ന്യൂഡല്‍ഹി: ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്ത്യശാസന. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ ഇകഴ്ത്തി പപ്പു എന്ന് വിളിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പരസ്യത്തില്‍ നിന്നും പപ്പു എന്ന പ്രയോഗം നീക്കണമെന്ന് ബി.ജെ.പിയോട് കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധിയെ പപ്പുവെന്ന് വിളിക്കുന്ന പരസ്യമായിരുന്നു ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവിടാനായി ബി.ജെ.പി ഒരുക്കിയിരുന്നത്. കമ്മിറ്റിയുടെ അനുമതിക്കായി പരസ്യത്തിന്റെ സ്‌ക്രിപ്റ്റ് സമര്‍പ്പിച്ചപ്പോഴായിരുന്നു കമ്മീഷന്റെ വിമര്‍ശനമുണ്ടായത്. എന്നാല്‍ വാക്കുകള്‍ ആരേയും വ്യക്തിപരമായി ഉദ്ദേശിച്ചുകൊണ്ടല്ലെന്ന് ബി.ജെ.പി ന്യായീകരിച്ചു. പരസ്യത്തിലെ പപ്പു എന്ന വാക്ക് അപകീര്‍ത്തികരമാണെന്നാണ് അവര്‍ പറയുന്നത്. ആ വാക്ക് മാറ്റി പകരം മറ്റെന്തെങ്കിലും ഉപയോഗിക്കണമെന്നാണ് നിര്‍ദേശമെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് പറഞ്ഞു. ആ വാക്ക് മാറ്റി പകരം വാക്ക് ഉപയോഗിച്ചുകൊണ്ടുള്ള സ്‌ക്രിപ്റ്റ് കമ്മിറ്റിക്ക് മുന്നില്‍ സമര്‍പ്പിക്കും. അതേസമയം, തീരുമാനം പുനപരിശോധിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അതിന് തയ്യാറായില്ലെന്നും ബി.ജെ.പി പറഞ്ഞു.