kerala

അപസ്മാരം; ആശുപത്രിയില്‍ നിന്ന് ചികിത്സ ലഭിച്ചില്ലെന്ന് പരാതി; ആദിവാസി യുവാവ് മരിച്ചു

By webdesk14

September 09, 2023

അപസ്മാരത്തെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആദിവാസി യുവാവ് മരിച്ചു. ചികിത്സ ലഭിക്കാത്തതാണ് മരണത്തിനിടയാക്കിയതെന്നു കാണിച്ച് മാതാവ് മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് പരാതി നല്‍കി. ചാലിയാര്‍ പഞ്ചായത്തിലെ ഇടിവണ്ണ പാറേക്കാട് കോളനിയിലെ വിനൂപ് തമ്പി (29) യാണ് മരിച്ചത്.

അപസ്മാര രോഗ ലക്ഷണത്തെ തുടര്‍ന്നു രണ്ടു ദിവസം മുമ്പ് വിനൂപ് തമ്പിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ കാണിച്ചിരുന്നു. ഇവിടെ നിന്നെടുത്ത എക്‌സ-റേ ആറിന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാണിച്ചിരുന്നു. എന്നാല്‍ കുഴപ്പമൊന്നും ഇല്ലെന്നു പറഞ്ഞു മടക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു.

വ്യാഴാഴ്ച വേദന വീണ്ടും ഉണ്ടായതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയും ഡോക്ടര്‍ അഡ്മിറ്റാക്കുകയും ചെയ്തു. ഇന്നലെ വേദന കൂടിയപ്പോള്‍ ഡോക്ടറെയും നഴ്‌സിനെയും കണ്ടു മകന് പെട്ടെന്നു ചികിത്സ നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ചികില്‍സ നല്‍കാന്‍ തയാറായില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ഇതാണ് തന്റെ മകന്‍ മരിക്കാന്‍ കാരണമെന്നും അതിനാല്‍ തന്റെ മകന് നീതി ലഭ്യമാക്കണമെന്നും തങ്ക പരാതിയില്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.