്ട് സംഘടിതകൊള്ള നടത്തിയിരിക്കുകയാണ് ഇപ്പോള്‍.നോട്ടുനിരോധനമെന്ന വങ്കത്തരത്തിന്റെ അവസാനദിനങ്ങളിലാണ് ഇന്ത്യ. കിണറ്റില്‍ വീണയാളെ രക്ഷിക്കാന്‍ നാട്ടുകാരെയാകെ കിണറ്റില്‍ ചാടിച്ചുകൊല്ലിക്കുന്ന ഏര്‍പ്പാടാണ് പ്രധാനമന്ത്രി രാജ്യത്തോട് ചെയ്തുവെച്ചിരിക്കുന്നത്.

ബാങ്കിനുമുന്നില്‍ ക്യൂനില്‍ക്കുന്നവരും രാജ്യത്തെ പകുതിയിലധികം വരുന്ന പാവപ്പെട്ടവരും സാധാരണക്കാരുമാണ് നവംബര്‍ എട്ടിന് പ്രഖ്യാപിച്ച 500, 1000 നോട്ടുകളുടെ നിരോധനത്തിന്റെ ദോഷഭാരമെല്ലാം പേറേണ്ടിവന്നിരിക്കുന്നത്. നോബല്‍ സമ്മാനജേതാവ് അമര്‍ത്യാസെന്‍, പ്രമുഖ സാമ്പത്തികവിദഗ്ധനും മുന്‍പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍സിംഗ്, അന്താരാഷ്ട്രപ്രസിദ്ധമായ ഫോബ്‌സ് മാഗസിന്‍ തുടങ്ങി രാജ്യത്തെയും വിദേശത്തെയും വിദഗ്ധരെല്ലാം മോദിയുടെ നടപടി കുതിച്ചുചാടാനിരിക്കുന്ന ഇന്ത്യയെ പിറകോട്ടുവലിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ നടപടി കള്ളപ്പണത്തിനും തീവ്രവാദത്തിനും കള്ളനോട്ടിനും എതിരാണെന്നും ഇത് പരാജയമെങ്കില്‍ തന്നെ തൂക്കിലേറ്റൂ എന്നുമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നടപടി സമ്പൂര്‍ണ പരാജയമായെന്ന് വിലയിരുത്തപ്പെട്ടിരിക്കെ മോദി ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാകുമോ എന്ന ചോദ്യമാണിപ്പോഴുയരുന്നത്.
മോദിയുടെ തലതിരിഞ്ഞ നയം മൂലം ഇതിനകം നൂറിലധികം പേരാണ് മരണമടഞ്ഞിരിക്കുന്നത്. ലക്ഷക്കണക്കിന് മനുഷ്യര്‍ ജീവിതത്തിനും മരണത്തിനും ഇടയിലാണ്. ബി.ജെ.പിക്കുവേണ്ടി വന്‍തോതില്‍ ഭൂമി വാങ്ങിക്കൂട്ടിയതും നോട്ടുനിരോധനദിവസം കോടികള്‍ ബി.ജെ.പി ബാങ്കില്‍ നിക്ഷേപിച്ചതും മറ്റും കള്ളന്‍ കപ്പലിലുണ്ടെന്നുതന്നെയാണ് സൂചനകള്‍.രാജ്യത്ത് 40 ശതമാനം പേര്‍ക്കും ഇപ്പോഴും ബാങ്ക് അക്കൗണ്ടില്ല എന്നത് മറന്നുകൊണ്ടാവില്ല മോദി പകുതിവഴിയില്‍വെച്ച് ഡിജിറ്റല്‍ ഇന്ത്യയെക്കുറിച്ച് സംസാരിച്ചത്. അവസാനത്തെ അടവാണ് മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ അഥവാ പണമില്ലാഇന്ത്യ പ്രഖ്യാപനം. രാജ്യത്തെ 90 ശതമാനം ജനങ്ങളും പണത്തിലൂടെയാണ് ഇടപാടുകള്‍ നടത്തുന്നത്. അമേരിക്കയില്‍ പോലും പകുതിയോളം പേര്‍ മാത്രമേ ഡിജിറ്റല്‍ സമ്പ്രദായത്തിലേക്ക് മാറിയിട്ടുള്ളൂ. ആധാര്‍ കാര്‍ഡ് സമ്പ്രദായം മുന്‍ യു.പി.എ സര്‍ക്കാര്‍ ആവിഷ്‌കരിക്കുമ്പോള്‍ അന്നത്തെ പ്രതിപക്ഷമായ ബി.ജെ.പി അതിനെതിരായിരുന്നുവെന്ന് ഓര്‍ക്കണം.
എ.ബി. വാജ്‌പേയി ഭരിച്ച 1999-2004 കാലഘട്ടത്തില്‍ ഇന്ത്യ തിളങ്ങുന്നുവെന്നായിരുന്നു സര്‍ക്കാരിന്റെ മുദ്രാവാക്യങ്ങളിലൊന്ന്. രാജ്യത്താകമാനം ബന്ധിപ്പിക്കുന്ന രാജപാതകള്‍ നിര്‍മിച്ചുവെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ ഗ്രാമങ്ങളില്‍ നിന്ന് കാര്‍ഷികമേഖലയുടെ തകര്‍ച്ച മൂലം ജനങ്ങള്‍ കൂട്ടത്തോടെ നഗരങ്ങളിലേക്ക് കുടിയേറുകയായിരുന്നു അക്കാലം. ഉദാരവല്‍കരണനയത്തിന്റെ പാര്‍ശ്വഫലമായിരുന്നു അത്. ആ ജനതയാണ് ഇന്ന് നഗരങ്ങളില്‍ നിന്ന് തിരിച്ചുപോയ്‌ക്കൊണ്ടിരിക്കുന്നത്. രണ്ടായിരത്തില്‍ ഇത് നഗരങ്ങളിലെ തൊഴിലവസരം പ്രതീക്ഷിച്ചായിരുന്നെങ്കില്‍ ഇന്ന് തിരിച്ചുഗ്രാമങ്ങളിലേക്ക് ചെല്ലുന്ന കുടുംബത്തെ പല്ലിളിച്ചുനോക്കുന്നത് തകര്‍ന്നുകിടക്കുന്ന കാര്‍ഷിക-ചെറുകിട മേഖലയാണ്. തക്കാളി, ഉള്ളി പോലുള്ള വന്‍തോതില്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ പോലും അവ വിലയില്ലാത്തതുമൂലം റോഡില്‍ തള്ളുന്ന കാഴ്ച രാജ്യത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല. വ്യാവസായിക തൊഴിലാളികളും കര്‍ഷക-മല്‍സ്യത്തൊഴിലാളികളും വേതനം കിട്ടാതെ വലയുന്നു. തിരുപ്പൂര്‍, സൂററ്റ് പോലുള്ള തുണിമേഖലയില്‍ ആയിരക്കണക്കിന് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. രണ്ടുമാസമായി കേരളത്തിലെ നിര്‍മാണമേഖലയും സ്തംഭനത്തിലായിട്ട്. ഇവിടെ പണിയെടുത്ത് ജീവിതച്ചെലവിന് കാശയച്ചുകൊടുക്കുന്ന ബംഗാളിയുടെ വീട്ടില്‍ തീപുകയുന്നുണ്ടാവുമോ. പാവപ്പെട്ടവന്‍ സ്വന്തം പണം പോലും കിട്ടാതെ വലയുമ്പോള്‍ ലക്ഷങ്ങളുടെ പുതിയ നോട്ട് എങ്ങനെയാണ് മാഫിയകളുടെ കയ്യിലെത്തിയതെന്ന് മോദി വ്യക്തമാക്കണം.
പഴയനോട്ടായ 15.40 ലക്ഷം കോടിയിലെ 12.44 ലക്ഷം കോടി 20 ദിവസം മുമ്പുതന്നെ തിരിച്ചുവന്നിരിക്കുന്നു. അച്ചടിച്ചതാകട്ടെ ആറു ലക്ഷം കോടി മാത്രവും. ഏറിയാല്‍ ഒരുലക്ഷം കോടിമാത്രമായിരിക്കും ഇനി പഴയ നോട്ട് കിട്ടാനുള്ളത്. ഒന്നര മാസം കൊണ്ട് എല്ലാവിധ ആദായനികുതി സംവിധാനവും ഉപയോഗിച്ചിട്ടുപോലും വെറും നാലായിരം കോടി രൂപമാത്രമാണ് കള്ളപ്പണമായി പിടിച്ചെടുക്കാന്‍ കഴിഞ്ഞത്. രാജ്യത്തിന്റെ വളര്‍ച്ചാനിരക്കിലെ കുറവ് കണക്കിലെടുക്കുമ്പോഴാണ് പദ്ധതി പൂര്‍ണപരാജയമാകുന്നതായി വ്യക്തമാകുന്നത്. രാജ്യത്തെ 1.20 ലക്ഷം എ.ടി.എമ്മുകള്‍ മിക്കതും പ്രവര്‍ത്തിക്കാതാകുകയോ ഭാഗികമായി പ്രവര്‍ത്തിക്കുകയോ മാത്രമാണ് ചെയ്യുന്നത്. മൊത്തം 60 ഉത്തരവുകളാണ് ഇതിനകം കേന്ദ്രധനമന്ത്രാലയവും റിസര്‍വ് ബാങ്കും ചേര്‍ന്ന് പുറപ്പെടുവിച്ചത്. ഡിസംബര്‍ 30 വരെ സമയമുണ്ടായിട്ടും കഴിഞ്ഞയാഴ്ച പോലും 5000 രൂപയില്‍ കൂടുതല്‍ തുക നിക്ഷേപിക്കുന്നവര്‍ ബാങ്ക് ഉദ്യോഗസ്ഥരോട് വിശദീകരണം നല്‍കണമെന്ന കേട്ടുകേള്‍വി ഇല്ലാത്ത ഉത്തരവും പുറത്തുവന്നു. ജനരോഷമിരമ്പുമ്പോള്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ 22 ദിവസത്തില്‍ നാലുദിവസം മാത്രമാണ് പ്രധാനമന്ത്രി തലകാട്ടിയത്. താന്‍ ജനങ്ങളോട് നേരിട്ടുസംസാരിക്കുമെന്നായിരുന്നു ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പ്രതിപക്ഷത്തിനുനേരെ അഴിമതി ഉന്നയിച്ചും പരിഹസിച്ചുമാണ് മോദി മുന്നോട്ടുനീങ്ങുന്നത്.മുന്‍ ഉപപ്രധാനമന്ത്രിയും ബി.ജെ.പി എം.പിയുമായ എല്‍.കെ അഡ്വാനി പോലും രാജിവെക്കാന്‍ ആലോചിക്കുന്നതായി പ്രഖ്യാപിച്ചു.
ബി.എസ്.പിയുടെയും മറ്റും അക്കൗണ്ടുകളില്‍ കൃത്രിമം കണ്ടുപിടിച്ചിരിക്കുന്നത് അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തടയിടാനാണ്. ബി.ജെ.പി അനുകൂലിയായ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പോലും തീരുമാനത്തിന്റെ ദോഷഫലം മനസ്സിലാക്കി ഇതിനെതിരെ രംഗത്തുവന്നു. പ്രക്ഷോഭം കഴിഞ്ഞ് പാറ്റ്‌നയില്‍ നിന്ന് മടങ്ങിയ ബംഗാള്‍ മുഖ്യമന്ത്രിയുടെ വിമാനം വൈകിച്ചു പരിഭ്രാന്തി സൃഷ്ടിച്ചു.
കേരള, കര്‍ണാടക മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രിയെ കാണാന്‍ കൂടി അനുവദിച്ചില്ല. കേരളത്തിലെയടക്കം സഹകരണബാങ്കുകളില്‍ പുതിയ നോട്ട് നല്‍കാതെയും പഴയവ എടുക്കാതെയും സുപ്രീം കോടതിക്ക് താക്കീത് ചെയ്യേണ്ടിവന്നു. ‘അച്ചാദിന്‍’പറഞ്ഞ് അധികാരത്തിലേറിയ മോദിക്ക് ഇനി വാഗ്്്ദത്തദിനമായ ഡിസംബര്‍ 30ന് , പറഞ്ഞ വാക്കുകള്‍ വിഴുങ്ങാനേ കഴിയൂ. അതിലൂടെ എല്ലാ സ്വേച്ഛാധിപതികളെയും പോലെ മോദിയുടെ പുറത്തുപോകലാണ് പോംവഴി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലല്ലെങ്കില്‍ പൊതുതെരഞ്ഞെടുപ്പിലോ പുറത്തുവരാനിരിക്കുന്ന വന്‍ അഴിമതിയിലോ ആകുമത് .