ന്യൂഡല്‍ഹി: സൈനികര്‍ക്കൊപ്പം കര്‍ഷകരും റിപ്പബ്ലിക് ദിനം ആഘോഷിക്കുമെന്ന് കര്‍ഷക സംഘടനകള്‍. രാജ്പഥിലെ റിപ്പബ്ലിക് ദിന പരേഡിന് ബുദ്ധിമുട്ടുണ്ടാകില്ല. ഡല്‍ഹിയുടെ ഔട്ടര്‍ റിങ് റോഡിലായിരിക്കും കര്‍ഷകരുടെ ട്രാക്ടര്‍ പരേഡ്. സമാധാനപൂര്‍വമായിരിക്കും കര്‍ഷകരുടെ റിപ്പബ്ലിക് ദിന ആഘോഷമെന്നും, ആയുധങ്ങളോ പ്രകോപനപരമായ പ്രസംഗങ്ങളോ അനുവദിക്കില്ലെന്നും സംഘടനകള്‍ വ്യക്തമാക്കി.

കര്‍ഷകര്‍ ചെങ്കോട്ടയിലേക്ക് പരേഡ് നടത്തുമെന്നും പാര്‍ലമെന്റ് പിടിച്ചെടുക്കുമെന്നുമുള്ള പ്രചാരണങ്ങള്‍ കര്‍ഷക സംഘടനകള്‍ തള്ളി. നരേന്ദ്രമോദി സര്‍ക്കാര്‍ കര്‍ഷക ക്ഷേമത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കര്‍ണാടകയില്‍ പറഞ്ഞു. അമിത് ഷായുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കര്‍ണാടകയിലെ ബെലഗാവിയില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചു.