X
    Categories: CultureNewsViews

സംഘപരിവാര്‍ ഭീകരര്‍ കൊലപ്പെടുത്തിയ ജുനൈദിന്റെ ഓര്‍മ്മക്കായി വിദ്യാഭ്യാസ സമുച്ചയം ഒരുങ്ങുന്നു

ഷഹബാസ് വെള്ളില
മലപ്പുറം: സംഘ്പരിവാര്‍ ഭീകരതയുടെ ഇരയായ ഹാഫിള് ജുനൈദിന്റെ പേരില്‍ വിദ്യാഭ്യാസ സമുച്ഛയം ഒരുങ്ങുന്നു. കുടുംബം മുന്‍കൈയെടുത്താണ് ജന്മനാട്ടില്‍ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ചെറുപ്രായത്തില്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ മനഃപ്പാഠമാക്കി ഗ്രാമീണര്‍ക്കെല്ലാം അഭിമാനമായ പതിനഞ്ചുകാരന് അനശ്വര സ്മാരകമൊരുക്കാനുള്ള ഉദ്യമത്തിന് പിന്തുണയും സഹകരണവും തേടി ജുനൈദിന്റെ ഉമ്മയും സഹോദരനും പാണക്കാട്ടെത്തി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു.
റമസാന്‍ വ്രതമെടുത്ത് പെരുന്നാളിനുള്ള പുതുവസ്ത്രം വാങ്ങിക്കാനായി സഹോദരന്റെ കൂടെ ഡല്‍ഹിക്ക് പോയതായിരുന്നു ജുനൈദ്. പുതുവസ്ത്രവുമായി വരുന്ന മക്കളെ കാത്തിരുന്ന ഉമ്മ സാഹിറക്ക് മുന്നില്‍ മകന്റെ ചേതനയറ്റ ശരീരമാണ് വെള്ളപുതച്ചെത്തിയത്. ക്രൂരമായ മര്‍ദനത്തിനിരയായ മറ്റൊരു മകന്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു പെണ്‍കുട്ടിയടക്കം എട്ടുമക്കളുള്ള കുടുംബം. ഇതില്‍ ജുനൈദക്കം മൂന്നുപേരും ഹാഫിള്. ഹാസിം, ഖാസിം എന്നിവരാണ് ഖുര്‍ആന്‍ മനഃപ്പാഠമാക്കിയവര്‍. ഹരിയാനയിലെ ബല്ലഭ്ഗഡ് പ്രദേശത്തെ മത-ഭൗതിക വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നല്‍കിയ കുടുംബം. ജുനൈദിന്റെ ഓര്‍മ്മക്കായി വിദ്യാഭ്യാസ സമുച്ചയം സ്ഥാപിക്കാന്‍ തീരുമാനിച്ചതിന്റെ സന്തോഷ വിവരം പങ്കുവെക്കാനാണ് മകന്‍ കാസിമിനൊപ്പം ഉമ്മ പാണക്കാട്ടെത്തിയത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായ ‘ഹഫീസ് ജുനൈദ് ഡ്രീം സൊസൈറ്റി’ യുടെ കീഴിലായിരിക്കും വിദ്യാഭ്യാസ സമുച്ചയം. ഒരേക്കര്‍ സ്ഥലത്ത് ഗന്ധ്‌വാലി ഗ്രാമത്തിലാണ് മസ്ജിദ് അടങ്ങുന്ന വിദ്യാഭ്യാസ സമുച്ചയം നിര്‍മ്മിക്കുന്നത്. മുസ്‌ലിംലീഗ് പ്രസ്ഥാനം നല്‍കുന്ന നിയമ സഹായത്തിനും സാമ്പത്തിക സഹായത്തിനും അവര്‍ നന്ദിപറഞ്ഞു. വിദ്യാഭ്യാസ പ്രൊജക്ടിന് വേണ്ട സഹായവും പിന്തുണയും പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥിച്ചു. മുസ്‌ലിംലീഗ് പാര്‍ട്ടി നല്‍കിയ വാഹനത്തിലാണ് സുപ്രീംകോടതിയില്‍ നടക്കുന്ന കേസിന് പോകുന്നത്. ഉപജീവനവും ഇതില്‍ നിന്ന് കിട്ടുന്ന വരുമാനത്തിലാണ്. ജുനൈദ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഹരിയാന സര്‍ക്കാര്‍ നല്‍കുമെന്നറിയിച്ച 10 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും ലഭിച്ചില്ലെന്നും ഉമ്മ പറഞ്ഞു. മുസ്‌ലിംലീഗ് പാര്‍ട്ടി ഇക്കാര്യത്തില്‍ ഇടപെടുമെന്ന് ഉറപ്പുനല്‍കുന്നതായി തങ്ങള്‍ അറിയിച്ചു. മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എന്നിവരേയും ഇവര്‍ സന്ദര്‍ശിച്ചു. ഇത് രണ്ടാം തവണയാണ് ജുനൈദിന്റെ കുടുംബം പാണക്കാട്ടെത്തുന്നത്. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് അഹമ്മദ് സാജുവിനൊപ്പമാണ് ഇവരെത്തിയത്. പി ഉബൈദുല്ല എം.എല്‍.എ, എന്‍ സൂപ്പി എന്നിവരും പാണക്കാട്ടുണ്ടായിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: