ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ടോട്ടനം ഹോട്‌സ്പറിനെതിരെ ആര്‍സനലിനു ജയം. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിനാണ് ഗണ്ണേഴ്‌സ് ടോട്ടനത്തിനെ വീഴ്ത്തിയത്. സീസണിലെ മൂന്നാം തോല്‍വി വഴങ്ങിയ ടോട്ടനം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ ആര്‍സനല്‍ അഞ്ചാം സ്ഥാനത്തേക്കു മുന്നേറി.

36-ാം മിനുട്ടില്‍ സ്‌കോര്‍ദാന്‍ മുസ്ഥഫിയും 41-ാം മിനുട്ടില്‍ അലക്‌സി സാഞ്ചസുമാണ് ഗോളുകള്‍ നേടിയത്. ആദ്യ ഗോളിന് മസൂദ് ഓസിലും രണ്ടാം ഗോളിന് അലക്‌സ് ലാകസറ്റും വഴിയൊരുക്കി. പലപ്പോഴും പരുക്കനായി മാറിയ മത്സരത്തില്‍ നാല് ആര്‍സനല്‍ താരങ്ങള്‍ മഞ്ഞക്കാര്‍ഡ് കണ്ടു.

മാഞ്ചസ്റ്റര്‍ സിറ്റി (31), മാഞ്ചസ്റ്റര്‍ യുനൈറ്റഡ് (23) ടീമുകളാണ് പോയിന്റ് നിലയില്‍ ടോട്ടനത്തിനു മുന്നിലുള്ളത്.