വിജയവാഡ: ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ പുതിയ ഏറ്റുമുട്ടലില്‍ ഏഴ് മാവോവാദികള്‍ കൂടി കൊല്ലപ്പെട്ടു. മൂന്ന് വനിതകളും ഉള്‍പ്പെടുന്ന ഇവര്‍ ബുധനാഴ്ച നടന്ന ദൗത്യത്തിനിടെയാണ് വധിക്കപ്പെട്ടതെന്ന് എ.ഡി.ജി.പി മഹേഷ്ചന്ദ്ര ലദ്ധ അറിയിച്ചു.
ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മുതിര്‍ന്ന മാവോയിസ്റ്റ് കമാന്‍ഡറായ മാധവി ഹിദ്മ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് ശക്തമായ തെരച്ചില്‍ തുടരുന്നതിനിടെ ഇന്ന് വീണ്ടും ഏറ്റുമുട്ടലുണ്ടായി.
കൊല്ലപ്പെട്ടവരില്‍ ടെക് ശങ്കര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ശ്രീകാകുളം സ്വദേശി മെതുരി ജൊക്കറാവുവും ഉള്‍പ്പെടുന്നു. ആയുധ നിര്‍മാണത്തിലും സാങ്കേതിക ദൗത്യങ്ങളിലും പ്രാവീണ്യമുള്ള മാവോവാദിയായിരുന്നു ശങ്കര്‍.
രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ വ്യാപക തിരച്ചിലില്‍ എന്‍.ടി.ആര്‍, കാകിനഡ, കൊനസീമ, എലൂരു ജില്ലകളില്‍ ചേര്‍ന്നാണ് 50 മാവോവാദികളെ അറസ്റ്റ് ചെയ്തതെന്നും എ.ഡി.ജി.പി വ്യക്തമാക്കി. വന്‍തോതില്‍ ആയുധങ്ങളും നിര്‍മാണ സാമഗ്രികളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.