ഛണ്ഡീഗഢ് : രാജ്യതലസ്ഥാന അതിര്‍ത്തികളില്‍ രണ്ടു മാസത്തിലേറെയായി നടക്കുന്ന കര്‍ഷക പ്രക്ഷോഭം പഞ്ചാബിലും ഹരിയാണയിലും ബിജെപിക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്.

പാര്‍ട്ടിയുടെ കോര്‍കമ്മിറ്റിയിലെ ഏക സിഖ് മുഖമായ മല്‍വീന്ദര്‍ സിങ് ഖാങ് അടക്കം നിരവധി ബിജെപി നേതാക്കള്‍ ജനുവരിയില്‍ രാജിവച്ചിട്ടുണ്ട്.
എട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും 109 മുനിസിപ്പല്‍ കൗണ്‍സില്‍പഞ്ചായത്തുകളിലേക്കുമായി നടക്കുന്ന തെരഞ്ഞെടുപ്പ് പുതിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ പ്രതിഫലനമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫെബ്രുവരി 14നാണ് തിരഞ്ഞെടുപ്പ്. പഞ്ചാബിലെ ബിജെപിയുടെ ദീര്‍ഘകാല സഖ്യകക്ഷിയായിരുന്ന അകാലിദള്‍ കര്‍ഷക നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി സഖ്യം ഉപേക്ഷിച്ചിരുന്നു. കര്‍ഷക സമരം നടക്കുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാണ് ഒരുവിഭാഗം ആവശ്യപ്പെടുന്നത്.

ഹരിയാണയിലും ബിജെപി സമാനമായ വെല്ലുവിളിയാണ് നേരിടുന്നത്. ജനുവരിയില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ ഹെലികോപ്ടര്‍ ഇറങ്ങാന്‍ പോലും കര്‍ഷകര്‍ സമ്മതിച്ചില്ല. 1500 പോലീസുകാരെ വിന്യസിച്ച് കനത്ത സുരക്ഷ ഒരുക്കിയിട്ടും മുഖ്യമന്ത്രി പങ്കെടുക്കേണ്ട വേദി പ്രതിഷേധിക്കാര്‍ കൈയ്യേറിയിരുന്നു. ഇതിനോടകം തന്നെ നിരവധി പ്രവര്‍ത്തകരാണ് ബിജെപി വിട്ടത്.