X

തനിക്ക് എത്ര പേരുടെ പിന്തുണയുണ്ട്? ഫസല്‍ ഗഫൂറിന്റെ പേരിലുള്ള ഫെയ്‌സ്ബുക് പേജില്‍ രണ്ടു ദിവസം കൊണ്ട് നിറഞ്ഞത്

കോഴിക്കോട്: എത്ര പേര്‍ എനിക്ക് സപ്പോര്‍ട്ട് ഉണ്ട്? എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിന്റെ പേരിലുള്ള ഫെയ്‌സ്ബുക് അക്കൗണ്ടില്‍ ഇന്നലെ രാവിലെ പോസ്റ്റ് ചെയ്ത അഭിപ്രായ വോട്ടെടുപ്പിലാണ് ഈ ചോദ്യം ഉന്നയിക്കുന്നത്. ഇരുപത്തിനാല് മണിക്കൂര്‍ നേരം കൊണ്ട് 56,000ത്തിലധികം പേര്‍ ഈ പേജില്‍ പോള്‍ രേഖപ്പെടുത്തി. 82 ശതമാനം പേരാണ് ഫസല്‍ ഗഫൂറിന് പിന്തുണയില്ലെന്ന് രേഖപ്പെടുത്തിയത്. 18 ശതമാനം പേര്‍ പിന്തുണക്കുന്നുമുണ്ട്. ആറു ദിവസം നീണ്ടു നില്‍ക്കുന്ന പോളിങ്ങില്‍ ഒരു ദിവസം മാത്രം പിന്നിടുമ്പോഴാണ് ഈ ശതമാനക്കണക്ക്.

എന്നാല്‍ തന്റെ പേരില്‍ പ്രചരിക്കുന്ന ഈ ഫെയ്‌സ്ബുക് പേജിനെതിരെ ഫസല്‍ ഗഫൂര്‍ തന്നെ രംഗത്തു വന്നിരിക്കുകയാണ്. അക്കൗണ്ട് വ്യാജമാണെന്ന് കമ്മിഷണര്‍ക്കും നടക്കാവ് പോലീസ് സ്‌റ്റേഷനിലും അദ്ദേഹം പരാതി നല്‍കി. ജീവിതത്തില്‍ ഇതുവരെ ഫെയ്‌സ്ബുക് പേജ് ഉപയോഗിച്ചിട്ടില്ലാത്ത തന്റെ പേരില്‍ വ്യാജപ്രചാരണങ്ങളാണ് നടക്കുന്നതെന്നും ഫെയ്‌സ്ബുക് ഉപയോഗിക്കാന്‍ അറിയില്ലെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു. പേജിനു പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നും പ്രതിയെ ഉടന്‍ പിടികൂടണമെന്നും ഫസല്‍ ഗഫൂര്‍ പൊലീസ് കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു. പേജിന്റെ ലിങ്കും ഗള്‍ഫില്‍ നിന്നു വന്ന വധഭീഷണിയും ഉള്‍പ്പെടെയുള്ള തെളിവുകള്‍ നല്‍കിയാണ് പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മെയ് രണ്ടിന് രാത്രി കൃത്യം 11.11നാണ് ഫസല്‍ ഗഫൂറിന്റെ പേരിലുള്ള ഫെയ്‌സ്ബുക് പേജ് തുടങ്ങിയത്.

രണ്ടു ദിവസത്തിനകം നിരവധി പോസ്റ്റുകളാണ് ഈ പേജില്‍ നിറഞ്ഞിരിക്കുന്നത്. ഇതുവരെ 23,000ത്തിലധികം പേര്‍ ഈ പേജ് ലൈക്ക് ചെയ്തിട്ടുണ്ട്.

web desk 1: