News

മോന്‍ത’ ചുഴലിക്കാറ്റ് കരതൊടാനിരിക്കെ ആന്ധ്രയില്‍ കനത്ത ജാഗ്രത; 10,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

By webdesk18

October 27, 2025

അമലാപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘മോന്‍ത’ ചുഴലിക്കാറ്റ് കരതൊടാനിരിക്കെ ആന്ധ്രാപ്രദേശ് കനത്ത ജാഗ്രതയിലാണ്. ഡോ. ബി.ആര്‍. അംബേദ്കര്‍ കൊനസീമ ജില്ലയില്‍ 10,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

ജില്ലയില്‍ 120 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 120 ഗര്‍ഭിണികളെയും സുരക്ഷിതത്വത്തിനായി ആശുപത്രികളിലേക്ക് മാറ്റി. ചുഴലിക്കാറ്റ് ശമിക്കുന്നതുവരെ ഇവരെ ആശുപത്രികളില്‍ പാര്‍പ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

കടല്‍ത്തീരത്തിന് സമീപമുള്ള ദേശീയപാതയിലെ 40 കിലോമീറ്റര്‍ ഭാഗത്തും സംസ്ഥാന പാതയിലെ 400 കിലോമീറ്റര്‍ ഭാഗത്തും സ്ഥാപിച്ചിരുന്ന പരസ്യബോര്‍ഡുകളും ഹോര്‍ഡിങുകളും ശക്തമായ കാറ്റ് മുന്നില്‍ കണ്ടാണ് നീക്കം ചെയ്തത്.

പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലും ജാഗ്രത തുടരുകയാണ്. ഗോദാവരി ജലം തുറന്നുവിടുന്നത് താത്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. നര്‍സാപുരം കടല്‍ത്തീരത്ത് അധിക ജാഗ്രതാ നടപടികളും സ്വീകരിച്ചു. ജില്ലയില്‍ 16 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

മോന്‍ത ചുഴലിക്കാറ്റ് നാളെ കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. 28ന് വൈകുന്നേരത്തോടെ മാച്ചിലിപട്ടണത്തിനും കാക്കിനാടക്കും ഇടയില്‍ തീരം തൊടുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് ശക്തമായ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഒഡീഷ, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ വ്യാപകമായ മഴയ്ക്കും മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനുമാണ് സാധ്യത. ഒഡീഷയിലെ എട്ട് ജില്ലകളെ ‘റെഡ് സോണ്‍’ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.