india

ഉപരാഷ്ട്രപതിയെ തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു

By webdesk18

September 09, 2025

ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കായി സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡിയും (79) ഭരണകക്ഷിയായ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായി മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണനും (67) ആണ് മത്സരിക്കുന്നത്. ഉപരാഷ്ട്രപതി പദവിയില്‍ 2 വര്‍ഷം ബാക്കി നില്‍ക്കെ, ജഗദീപ് ധന്‍കര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഒഴിവു വന്നത്. രാവിലെ 10 മുതല്‍ 5 വരെ പാര്‍ലമെന്റ് മന്ദിരത്തിലെ എഫ് 101 (വസുധ) മുറിയിലാണ് വോട്ടെടുപ്പ്. വൈകിട്ട് 6 മുതല്‍ വോട്ടെണ്ണല്‍ തുടങ്ങും.

കുറഞ്ഞത് 391 വോട്ട് നേടുന്നയാള്‍ ഇന്ത്യയുടെ 15ാം ഉപരാഷ്ട്രപതിയാകും. ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ക്കാണ് വോട്ടവകാശം. നിലവിലെ അംഗബലം അനുസരിച്ചു 781 ആണ് ആകെ വോട്ട്. രാജ്യസഭയില്‍ 7 അംഗങ്ങളുള്ള ബിജെഡിയും 4 അംഗങ്ങളുള്ള ബിആര്‍എസും ഒരു അംഗമുള്ള അകാലിദളും വോട്ടെടുപ്പില്‍ പങ്കെടുക്കില്ല.