X

സ്പാനിഷ് ഫുട്‌ബോള്‍ താരം ഫെര്‍ണാണ്ടോ ടോറസ് ബുട്ടഴിച്ചു

ലണ്ടന്‍: 18 വര്‍ഷത്തെ കരിയറിന് വിരാമമിട്ടുകൊണ്ട് സ്പാനിഷ് ഫുട്‌ബോള്‍ താരം ഫെര്‍ണാണ്ടോ ടോറസ് ബുട്ടഴിച്ചു. ട്വിറ്റര്‍ വീഡിയോയിലൂടെയാണ് ടോറസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പും 2008ലെ യൂറോ കപ്പും നേടിയ സ്പാനിഷ് ടീമില്‍ അംഗമായിരുന്ന ടോറസ് സ്‌പെയിനിന്റെ സുവര്‍ണകാലഘട്ടത്തിന്റെ പ്രതിനിധിയാണ്. 2008ല്‍ ടോറസിന്റെ ഗോളിലാണ് സ്‌പെയിന്‍ യൂറോ കപ്പ് നേടിയത്. അത്‌ലറ്റിക്കോ മാഡ്രിഡ്, ലിവര്‍പൂള്‍, ചെല്‍സി തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. നിലവില്‍ ജപ്പാനിലെ ജെ വണ്‍ ലീഗില്‍ സാഗന്‍ ടോസു ടീമംഗമായിരുന്നു ടോറസ്.

അത്‌ലറ്റിക്കോ മാഡ്രിഡിലൂടെയാണ് ടോറസ് ക്ലബ് ഫുട്‌ബോളില്‍ കരിയര്‍ ആരംഭിച്ചത്. ചെറുപ്രായത്തില്‍ തന്നെ അത്‌ലറ്റിക്കോയുടെ ക്യാപ്റ്റനായ ടോറസ് ആറ് വര്‍ഷം അത്‌ലറ്റിക്കോക്ക് വേണ്ടി ബൂട്ടണിഞ്ഞു. അത്‌ലറ്റിക്കോക്ക് വേണ്ടി 214 മത്സരങ്ങള്‍ കളിച്ച ടോറസ് 82 ഗോളുകള്‍ നേടി.

2007ല്‍ ലിവര്‍പൂളിലേക്ക് കൂടുമാറിയ താരം 102 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടി. 2011ല്‍ ചെല്‍സിയിലെത്തിയ താരത്തിന് വേണ്ടത്ര തിളങ്ങാനായില്ല. ചെല്‍സിക്കായി 110 മത്സരങ്ങള്‍ കളിച്ച താരത്തിന് 20 ഗോളുകള്‍ മാത്രമാണ് നേടാനായത്. തുടര്‍ന്ന് ചെല്‍സിയില്‍ നിന്ന് വായ്പാ അടിസ്ഥാനത്തില്‍ എ.സി മിലാനിലെത്തിയ ടോറസ് കഴിഞ്ഞ വര്‍ഷമാണ് ജാപ്പാനീസ് ക്ലബ്ബിലേക്ക് കൂടുമാറിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: