പ്രവാസജീവിതത്തിന്റെ ഹൃദയം തൊട്ടറിഞ്ഞ ഒരു ജനതയുടെ വികസന വിഹായസ്സിലേക്ക് അവരുടെ അന്തസ്സിന്റെയും ആത്മാഭിമാനത്തിന്റെയും പ്രതീകമായുള്ള പുതുചിറകടി ഉയരുകയായി. ഉത്തര മലബാറുകാരുടെ മണ്ണിലൂടെ നാളെ വാനിലേക്ക് ഉയരുന്ന യന്ത്രപ്പക്ഷിയുടെ വര്‍ണച്ചിറകടി അവരുടെ ഇടനെഞ്ചിലൂടെ കൂടിയുള്ളതാണ്. കേരളത്തിന്റെ പുരോഗമനപന്ഥാവിലെ ചരിത്രമുഹൂര്‍ത്തമാണത്; ഒരു ജനതയുടെ ചിരകാല സ്വപ്‌നസാക്ഷാല്‍കാരവും. ഞായറാഴ്ച കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ്പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും സംയുക്തമായി കേരളത്തിലെ നാലാമത്തെയും ഉത്തര മലബാറിലെ ആദ്യത്തേയും വിമാനത്താവളം പൊതുജനത്തിന് തുറന്നുകൊടുക്കുകയാണ്. തിരുവനന്തപുരത്തിനും കൊച്ചിക്കും കോഴിക്കോടിനും ശേഷം കണ്ണൂരിലും ഒരു അന്താരാഷ്ട്ര വിമാനത്താവളം. ഉത്തര മലബാറിന്റെ വികസനരാഹിത്യത്തിന് ഈ വിമാനത്താവളം പുത്തന്‍ ഉണര്‍വ് പകരുമെന്ന പ്രതീക്ഷയാണ് പൊതുവെയുള്ളത്. 260 ഏക്കര്‍കൂടി ഏറ്റെടുത്ത് 4000 മീറ്റര്‍ റണ്‍വേ എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാകുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകും കണ്ണൂര്‍.
അബൂദാബിയിലേക്കുള്ള നാളത്തെ എയര്‍ഇന്ത്യാ എക്‌സ്പ്രസ് സര്‍വീസോടെയാണ് കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനക്ഷമമാകുന്നത്. ദോഹ, റിയാദ്, ഷാര്‍ജ എന്നിവിടങ്ങളിലേക്കും തുടര്‍ന്ന് സര്‍വീസ് ഉണ്ടാകും. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും നാളെ സര്‍വീസ് ആരംഭിക്കും. ഗോ എയര്‍ ആണ് ആഭ്യന്തര സര്‍വീസ് നടത്തുക. കണ്ണൂര്‍ വിമാനത്താവളത്തിലൂടെ പ്രതിവര്‍ഷം പത്തു ലക്ഷം യാത്രക്കാര്‍ വന്നുപോകുമെന്നാണ് ഏകദേശ കണക്ക്. ലോക സമൂഹം കൂടുതല്‍ അടുക്കുന്നതും വിദേശ തൊഴിലവസരങ്ങങ്ങളുടെ വര്‍ധനയും കാരണം 2025 ആകുമ്പോഴേക്കും യാത്രക്കാരുടെ സംഖ്യ ഇപ്പോഴത്തേതിന്റെ അഞ്ചിരട്ടിയാകുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ വിമാനയാത്രാവരുമാനത്തില്‍ ഒന്നാം സ്ഥാനത്തുള്ള കൊച്ചിക്കും രണ്ടാം സ്ഥാനത്തുള്ള കരിപ്പൂരിനും പിറകെയായിരിക്കും ഇനി കണ്ണൂരിന്റെ സ്ഥാനം. കോഴിക്കോട്, വയനാട് ജില്ലകളിലെ ഒരു ഭാഗവും കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവരും ഈ വിമാനത്താവളത്തെ ആശ്രയിക്കും. ഗള്‍ഫ് സെക്ടറിലേക്കും രാജ്യത്തെ വന്‍ നഗരങ്ങളിലേക്കും വിമാനയാത്ര എളുപ്പമാകും. ടൂറിസം, കയറ്റുമതി സാധ്യതകള്‍ വര്‍ധിക്കും. ഉത്തരലബാറിന്റെയും സംസ്ഥാനത്തിന്റെ മൊത്തത്തിലുമുള്ള വികസനത്തിന് കണ്ണൂര്‍ വിമാനത്താവളം പുതിയ മുതല്‍കൂട്ടാകും.
