ഇക്കഴിഞ്ഞ തിങ്കളാഴ്ച (15.07.2019) എന്‍.ഐ.എ ആക്ടിന്റെ ഭേദഗതി നിയമം പാര്‍ലമെന്റില്‍ വരികയുണ്ടായി. ഇതിന്റെ വോട്ടടുപ്പില്‍ മുസ്‌ലിം ലീഗ് അതിനെ എതിര്‍ത്തു വോട്ട് ചെയ്തില്ല എന്ന് വിമര്‍ശിച്ച് ചില സോഷ്യല്‍ മീഡിയാ കുറിപ്പുകള്‍ കാണാനിടയായി.
അത് വസ്തുതകള്‍ കൃത്യമായി മനസ്സിലാക്കാത്തത് കൊണ്ടാണെന്ന് ഞങ്ങള്‍ വിനയപൂര്‍വ്വം ചൂണ്ടിക്കാട്ടുന്നു. ഈ ബില്ലിലെ ഭേദഗതികള്‍ താഴെ പറയുന്ന കാര്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു.
ഇന്ത്യക്ക് പുറത്ത് നിന്നുള്ള ആളുകള്‍ പുറം രാജ്യങ്ങളില്‍ വച്ച് ഇന്ത്യന്‍ പൗരന്മാര്‍ക്കോ ഇന്ത്യയുടെ താത്പര്യങ്ങള്‍ക്കോ എതിരായി ഒരു കുറ്റം ചെയ്താല്‍ എന്‍.ഐ.എ ആക്ട് അവര്‍ക്കും ബാധകമാണ്. എന്‍.ഐ.എയുടെ ഉദ്യോഗസ്ഥന്മാര്‍ക്ക് ഇത്തരം കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന് ഇവിടെ നിയമപ്രകാരമുള്ള അവകാശാധികാരങ്ങള്‍ ഇന്ത്യക്ക് പുറത്ത് വച്ച് നടത്തുന്ന കുറ്റകൃത്യങ്ങളെ കുറിച്ചും ഉണ്ടാവും എന്നുമുള്ളതാണ്. മറ്റൊന്ന് ഇത്തരം കേസുകള്‍ വിചാരണ ചെയ്യുന്നതിന് ഒന്നോ അതിലധികമോ പ്രത്യേക കോടതികളെ ചുമതലപ്പെടുത്തുകയോ സ്ഥാപിക്കുകയോ ചെയ്യുന്നതിന് ഇന്ത്യാ ഗവണ്‍മെന്റിന് അധികാരമുണ്ടാവും.

ഈ ബില്ലില്‍ പറഞ്ഞതു പ്രകാരം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷിതത്വം, പരമാധികാരം എന്നിവ സംബന്ധിച്ച ഒരു കുറ്റം ഇന്ത്യക്ക് പുറത്ത് നടന്നാല്‍ അവര്‍ക്കെതിരെ ആ നാട്ടിലെ നിയമത്തിന്റെ കൂടി പിന്‍ബലത്തോട് കൂടി കേസെടുക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിന് അനുവാദം നല്‍കുന്ന നിയമത്തെ മുസ്‌ലിംലീഗിന് എതിര്‍ക്കേണ്ട കാര്യമില്ല. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യരുതെന്നും നിരപരാധികളെ ഉപദ്രവിക്കാനുള്ള ഉപകരണമായി ദേശീയ അന്വേഷണ ഏജന്‍സി മാറരുതെന്നും പറയേണ്ട ബാദ്ധ്യത ലീഗിനുണ്ട്. പാര്‍ട്ടി ആ ബാദ്ധ്യത പാര്‍ലമെന്റില്‍ കൃത്യമായി നിര്‍വ്വഹിച്ചിട്ടുണ്ട്.
മുസ്‌ലിം ലീഗ് ഇവിടെ ആര് ഭരിച്ചാലും ഇന്ത്യയുടെ വിശാല താത്പര്യങ്ങളുടെ കൂടെ നിന്ന ഒരു പ്രസ്ഥാനമാണ്. ഇത്തരം ഒരു നിയമത്തില്‍ മറിച്ച് വോട്ട് ചെയ്താല്‍ അത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ രാജ്യ താത്പര്യത്തിനെതിരായി നില്‍ക്കുന്നവരെന്ന പ്രചരണം നടത്താന്‍ ഫാസിസ്റ്റ് ശക്തികള്‍ക്കും പ്രത്യേകിച്ചും ബി.ജെ.പിക്കും എളുപ്പമാകും. ഇത്തരം ശക്തികള്‍ ആഗ്രഹിക്കുന്നതും അതാണ്.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ കരിനിയമങ്ങള്‍ക്കെതിരായി ധീരമായ നിലപാടെടുത്ത പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. അതോടൊപ്പം ഇന്ത്യയിലെ പ്രയാസപ്പെടുന്ന ന്യൂനപക്ഷത്തിന് രക്ഷാകവചമായി നില്‍ക്കേണ്ട ബാധ്യതയും മുസ്‌ലിം ലീഗിനുണ്ടെന്ന് ഞങ്ങള്‍ കരുതുന്നു.
സി.പി.എമ്മും ഉവൈസിയും എടുത്ത നിലപാടിന്റെ കൂടെ നില്‍ക്കാമായിരുന്നില്ലേയെന്ന ചോദ്യം വൈകാരികമാണ്. അത് വിവേകപൂര്‍വ്വമല്ല. മുസ്‌ലിം ലീഗ് വോട്ട് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും മറ്റുള്ളവര്‍ എന്ത് ചെയ്യുന്നുവെന്ന് നോക്കിയല്ല. താത്കാലികമായ ഒരു കൈയ്യടിക്ക് വേണ്ടിയുമല്ല.
ബി.ജെ.പി ഗവണ്‍മെന്റിന്റെ കഴിഞ്ഞ ഭരണത്തിലും ഇപ്പോഴും ഞങ്ങള്‍ ആരുടേയും കൂടെ പക്ഷം ചേര്‍ന്നിട്ടില്ല. ഞങ്ങള്‍ ചേര്‍ന്ന് നിന്നത് സത്യസന്ധതയുടേയും പ്രായോഗികതയുടേയും പക്ഷത്തായിരുന്നു. ഞങ്ങള്‍ക്ക് കൃത്യമായ നിലപാടുകളും ഉണ്ടായിരുന്നു. മുത്തലാഖ്, മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് സംവരണം എന്നീ കാര്യങ്ങളിലെല്ലാം ഞങ്ങളുടെ ചിന്താഗതിയോട് ആര് യോചിക്കുന്നുവെന്നും വിയോചിക്കുന്നുവെന്നും ഞങ്ങള്‍ നോക്കിയിട്ടില്ല. ഇക്കാര്യത്തിലും ഞങ്ങളുടെ നിലപാട് അത് തന്നെ. ഞങ്ങള്‍ക്ക് നേരെ വിമര്‍ശനങ്ങള്‍ പറയുന്നവരോടും സന്തോഷം പറയുന്നവരോടും നന്ദിയുണ്ട്.

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി