ന്യൂഡല്‍ഹി: കാര്‍ഷിക പ്രശ്‌നങ്ങളില്‍ സര്‍ക്കാറുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണ് എന്നും ‘ലൗ ലെറ്ററുകള്‍’ക്ക് പകരം ഉറച്ച നിര്‍ദേശങ്ങളാണ് ആഗ്രഹിക്കുന്നതെന്നും കര്‍ഷകര്‍. നിരാകരിച്ച, നിരര്‍ത്ഥകമായ നിര്‍ദേശങ്ങള്‍ ആവര്‍ത്തിക്കരുത് എന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.

‘തുറന്ന മനസ്സോടെ ചര്‍ച്ചയ്ക്ക് സന്നദ്ധമാണ്. പുതുതായി കൊണ്ടു വന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്ന് ഉറപ്പു നല്‍കണം. മിനിമം താങ്ങുവിലയ്ക്ക് നിയമപരമായ പിന്തുണ നല്‍കണം. ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ ഒരടി വച്ചാല്‍ കര്‍ഷകര്‍ രണ്ടടി വയ്ക്കും- സംഘടകള്‍ വ്യക്തമാക്കി. കര്‍ഷകരെ ക്ഷീണിപ്പിച്ച് പ്രതിഷേധം അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ആള്‍ ഇന്ത്യ കിസാന്‍ സഭാ നേതാവ് ഹന്നന്‍ മൊല്ല ആരോപിച്ചു.

അതിനിടെ കാര്‍ഷിക മേഖലയിലെ പരിഷ്‌കാരവുമായി മുമ്പോട്ടു പോകുമെന്ന് കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ വ്യക്തമാക്കി. കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധമാണ് എന്നും അദ്ദേഹം അറിയിച്ചു.