കൊച്ചി: സംസ്ഥാനത്ത് അടുത്ത ഏതാനും ദിവസങ്ങളില്‍ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജൂണ്‍ 10 വരെ ശക്തമായ മഴയും 11ന് അതിശക്തമായ മഴയും ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. തുടര്‍ച്ചയായി മഴ ലഭിച്ചാല്‍ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്ക് കാരണമാകാമെന്നും സംസ്ഥാന അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം അറിയിച്ചു. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും ഇറങ്ങരുതെന്നും ജാഗ്രതാ നിര്‍ദേശം നല്‍കി. മരങ്ങള്‍ക്ക് താഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊലീസിന് നിര്‍ദേശം നല്‍കി. ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ നടപടിയെടുക്കാന്‍ ഡി.ടി.പി.സിക്ക് നിര്‍ദേശം നല്‍കി.