25 ശതമാനത്തോളം പേര്‍ ഇതര ദേശങ്ങളില്‍ പ്രവാസികളായി കഴിയുന്ന ഉത്തര മലബാറിനെ സംബന്ധിച്ച് എന്തുകൊണ്ടും വലിയ നേട്ടംതന്നെയാണ് തങ്ങളുടെ തൊട്ടടുത്തുള്ള കണ്ണൂര്‍ വിമാനത്താവളം. ഗള്‍ഫ് മേഖലകളില്‍ മാത്രം കണ്ണൂര്‍, കാസര്‍കോട് പ്രദേശങ്ങളില്‍നിന്നുള്ള 20 ശതമാനത്തോളം പേര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ജോലിക്കും വ്യാപാര-ചികില്‍സാ ആവശ്യാര്‍ത്ഥവും ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡല്‍ഹി തുടങ്ങിയ വന്‍ നഗരങ്ങളിലേക്കും കണ്ണൂര്‍, കാസര്‍കോട് സ്വദേശികളുടെ ഒഴുക്കാണ് ഇപ്പോഴുള്ളത്. ഇവര്‍ക്ക് സുഗമവും സാമീപ്യവുമായ ഗതാഗത സൗകര്യം വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1930കളില്‍ തന്നെ കണ്ണൂരില്‍ വിമാനങ്ങള്‍ ഇറങ്ങിയിരുന്നതായാണ് വസ്തുത. റ്റാറ്റാ എയര്‍ലൈന്‍സിന്റെ ബോംബെ-തിരുവനന്തപുരം വിമാനസര്‍വീസുകള്‍ക്കായി കണ്ണൂരില്‍ ചെറു വിമാനത്താവളം ഉണ്ടായിരുന്നു. അത് നിലച്ചതോടെ പിന്നീട് ഉത്തര മലബാറുകാര്‍ക്ക് വിമാനയാത്രക്കായി ആശ്രയിക്കാനുണ്ടായിരുന്നത് കരിപ്പൂരിനെയും കര്‍ണാടക സംസ്ഥാനത്തിലെ മംഗലാപുരത്തെയുമായിരുന്നു. 1998ല്‍ കരിപ്പൂരില്‍ വിമാനത്താവളം വന്നതോടെ ഈ സ്ഥിതിക്ക് പരിഹാരമായെങ്കിലും കണ്ണൂരിന് സ്വന്തമായ വിമാനത്താവളം എന്നത് പിന്നീട് മൂന്നു പതിറ്റാണ്ടോളം വൃഥാസ്വപ്‌നം മാത്രമായി അവശേഷിക്കുകയായിരുന്നു. ചര്‍ച്ച തുടങ്ങുന്നത് 90കളുടെ മധ്യത്തില്‍ മുന്‍ കേന്ദ്രമന്ത്രിമായ ഇ. അഹമ്മദ്, സി.എം ഇബ്രാഹിം തുടങ്ങിയവര്‍ മുന്‍കയ്യെടുത്തതോടെയാണ്. പലവിധ നൂലാമാലകളെതുടര്‍ന്ന് 2005ലാണ് പദ്ധതിക്ക് പിന്നീട് അനക്കം വെച്ചത്. 2009ല്‍ കൊച്ചി സിയാല്‍ മാതൃകയില്‍ ‘കിയാല്‍’ കമ്പനി രൂപവത്കരിച്ചു. ആശയത്തെ പൂര്‍ണമായി പ്രായോഗിക തലത്തിലേക്ക് എത്തിച്ചത് 2011-2016 കാലത്തെ ഐക്യജനാധിപത്യ മുന്നണി സര്‍ക്കാരാണ്. 2014 ജൂലൈയില്‍ അന്നത്തെ കേന്ദ്രമന്ത്രി എ.കെ ആന്റണിയാണ് വിമാനത്താവളനിര്‍മാണ ഉദ്ഘാടനം നിര്‍വഹിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തുതന്നെ അതിദ്രുതം നിര്‍മാണം പൂര്‍ത്തിയാക്കി. എന്നിട്ടും ഉമ്മന്‍ചാണ്ടിയെ ഉദ്ഘാടനച്ചടങ്ങില്‍നിന്ന് ഒഴിവാക്കിയത്് ഇടതുപക്ഷ സര്‍ക്കാരിന്റെ രാഷ്ട്രീയലാക്ക്് വ്യക്തമാക്കിയിരിക്കുകയാണ്.
മട്ടന്നൂരിനുസമീപം രണ്ടായിരം ഏക്കര്‍ വിസ്തൃതിയിലാണ് കണ്ണൂര്‍ വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്. ഒരേസമയം 20 വലിയ വിമാനങ്ങള്‍ നിര്‍ത്തിയിടാനുള്ള സൗകര്യം കണ്ണൂരിനുണ്ട്. മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ധരുടെ സഹായത്തോടെ സവിശേഷമായ എഞ്ചിനീയറിങ് മാതൃകയില്‍ കൃത്രിമമായി സൃഷ്ടിച്ച കുന്നിലേക്കാണ് കണ്ണൂര്‍ വിമാനത്താവളത്തിലെ ആദ്യവിമാനം ഇരച്ചിറങ്ങുക എന്നത് പാരിസ്ഥിതികപരമായി മാതൃകാപരമാണ്. വിമാനമിറങ്ങുന്ന സ്ഥലത്തിനും റണ്‍വേയ്ക്കുമായി വേണ്ടിവന്നത് ഏഴു ലക്ഷത്തിലധികം ലോഡ് മണ്ണ്. 70 മീറ്റര്‍ ഉയരത്തില്‍ 40 സെന്റി മീറ്ററില്‍ മണ്ണും അതിനുമുകളില്‍ പോളിപെര്‍പലിന്‍ സംവിധാനത്തിലൂടെ മാറ്റും വിരിച്ചാണ് ലാന്‍ഡിങ്് സംവിധാനം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ഇതിനുതൊട്ടടുത്താണ് 3050 മീറ്റര്‍ നീളത്തിലും 45 മീറ്റര്‍ വീതിയിലുമുള്ള റണ്‍വേ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വിമാനത്താവളത്തിലെ ആകര്‍ഷകങ്ങളില്‍ പ്രധാനം ചുവരുകളില്‍ വരച്ചുവെച്ചിരിക്കുന്ന ചിത്രങ്ങളും പൂന്തോട്ടങ്ങളുംതന്നെ. നിരവധി കലാകാരന്മാര്‍ ആഴ്ചകള്‍ അധ്വാനിച്ചാണ് വിമാനത്താവളത്തിന്റെ ചുവരുകളില്‍ പഴയകാല സാംസ്‌കാരിക അടയാളങ്ങള്‍ വിളിച്ചറിയിക്കുന്ന രചനകള്‍ കോറിയിട്ടിരിക്കുന്നതെന്നത് കണ്ണൂരിന്റെ കലാപാരമ്പര്യത്തിന് അനുയോജ്യമാണ്. ഉദ്ഘാടനത്തിനുമുമ്പുതന്നെ ഇതിനോടകം ലക്ഷക്കണക്കിന് ആളുകള്‍ ടെര്‍മിനലുകളും സൗകര്യങ്ങളും കലാഭംഗിയും കാണാനെത്തി എന്നത് ഈ വിമാനത്താവളത്തിന്റെ പ്രസക്തിയും പ്രാധാന്യവും വിളിച്ചോതുന്നു. വിമാനത്താവളത്തിനകത്തെ അടിയന്തിര ഹൃദയ പരിശോധനാസംവിധാനവും മറ്റും പ്രശംസനീയമാണ്. ഇന്ധനം നിറക്കാനും അറ്റകുറ്റപ്പണിക്കുമുള്ള സംവിധാനവും ഇതോടൊപ്പമുണ്ട്. അതേസമയം റണ്‍വേവികസനം, പുതിയ വിമാനങ്ങള്‍, സര്‍വീസ് വര്‍ധിപ്പിക്കല്‍ എന്നിവയെക്കുറിച്ച് കിയാലും സംസ്ഥാന സര്‍ക്കാരും കൃത്യമായ ശ്രദ്ധ പുലര്‍ത്തണം. പദ്ധതിയുടെ 32 ശതമാനത്തിലധികം പൊതുജനപങ്കാളിത്തത്തോടെയുള്ള ഈ പൊതു-സ്വകാര്യ സംരംഭം യാഥാര്‍ത്ഥ്യമായത് ജനങ്ങള്‍ നെഞ്ചേറ്റിയാല്‍ ഏതു പദ്ധതിയും വിജയകരമാകുമെന്നതിന്റെ സൂചന കൂടിയാണ്.