X

ഇനി പേടിക്കേണ്ട; ചിക്കുന്‍ഗുന്യയക്ക് വാക്‌സിന്‍ എത്തുന്നു

ലോകത്ത് ആദ്യമായി ചിക്കുന്‍ഗുന്യക്ക് വാക്സിന്‍ കണ്ടെത്തി. ‘ഇക്സ് ചിക്’ എന്ന പേരിലുളള വാക്സിന് യുഎസ് ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. വാക്സിന്‍ ഉടന്‍ വിപണിയില്‍ എത്തിക്കുന്നതിനുളള തയ്യാറെടുപ്പിലാണ് നിര്‍മ്മാതാക്കള്‍. ഏറെ നാള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ലോകത്ത് ആദ്യമായി ചിക്കുന്‍ഗുന്യക്ക് വാക്സിന്‍ വികസിപ്പിച്ചിത്. വാല്‍നേവ എന്ന കമ്പനിയാണ് വാക്സിന്‍ കണ്ടുപിടിച്ചത്.

നോര്‍ത്ത് അമേരിക്കയില്‍ 2 ഘട്ടങ്ങളിലായി നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം യുഎസ് ആരോഗ്യ മന്ത്രാലയം വാക്സിന് അംഗീകാരം നല്‍കുകയായിരുന്നു. 18 വയസിനും അതിന് മുകളിലുമുളള 3500 ആളുകളിലാണ് വാക്സിന്‍ പരീക്ഷിച്ചത്. ‘ഇക്സ് ചിക്’ എന്ന പേരിലായിരിക്കും വാക്സിന്‍ വിപണിയില്‍ എത്തുക

18 വയസിന് മുകളിലുളളവര്‍ക്ക് ആദ്യ ഘട്ടത്തില്‍ വാക്സിന്‍ നല്‍കും. കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് ശേഷം മറ്റുള്ളവര്‍ക്കും വാക്സിന്‍ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. പേശിയിലേക്ക് ഇഞ്ചക്ഷന്‍ രീതിയില്‍ നല്‍കുന്ന ഒറ്റ ഡോസ് വാക്സിന്‍ ആണ് ഇത്. പുതിയ വാക്സിന്‍ എത്തുന്നതോടെ ആഗോള ഭീഷണിയായ ചികുന്‍ഗുന്യയെ പൂര്‍ണമായും തുടച്ച് നീക്കാന്‍ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 1952ല്‍ ടാന്‍സാനിയയില്‍ റിപ്പോര്‍ട്ട് ചെയ്ത ഈ രോഗം കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ 5 ദശലക്ഷത്തോളം ആളുകളെയാണ് ബാധിച്ചത്.

 

webdesk13: