kerala

കളമശേരി കോളജില്‍ കഞ്ചാവെത്തിച്ചത് എറണാകുളത്തെ വന്‍ ലഹരിസംഘം; പിടിയിലായത് ഇതരസംസ്ഥാന ലഹരി മാഫിയയിലെ പ്രധാനികള്‍

By webdesk17

March 20, 2025

കളമശേരി പോളി ടെക്നിക് കോളേജ് ഹോസ്റ്റലിലേക്ക് കഞ്ചാവെത്തിച്ചത് എറണാകുളത്തെ വന്‍ ലഹരിസംഘമെന്ന് പൊലീസ് കണ്ടെത്തി. പിടിയിലായ അഹിന്ത മണ്ടലും സൊഹൈലും ഇതരസംസ്ഥാന ലഹരി മാഫിയയിലെ പ്രധാനികളാണെന്ന് പൊലീസ് പറയുന്നു. എറണാകുളം നഗരം, കളമശ്ശേരി, ആലുവ പെരുമ്പാവൂര്‍, മൂവാറ്റുപുഴ കേന്ദ്രീകരിച്ചാണ് ഇവരുടെ കഞ്ചാവ് വില്‍പ്പന. അതേസമയം കഞ്ചാവ് എത്തിക്കുന്നത് ഒഡീഷയില്‍ നിന്നാണെന്നും പൊലീസ് കണ്ടെത്തി.

ഏഴ് മാസത്തോളമായി ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികളുമായി ലഹരി മാഫിയ ഇടപാട് തുടങ്ങിയിട്ടെന്നും പൊലീസ് പറയുന്നു. നേരത്തെ പിടിയിലായ ഷാലിഖിന് ഇതര സംസ്ഥാന കഞ്ചാവ് മാഫിയയുമായി നേരിട്ട് ബന്ധമുണ്ട്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയില്‍ ഒരു കിലോ കഞ്ചാവുമായി പിടിക്കൂടിയ മൂര്‍ഷിദാബാദ് സ്വദേശി ദീപക്കും ഈ സംഘത്തിലുള്ളതാണ്. 6 തവണയോളം കഞ്ചാവ് ഷാലിഖിന് കൈമാറിയെന്ന് പ്രതികളുടെ മൊഴി. ഏറ്റവും ഒടുവില്‍ കൈമാറിയത് നാല് ബണ്ടില്‍ എന്നും പിടിയിലായ സോഹൈല്‍ പൊലീസിനോട് പറഞ്ഞു.

ഒരു ബണ്ടില്‍ കഞ്ചാവിന് ആറായിരം രൂപ കമ്മീഷനെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ ഷാലിഖ് വ്യക്തമാക്കിയിരുന്നു. 18,000 രൂപയ്ക്കാണ് ഒരു ബണ്ടില്‍ കഞ്ചാവ് ലഭിക്കുന്നത്. വിദ്യാര്‍ഥികളില്‍നിന്ന് 24,000 രൂപ വാങ്ങുമെന്നും ഷാലിക്ക് പൊലീസിനോട് പറഞ്ഞു. ഹോസ്റ്റലില്‍ കഞ്ചാവ് എത്തുന്നത് ഏതാണ്ട് എല്ലാ വിദ്യാര്‍ത്ഥികളും അറിഞ്ഞിരുന്നുവെന്നും പൊലീസ് പറയുന്നു.