ഡല്‍ഹി: കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടാതെ വീടുകളിലേക്ക് മടങ്ങില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്.

രാജ്യവ്യാപകമായി ദേശീയസംസ്ഥാന പാതകള്‍ ഉപരോധിക്കുന്ന മൂന്ന് മണിക്കൂര്‍ ‘ചക്കാ ജാം’ അവസാനിച്ചതിന് ശേഷം ഗാസിപുര്‍ അതിര്‍ത്തിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രാകേഷ് ടികായത്.

പ്രക്ഷോഭം ഒക്ടോബര്‍ രണ്ട് വരെ തുടരും. ഇക്കാലയളവില്‍ കേന്ദ്രം നിയമം പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കര്‍ഷക സംഘടനകളുമായി ആലോചിച്ച് കൂടുതല്‍ പ്രക്ഷോഭം ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

‘ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വീട്ടിലേക്ക് മടങ്ങില്ല. ഒക്ടോബര്‍ രണ്ടു വരെ ഞങ്ങള്‍ സര്‍ക്കാരിന് നിയമങ്ങള്‍ക്ക് പിന്‍വലിക്കാന്‍ സമയം നല്‍കിയിട്ടുണ്ട്. അതിന് ശേഷം മറ്റുകാര്യങ്ങള്‍ ആലോചിക്കാം. ചര്‍ച്ചകള്‍ക്കായി സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദത്തിനും പോകുന്നില്ല’ ടികായത് പറഞ്ഞു. ചക്കാ ജാമിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ ഇന്ന് റോഡുകള്‍ ഉപരോധിച്ചു.