X

ഭാര്യയെയും മകനെയും തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

കൊച്ചി: ഭാര്യയെയും മകനെയും തീകൊളുത്തി കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. പട്ടിമറ്റം സ്വദേശി സജി (32)യാണ് ഭാര്യ ബിന്ദു(29)വിനെയും ഒന്നര വയസുള്ള മകന്‍ ശ്രീഹരിയെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. എറണാകുളം കളമശ്ശേരിയില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

ഇരുവരേയും തീകൊളുത്തി കൊന്നശേഷം സജി തൂങ്ങി മരിക്കുകയായിരുന്നു. ബിന്ദുവും ഒന്നര വയസ്സുള്ള മകനും ഉറങ്ങി കിടന്നപ്പോഴാണ് സജി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ശബ്ദം കേട്ടെത്തിയ ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിയുടെ ശരീരത്തിലും തീ കൊളുത്തിയ ശേഷം സജി ശുചിമുറിയില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ആനന്ദവല്ലിക്കും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ നിലവിളിയെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും ബിന്ദുവും മകനും മരിച്ചിരുന്നു. തിരച്ചിലിനൊടുവിലാണ് സജിയെ കുളിമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആനന്ദവല്ലിയെ നാട്ടുകാര്‍ പിന്നീട് ആസ്പത്രിയിലെത്തിച്ചു.

ആനന്ദവല്ലിയുടെ നില അതീവ ഗുരുതരമാണ്. കളമശ്ശേരി വിദ്യാനഗറിനു സമീപം വാടകക്ക് താമസിക്കുകയായിരുന്നു സജിയും കുടുംബവും. അടുത്തുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്നു സജി.

chandrika: