മുംബൈ: മഹാരാഷ്ട്ര സ്റ്റേറ്റ് ബോര്‍ഡ് സെക്കണ്ടറി ആന്റ് ഹയര്‍ സെക്കണ്ടറി എഡ്യൂക്കേഷന്‍ ബോര്‍ഡ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളെ സെന്ററിലെ ജീവനക്കാര്‍ നഗ്നരാക്കി ദേഹപരിശോധന നടത്തി. സംഭവുമായി ബന്ധപ്പെട്ട് സ്വകാര്യ സ്‌കുളിലെ രണ്ട് ജീവനക്കാരെ മാനേജ്‌മെന്റ് പുറത്താക്കി. ഞായറാഴ്ച നടന്ന പരീക്ഷക്ക് മുന്‍പാണ് സംഭവം.
ലോണി കാല്‍ബോറിലെ എംഐടി മാനേജ്‌മെന്റ് സ്‌കൂളിലാണ് സംഭവം. പരീക്ഷയ്‌ക്കെത്തിയ 30 തോളം കുട്ടികളെ സ്‌കൂളിലെ വനിതാ ഗാര്‍ഡുമാര്‍ വസ്ത്രങ്ങള്‍ അഴിപ്പിച്ച ശേഷം പരിശോധിച്ചെന്നാണ് പരാതി.
വിദ്യാര്‍ത്ഥിനികളെ ദേഹപരിശോധന നടത്തിയ സംഭവത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായി. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും രംഗത്തെത്തി. വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയ സംഭവം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയെന്ന് ശിവസേന കൗണ്‍സില്‍ നീലം ഗോര്‍ഖെ പറഞ്ഞു. വസ്ത്രങ്ങള്‍ അഴിച്ച ശേഷം ദേഹപരിശോധന നടത്താന്‍ സര്‍ക്കാര്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്ന് മന്ത്രി വിനോദ് ത്വാവെ അറിയിച്ചതായി കൗണ്‍സില്‍ പറഞ്ഞു. ഇതേ സ്‌കൂളില്‍ പഠിക്കുകയായിരുന്ന വിദ്യാര്‍ത്ഥിനികളെയാണ് ഇത്തരത്തിലുള്ള പരിശോധനയ്ക്ക് വിധേയമാക്കിയത്. എന്നാല്‍, മറ്റു സ്‌കൂളില്‍ നിന്നു വന്ന കൂട്ടികളെ പരിശോധനക്ക് വിധേയമാക്കിയില്ലെന്നും കൗണ്‍സിലര്‍ ആരോപിച്ചു. കുട്ടികളെ പരിശോധനയ്ക്ക് വിധേയമാക്കിയ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ രാധാകൃഷ്ണ പാട്ടീല്‍, എന്‍സിപി നേതാവ് അജിത് പവാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. സ്‌കൂളിന് കളങ്കമുണ്ടാക്കുന്നതരത്തില്‍ പ്രവര്‍ത്തിച്ചതിന് രണ്ട് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി എഐടി അറിയിച്ചു.