ഈജിപ്റ്റ് മുന്‍ പ്രസിഡന്റും മുല്ലപ്പൂ വിപ്ലവ നായകനും മുസ്‌ലിം ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സി അന്തരിച്ചു. പട്ടാള ഭരണകൂടത്തിന്റെ തടവിലുള്ള മുര്‍സിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. 67 വയസ്സായിരുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ക്രിത്രിമത്വം നടത്തിയെന്ന് ആരോപിച്ച് പട്ടാള ഭരണത്തിന് കീഴില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി തടവ് ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുകയായിരുന്നു മുര്‍സി. ഈജിപ്തിന്റെ ഔദ്യോഗിക ചാനല്‍ വിവരം പുറത്തുവിട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു..

ഈജിപ്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും ഇഖ്വാനുല്‍ മുസ്ലിമൂന് കീഴില്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ ചെയര്‍മാനുമായിരുന്നു മുര്‍സി. ഈജിപ്തില്‍ അറബ് വിപ്ലവാനന്തരം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ജസ്റ്റിസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച നേതാവാണ് മുഹമ്മദ് മുര്‍സി. ഹോസ്നി മുബാറക്കിന്റെ പട്ടാള ഭരണത്തിനെതിരായ ജനകീയ പ്രക്ഷോഭത്തിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ മൊര്‍സിയുടെ നേതൃത്വത്തിലുള്ള മുസ്ലീം ബ്രദര്‍ഹുഡ് ഈജിപ്റ്റില്‍ അധികാരത്തിലെത്തികയുണ്ടായി..

2012 ജൂണ്‍ 24 ന് മുഹമ്മദ് മുര്‍സി പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ 2013 ജൂലൈ 4 ന് മുര്‍സിയെ, പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി.
തുടര്‍ന്ന് മുസ്ലീം ബ്രദര്‍ഹുഡ് നിരോധിക്കപ്പെടുകയും മൊര്‍സി അടക്കമുള്ളവര്‍ ജയിലിലാവുകയും ചെയ്തു. 2016 നവംബറില്‍ മൊര്‍സി അടക്കമുള്ള 22 പേര്‍ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. മൊര്‍സി അടക്കമുള്ള 23 ബ്രദര്‍ഹുഡ് നേതാക്കള്‍ക്കെതിരായ കേസ് പരിഗണിക്കുന്നത് കെയ്റോ ക്രിമിനല്‍ കോടതി മാറ്റിവച്ചിരുന്നു. 2012ല്‍ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്തെന്ന കേസ് അടക്കം നിരവധി കേസുകളില്‍ ഈജിപ്റ്റ് ഭരണകൂടം മൊര്‍സിയേയും ബ്രദര്‍ഹുഡ് നേതാക്കളേയും പ്രതി ചേര്‍ത്തിരുന്നു.

ഹമാസുമായി ചേര്‍ന്ന് കലാപം നടത്തിയെന്നാണ് മുര്‍സിയ്‌ക്കെതിരായ കുറ്റം. വിചാരണയ്ക്കായി കോടതിയില്‍ ഹാജരായ മുര്‍സിയെയും ഒപ്പമുണ്ടായ 23 പേരെയും ഇന്ന് വീണ്ടും ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. ഈ സമയം മുര്‍സി കോടതിയ്ക്ക് മുന്‍പാകെ തളര്‍ന്നു വീഴുകയായിരുന്നു. സ്‌കോര്‍പിയണ്‍ പ്രിസണ്‍ എന്നറിയപ്പെടുന്ന തോറയില്‍ ആണ് മുര്‍സിയെ പാര്‍പ്പിച്ചിരുന്നത്.
2012 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ എതിരാളിയായ അഹമ്മദ് ഷഫീഖിനെതിരെ 51 ശതമാനം വോട്ടുകള്‍ നേടിയാണ് അധികാരത്തിലെത്തിയിരുന്നത്. എന്നാല്‍ 2013ല്‍ സ്ഥാനഭ്രഷ്ടനായ ശേഷം വിവിധ കേസുകളില്‍ വിചാരണ നേരിട്ടിരുന്നു. 2011ലെ ജയില്‍ ഭേദന കേസിലാണ് മുര്‍സി അടക്കം ബ്രദര്‍ഹുഡ് നേതാക്കള്‍ക്ക് ഈജിപ്ഷ്യന്‍ കോടതി വധശിക്ഷ വിധിച്ചു. പിന്നീട് മുര്‍സിയുടെ ശിക്ഷ റദ്ദാക്കി. മുര്‍സിക്ക് എതിരായ കേസ് പുനര്‍വിചാരണ നടത്താനും കോടതി ഉത്തരവിട്ടു. ഒന്നിലധികം കുറ്റങ്ങള്‍ക്ക് മുര്‍സി വിചാരണ നേരിട്ടിരുന്നു. രാജ്യത്തിന്റെ രഹസ്യങ്ങള്‍ വിദേശ ശക്തികള്‍ക്ക് ചോര്‍ത്തി നല്‍കി, 2012ലെ ആഭ്യന്തര കലാപത്തിന് നേതൃത്വം നല്‍കി തുടങ്ങിയ കുറ്റങ്ങളാണ് മുര്‍സിക്കെതിരെ ഉണ്ടായിരുന്നത്. ആഭ്യന്തര കലാപവുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തിന് 2016ല്‍ കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരുന്നു. മറ്റു കേസുകളില്‍ വിചാരണ നടന്നു വരികയായിരുന്നു.
ജയിലില്‍ കിടക്കുന്ന മുര്‍സിക്ക് അന്താരാഷ്ട്ര ജയില്‍ നിയമങ്ങള്‍ പോലും നിക്ഷേധിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഈജിപ്തിലെ തോറ ജയിലില്‍ വര്‍ഷങ്ങളായി ഏകാന്ത തടവ് അനുഭവിച്ചു വരികയായിരുന്നു. മുര്‍സിക്ക് മൂന്നു വര്‍ഷത്തിനിടെ ഒരു തവണ മാത്രമാണ് കുടുംബത്തെ കാണാന്‍ സാധിച്ചത്.