X

ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട് ശ്രീലങ്ക പോരാട്ടം; സെമി സാധ്യത നിലനിര്‍ത്താന്‍ 2 ടീമുകള്‍ക്കും ജയം അനിവാര്യം

ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇംഗ്ലണ്ട് ശ്രീലങ്കയെ നേരിടും. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു വിജയമുള്ള ഇരുടീമുകള്‍ക്കും സെമി സാധ്യത നിലനിര്‍ത്താന്‍ വിജയം നിര്‍ണായകമാണ്. ഉച്ചയ്ക്ക് രണ്ടിന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ബംഗ്ലാദേശിനെതിരായ വിജയം ഒഴിച്ച് ഇത്തവണ തൊട്ടെതെല്ലാം പിഴച്ചു. ന്യൂസിലന്റിനോടും അഫ്ഗാനോടും ദക്ഷിണാഫ്രിക്കയോടുമെല്ലാം ദയനീയ തോല്‍വിയാണ് സമ്മാനിച്ചത്. ബൗളിങ്ങിലും ബാറ്റിങ്ങിലും സൂപ്പര്‍ താരങ്ങള്‍ ഉണ്ടെങ്കിലും ഇവരുടെ സ്ഥിരതയില്ലായ്മയാണ് ഇംഗ്ലണ്ടിനെ വലയ്ക്കുന്നത്. പേസര്‍ റീസ് ടോപ്‌ലി പരിക്കേറ്റ് പുറത്തായതും കൂടുതല്‍ തിരിച്ചടിയായി.

റണ്‍സ് ഒഴുകുന്ന ചിന്നസ്വാമിയിലെ പിച്ചില്‍ ബാറ്റിങ്ങില്‍ ജോണി ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്ലര്‍ എന്നീ ഒരുപിടി താരങ്ങളിലാണ് ടീമിന്റെ പ്രതീക്ഷകള്‍. ബാറ്റര്‍മാര്‍ ഫോമായാല്‍ ബംഗളൂരുവില്‍ ശ്രീലങ്കയെ മറികടക്കുക ഇംഗ്ലണ്ടിന് അനായസകരമാകും.തുടര്‍ച്ചയായ 3 പരാജയങ്ങള്‍ക്ക് ശേഷം നെതര്‍ലന്‍ഡ്‌സിനെതിരെ വിജയിക്കാനായതിന്റെ ചെറിയ ആത്മവിശ്വാസവുമായാണ് ലങ്ക എത്തുന്നത്.താരങ്ങളുടെ പരിക്കാണ് ശ്രീലലങ്കക്ക് തിരിച്ചടിയായത്.

നായകന്‍ ദസുന്‍ ഷനക പരിക്കേറ്റ് പുറത്തായതിന് പിന്നാലെ പേസര്‍ മതീഷ പതിരാനയും പുറത്തായത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. പതിരാനക്ക് പകരക്കാരനായി വെറ്ററന്‍ താരം ഏഞ്ചലോ മാത്യൂസിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ന് കളിക്കുന്ന കാര്യത്തില്‍ ഉറപ്പില്ല. കുശാല്‍ മെന്റിസ്,സമരവിക്രമ, ചരിത് അസലങ്ക തുടങ്ങിയവരുടെ ബാറ്റിങ് പ്രകടനമാകും ഈ പിച്ചില്‍ ശ്രീലങ്കക്ക് വിജയം സ്വന്തമാക്കാന്‍ നിര്‍ണായകമാകുക.

ബാറ്റര്‍മാര്‍ പലപ്പോഴും റണ്‍സ് കണ്ടെത്തുന്നുണ്ടെങ്കിലും ബൗളര്‍മാരുടെ മോശം പ്രകടനമാണ് മത്സര ഫലത്തില്‍ തിരിച്ചടിയാകുന്നത്. സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ 2 ടീമുകള്‍ക്കും വിജയം അനിവാര്യമായതിനാല്‍ ഇന്ന് പോരാട്ടം കനക്കുമെന്നുറപ്പ്.

 

webdesk13: