കാര്‍ഷിക ബില്ലിനെതിരെ ഇതിഹാസ സമാനമായ ഒരു പോരാട്ടത്തിന്റെ മുഖത്താണ് രാജ്യത്തെ കര്‍ഷകര്‍. ആ സമരത്തെ ജ്വലിപ്പിക്കുന്നത് കര്‍ഷകര്‍ക്കുള്ളിലെ തീ മാത്രമല്ല, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ തെറ്റായ തീരുമാനങ്ങള്‍കൂടിയാണ്. ദില്ലി ചലോ മുദ്രാവാക്യവുമായി തലസ്ഥാനത്തേക്കു തിരിച്ച പ്രതിഷേധക്കാരെ തടയുമെന്ന ഉറച്ച നിലപാടിലാണ് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍. എന്നാല്‍ എന്തു വില കൊടുത്തും ഡല്‍ഹിലെത്തുമെന്ന പ്രഖ്യാപനവുമായി കര്‍ഷകരും.

തുടര്‍ച്ചയായ മൂന്നാം ദിവസവും കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. കര്‍ഷകരുടെ മാര്‍ച്ച് തടയാനായി ബാരിക്കേഡുകള്‍ക്ക് പുറമേ, വലിയ കിടങ്ങുകളും ഉരുളുന്‍ കല്ലുകളും മുള്‍വേലികളും സ്ഥാപിച്ചിട്ടുണ്ട് പൊലീസ്. സോനിപത് പോലെയുള്ള സ്ഥലങ്ങളില്‍ ഷിപ്പിങ് കണ്ടെയ്‌നറുകളും സിമന്റ് ഭിത്തികളും പത്തടി ആഴമുള്ള കൂറ്റന്‍ കിടങ്ങുകളും സ്ഥാപിച്ചു കഴിഞ്ഞു. കര്‍ഷകരുടെ ട്രക്കുകളെ ഹരിയാന അതിര്‍ത്തി കടത്താതിരിക്കുകയാണ് ലക്ഷ്യം. ട്രക്കുകളിലും കാല്‍നടയായുമായാണ് പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുള്ളത്.

കര്‍ഷക യാത്രയ്ക്കു നേരെ ജലപീരങ്കി ഉപയോഗിക്കുന്നത് പതിവു കാഴ്ചയായി മാറിയിട്ടുണ്ട്. എന്നാല്‍ ഇഷ്ടികകളും കല്ലുമായി കര്‍ഷകര്‍ പൊലീസിനെ ഗത്യന്തരമില്ലാതെ നേരിടുന്നുമുണ്ട്.

സെപ്തംബറില്‍ പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് പ്രകടനമായി നീങ്ങുന്നത്. എന്നാല്‍ എല്ലാ സംസ്ഥാന അതിര്‍ത്തിയിലും പോലീസ് ബാരിക്കേഡുകള്‍ വെച്ച് തടസങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.

ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലാണ് വലിയ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പൊലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി. കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. താല്‍ക്കാലികമായി കര്‍ഷകര്‍ പിന്മാറിയെങ്കിലും ആയിരിക്കണക്കിന് കര്‍ഷകര്‍ കൂട്ടമായി അതിര്‍ത്തിയിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഡല്‍ഹിയിലേക്കുള്ള എല്ലാ അതിര്‍ത്തികളും പൊലീസ് അടച്ചിട്ടുണ്ട്.

അഞ്ഞൂറോളം കര്‍ഷകസംഘടനകളാണ് ഡല്‍ഹി ചലോ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കേന്ദ്രകൃഷിവകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമര്‍ ഡിസംബര്‍ മൂന്നിന് കര്‍ഷകസംഘടന പ്രതിനിധികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ് കര്‍ഷകസംഘടനകളുടെ നിലപാട്.

സമാധാനപരമായ മാര്‍ച്ചിനെ എന്തിനാണ് തടയുന്നത് എന്നാണ് കര്‍ഷകരുടെ ചോദ്യം.

‘ഞങ്ങള്‍ ചെയ്യുന്നതെല്ലാം സമാധാനപരമായിട്ടാണ്. ആരുടെയെങ്കിലും സ്വത്തോ മറ്റോ ഞങ്ങള്‍ കേടുവരുത്തിയിട്ടില്ല. ഒരു മാസം നില്‍ക്കേണ്ടി വന്നാല്‍ അതിനു തയ്യാറാണ്. രക്തസാക്ഷിയാകാനും തയ്യാര്‍ –

ഒരു കര്‍ഷകന്‍ എഎന്‍ഐയോട്

കോവിഡ് മാനദണ്ഡലങ്ങള്‍ പാലിക്കാത്തതു കൊണ്ടാണ് സമരങ്ങള്‍ക്ക് അനുമതി നല്‍കാത്തത് എന്നാണ് ഡല്‍ഹി പൊലീസ് കമ്മിഷര്‍ എസ്എന്‍ ശ്രീവാസ്തവ പറയുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ യോഗങ്ങള്‍ അനുവദിക്കുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.