ന്യൂഡല്‍ഹി: സാംസ്‌കാരിക പൈതൃകങ്ങളും ചരിത്രസ്മാരകങ്ങളും സംരക്ഷിക്കുന്നതില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) ആത്മാര്‍ത്ഥതയില്ലെന്ന് ഇ.ടി.
മുഹമ്മദ് ബഷീര്‍ എം.പി. ചില ഘട്ടങ്ങളില്‍ കയ്യേറ്റങ്ങള്‍ക്ക് എ.എസ്.ഐ ഒത്താശ ചെയ്യുന്നുണ്ടെന്നും ലോക്‌സഭയില്‍ പുരാവസ്തു സംരക്ഷണ ബില്ലിന്റെ ചര്‍ച്ചാ വേളയില്‍ അദ്ദേഹം വ്യക്തമാക്കി. ദുരുപയോഗത്തിന് വഴിയൊരുക്കുന്ന നിയമമാണിത്. മഹത്തായ സാംസ്‌കാരിക പൈതൃകത്തിന്റെ ചിഹ്നമായ താജ്മഹലടക്കം ഭീഷണി നേരിടുന്നു. അന്തരീക്ഷ മാലിന്യത്തിന്റെ ഭാഗമായുള്ള രാസവസ്തുക്കളുടെ സ്പര്‍ശനങ്ങള്‍, മനുഷ്യനാല്‍ തന്നെ ഉണ്ടാക്കുന്ന മറ്റു കായികമായ ഇടപെടലുകള്‍, വിള്ളലുകള്‍, ഭൂകമ്പങ്ങള്‍ എന്നിവയെല്ലാം തന്നെ ചരിത്ര സ്മാരകങ്ങളെ തകര്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവക്ക് മുമ്പില്‍ മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദാരമാക്കുന്ന ബില്ലിലെ വകുപ്പുകള്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും കച്ചവട കണ്ണോടെയുള്ള ഇടപെടലുകളും പുരാവസ്തു സംരക്ഷണത്തിന് ആഘാതമുണ്ടാക്കും. താജ്മഹലിന്റെ കാര്യത്തില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുന്നുണ്ട്.
താജിനെ സംബന്ധിച്ച് ദേശീയ കള്‍ച്ചറല്‍ ഫണ്ടും താജ് ഗ്രൂപ്പ് ഓഫ് ഹോട്ടലുകളും ചേര്‍ന്ന് 2018ല്‍ പൂര്‍ത്തിയാക്കേണ്ട ധാരണാപത്രം ഉണ്ടാക്കിയിട്ടുണ്ട്. അത് വേഗം പൂര്‍ത്തിയാക്കണം. ഡല്‍ഹിയിലെ മഹ്‌റോളി ആര്‍ക്കിയോളജി പാര്‍ക്കില്‍ എ.എസ്.ഐ കയ്യേറ്റക്കാരെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. വഖഫ് ബോര്‍ഡിന്റെയും കേന്ദ്ര-സംസ്ഥാന പുരാവസ്തു സംരക്ഷണ ബോര്‍ഡുകളുടേയും നിയന്ത്രണത്തിലായിരുന്ന സ്ഥലങ്ങള്‍ വളച്ച് കെട്ടി വേലി സ്ഥാപിച്ചു.
ആരാധനക്ക് ഇത് വലിയ പ്രയാസമുണ്ടാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തണം. പുരാവസ്തു സംരക്ഷണ ബോര്‍ഡിനു കീഴില്‍ ഇന്ത്യയില്‍ 1076 ക്ഷേത്രങ്ങളും 250 പള്ളികളുമുണ്ട്. തെറ്റായ പ്രവണതയാണിത്. ഇന്ത്യയിലുള്ള ലോകപ്രസിദ്ധമായ ചരിത്ര സ്മാരകങ്ങള്‍ പാടെ അവഗണിക്കപ്പെടുകയാണെന്ന് സി.എ.ജി. നടത്തിയ പരാമര്‍ശനം ഗൗരവപരമായി കാണണം. പൈതൃക സമ്പത്ത് ബാക്കി നില്‍ക്കുന്ന നഗരങ്ങളും തെരുവുകളും തനിമ നിറുത്തി സൂക്ഷിക്കാന്‍ നടപടിവേണമെന്നും ഇ.ടി ആവശ്യപ്പെട്ടു.