കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെ കര്‍ഷകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മക്ക് കത്തയച്ചു. ഫിറോസാപുര്‍ സ്വദേശി ഹര്‍പ്രീത് സിങ്ങാണ് മോദിയുടെ അമ്മ ഹീര ബെന്നിന് കത്തയച്ചത്. മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കണമെന്നാണ് കത്തിലെ ആവശ്യം.

‘ഞാന്‍ ഈ കത്തെഴുതുന്നത് വളരെ വിഷമിച്ചാണ്. നിങ്ങള്‍ക്കറിയുന്നതു പോലെ രാജ്യത്തെ ഊട്ടുന്ന അന്നദാതാക്കള്‍ കുറേ ദിവസങ്ങളായി ഡല്‍ഹിയിലെ റോഡുകളിലാണ് ഉറങ്ങുന്നത്. കര്‍ഷകരുടെ താല്‍പര്യത്തിനെതിരായി പാസാക്കിയ നിയമങ്ങളോടുളള പ്രതിഷേധ സൂചകമായാണ് ഞങ്ങള്‍ ഇത് ചെയ്തത്. ഈ പ്രതിഷേധത്തില്‍ പ്രായമായവര്‍ തുടങ്ങി ചെറിയ കുട്ടികള്‍ വരെയുണ്ട്. പോരാത്തതിന് തണുത്ത കാലാവസ്ഥ ഞങ്ങളെ പലരേയും രോഗികളാക്കുന്നുമുണ്ട്’ ഹര്‍പ്രീത് എഴുതുന്നു.

സമരമുഖത്തുളള കര്‍ഷകര്‍ക്് വേണ്ടിയാണ് താന്‍ ഈ കത്തെഴുതുന്നതെന്നും മകനെ പറഞ്ഞു മനസിലാക്കി ഇതില്‍ നിന്നും പിന്തിരിപ്പിക്കണമെന്നും ഹര്‍പ്രീത് അപേക്ഷിച്ചു. അദാനി, അംബാനിമാരെ സന്തോഷിപ്പിക്കുന്ന നിയമം എത്രയും വേഗം പിന്‍വലിക്കണമെന്ന താക്കീതും കത്തിലുണ്ട്. ഒരാള്‍ക്കും തന്റെ അമ്മയെ കേള്‍ക്കാതിരിക്കാന്‍ ആകില്ലെന്ന വിശ്വാസമാണ് തന്നെക്കൊണ്ട് കത്തെഴുതിച്ചതെന്നും ഹര്‍പ്രീത് പറഞ്ഞു.