X

മെസി vs എംബാപ്പെ ഏറ്റുമുട്ടുമ്പോള്‍ ലോകം കാണാന്‍ പോകുന്നത് സ്വപ്ന ഫൈനല്‍

ദോഹ: ബ്രസീലും അര്‍ജന്റീനയും തമ്മിലൊരു സെമിഫൈനല്‍ ഇവിടെ ഫുട്‌ബോള്‍ ലോകം സ്വപ്‌നംകണ്ടിരുന്നു. ക്രൊയേഷ്യക്കാര്‍ ആ സ്വപ്‌നം തരിപ്പണമാക്കി. അവര്‍ ബ്രസീലിനെ കെട്ടുകെട്ടിച്ചു. ഇനിയിപ്പോള്‍ മറ്റൊരു സ്വപ്‌നതുല്യമായ ഫൈനലാണ്. അര്‍ജന്റീനക്കെതിരെ ഫ്രാന്‍സ്. അഥവാ ലിയോ മെസിയും കിലിയന്‍ എംബാപ്പേയും. ഇനിയും വിവരിച്ചാല്‍ ലാറ്റിനമേരിക്കയും യൂറോപ്പും. ഫ്രാന്‍സ് നിലവിലെ ജേതാക്കളാണ്. അര്‍ജന്റീനയാവട്ടെ തോല്‍വികളറിയാതെ 37 മല്‍സര കുതിപ്പിന് ശേഷം സഊദി അറേബ്യക്ക് മുന്നില്‍ തല താഴ്ത്തിയാണ് ഫൈനല്‍ വരെയെത്തിയത്. ലോകമെമ്പാടുമുള്ള അര്‍ജന്റീനിയന്‍ ആരാധകര്‍ സ്വപ്‌നത്തില്‍ കണ്ടതാണ് ഈ ഫൈനല്‍ ബര്‍ത്ത്. ഇനി ഒരു സ്വപ്‌നം കൂടി ബാക്കി നില്‍ക്കുന്നു ആ കപ്പില്‍ മെസി മുത്തമിടണം. ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോളര്‍ക്ക് കരിയര്‍ അവസാനിപ്പിക്കുമ്പോള്‍ ഒരു ലോകകപ്പ് വേണമെന്ന പ്രഖ്യാപനം ആരാധകര്‍ മാത്രമല്ല നടത്തുന്നത് അര്‍ജന്റീനിയന്‍ സംഘത്തിലെ ഓരോരുത്തരും അത് തന്നെ പറയുന്നു.
ഫ്രാന്‍സിനാവട്ടെ നാല് വര്‍ഷം മുമ്പ് സ്വന്തമാക്കിയ ലോകകപ്പിന് ശഷം നല്ല കാലമായിരുന്നില്ല. തോല്‍വികള്‍ വന്നു. നാഷന്‍സ് ലീഗില്‍ തപ്പിതടഞ്ഞു. യൂറോയിലും കാര്യമായി ഒന്നും ചെയ്യാനായില്ല. ഖത്തറിലേക്ക് വരുന്നതിന് മുമ്പ് കരീം ബെന്‍സേമ, പോള്‍ പോഗ്ബ, എന്‍കോളോ കാന്റെ തുടങ്ങിയ വമ്പന്മാരെയെല്ലൊം നഷ്ടമായി. ഇത് കൂടാതെയായിരുന്നു നാഷന്‍സ് ലീഗിലെ പരാജയങ്ങള്‍. നോക്കൗട്ടിനപ്പുറം ഫ്രാന്‍സ് വരില്ലെന്ന് പലരും പറഞ്ഞു. പക്ഷ ദിദിയര്‍ ദെഷാംപ്‌സ് സംഘം തുണീഷ്യക്കെതിരായ തോല്‍വിക്ക് ശേഷം പൂര്‍ണ കരുത്തില്‍ ഉയിര്‍ത്തെഴുന്നേറ്റു. ഫോമിലേക്ക് വന്ന രണ്ട് ടീമുകളുടെ നേര്‍ക്കുനേര്‍ പോരാട്ടത്തിന് ലോകം സാക്ഷികളാവാന്‍ പോവുന്നത് രണ്ട് മെഗാതാരങ്ങളുടെ പശ്ചാത്തലത്തിലാണ്.ദോഹ: കാറ്റു നിറച്ച തുകല്‍ പന്തിന് പിന്നാലെ ഒരു മാസത്തെ പോരാട്ടത്തിനൊടുവില്‍ ആരാകും അന്തിമ വിജയി എന്നറിയാന്‍ ഇനി രണ്ട് നാള്‍ മാത്രം ബാക്കി. രണ്ട് തവണ വീതം വിശ്വകിരീടം നേടിയ ഫ്രാന്‍സും അര്‍ജന്റീനയും തമ്മില്‍ ലൂസെയ്ല്‍ സ്റ്റേഡിയത്തില്‍ നേര്‍ക്കു നേര്‍ വരുമ്പോള്‍ ആരാകും വിജയി എന്നത് പ്രവചനാതീതമാണ്. കരുത്തരുടെ പോരാട്ടം കനക്കുമെന്ന് തന്നെയാണ് ഫുട്‌ബോള്‍ പ്രേമികളും കണക്കു കൂട്ടുന്നത്. മൊറോക്കോയ്‌ക്കെതിരായ സെമി ഫൈനലിലെ ഉജ്ജ്വല വിജയത്തോടെയാണ് ഫ്രാന്‍സ് ലോകകപ്പ് കലാശക്കളിക്ക് അര്‍ഹത നേടിയത്. നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സിന് ഫൈനലിലെത്തിയതോടെ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമായി. ഫ്രാന്‍സിന്റെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാണ്.

തുടര്‍ച്ചയായി രണ്ടാം ലോകകപ്പ് ഫൈനലില്‍ ഇടം നേടുന്ന ആറാമത്തെ രാജ്യമാണ് ഫ്രാന്‍സ്. തുടര്‍ച്ചയായ രണ്ടാം കിരീട നേട്ടമെന്ന റെക്കോഡ് സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ഖത്തറില്‍ ടീമിന് കൈവന്നിരിക്കുന്നത്. ഇറ്റലി, ബ്രസീല്‍, നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, അര്‍ജന്റീന എന്നിവരാണ് തുടര്‍ച്ചയായി ലോകകപ്പ് ഫൈനലില്‍ എത്തിയിട്ടുള്ള മറ്റ് രാജ്യങ്ങള്‍. ഈ പട്ടികയില്‍ ബ്രസീലും ജര്‍മനിയും തുടര്‍ച്ചയായി മൂന്ന് തവണ ലോകകപ്പിന്റെ കലാശപ്പോരില്‍ എത്തിയിട്ടുണ്ട്. ജര്‍മനി 1982, 1986, 1990 എന്നീ വര്‍ഷങ്ങളിലും ബ്രസീല്‍ 1994, 1998, 2002 എന്നീ വര്‍ഷങ്ങളിലും ലോകകിരീടത്തിന് വേണ്ടിയുള്ള കലാശപ്പോരാട്ടത്തിന് എത്തിയിരുന്നു. ആദ്യമായി ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്നത് ഇറ്റലിയാണ്. 1934, 1938 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഇറ്റലി ഫൈനലില്‍ എത്തുകയും കിരീടം നേടുകയും ചെയ്തിരുന്നു. 1958 ലും 1962ലും ബ്രസീലും ഫൈനലിസ്റ്റുകളായിരുന്നു. രണ്ട് വര്‍ഷവും ബ്രസീല്‍ തന്നെയായിരുന്നു ജേതാക്കള്‍.തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനല്‍; ഫ്രാന്‍സിനെ കാത്തിരിക്കുന്നത് ഇറ്റലിയും ബ്രസീലും സ്വന്തമാക്കിയ റെക്കോഡ്. തുടര്‍ച്ചയായി ഫൈനലില്‍ പ്രവേശിക്കുന്ന ഫ്രാന്‍സ്, ഇറ്റലിക്കും ബ്രസീലിനും മാത്രം സ്വന്തമായ ആ റെക്കോര്‍ഡ് സ്വന്തമാക്കുമോ എന്നതാണ് ഇനി ആരാധകര്‍ ഉറ്റുനോക്കുന്നത്. അങ്ങനെ കിരീടം നേടുകയാണെങ്കില്‍ ഫ്രഞ്ച് പടയുടെ കോച്ചായ ദെഷാംപ്‌സിനും അതൊരു പൊന്‍തൂവലാകും. ഇറ്റലിയിലൂടെ കോച്ച് ആയിരുന്ന വിറ്റോറിയോ പോസോ മാത്രമാണ് ഇതിന് മുന്‍പ് അപൂര്‍വ നേട്ടം കൊയ്തിട്ടുള്ളത്. 2018 ലെ റഷ്യന്‍ ലോകകപ്പിലെ റണ്ണര്‍ അപ്പുകളായ ക്രോയേഷ്യയെ പരാജയപ്പെടുത്തിയാണ് അര്‍ജന്റീനയുടെ വരവ്. ലയണല്‍ സ്‌കലോനിയുടെ അര്‍ജന്റീനയ്ക്ക് സൂപ്പര്‍ താരം ലയണല്‍ മെസി തന്നെയാണ് തുരുപ്പ് ചീട്ട്.

 

2014ന് ശേഷം അര്‍ജന്റീനയുടെ ആദ്യ ലോകകപ്പ് ഫൈനലാണിത്. അന്ന് കൈവിട്ട കിരീടം ഖത്തറില്‍ തിരിച്ചു പിടിക്കുന്നതിനായാണ് കോടിക്കണക്കിന് അര്‍ജന്റീനിയന്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഫ്രാന്‍സിനെ കലാശപ്പോരില്‍ നേരിടുന്ന അര്‍ജന്റീനക്ക് മറ്റൊരു കണക്ക് കൂടി തീര്‍ക്കാനുണ്ട്. നാല് വര്‍ഷം മുന്‍പ് അര്‍ജന്റീനയുടെ കിരീടമോഹങ്ങള്‍ അവസാനിച്ചത് ഫ്രഞ്ച് പടയോട്ടത്തിലാണ്. ആ തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം കൂടിയാണ് മെസിപ്പടയ്ക്ക്. പ്രീ ക്വാര്‍ട്ടറില്‍ 4-3 നാണ് അന്ന് ഫ്രാന്‍സ് അര്‍ജന്റീനയെ മറികടന്നത് രണ്ട് ഗോളുമായി എംബാപ്പെ മികച്ചു നിന്നപ്പോള്‍ ഗ്രീസ്മാനും ലക്ഷ്യം കണ്ടു. പവാര്‍ഡിന്റെ 2018 ലോകകപ്പിന്റെ ഗോളായി തിരഞ്ഞെടുക്കപ്പെട്ട ഗോള്‍ പിറന്നതും അതേ മത്സരത്തിലായിരുന്നു. അര്‍ജന്റീനയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിയ ഫ്രാന്‍സ് കിരീടവുമായാണ് റഷ്യയില്‍ നിന്ന് മടങ്ങിയത്. ലോകകപ്പില്‍ ഇതിന് മുന്‍പ് രണ്ട് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയിട്ടുണ്ട്. 1930 ലും 1978ലും. രണ്ടും ഗ്രൂപ്പ് തല മത്സരങ്ങള്‍. എന്നാല്‍ മേല്‍ക്കൈ അര്‍ജന്റീന ക്കായിരുന്നു. 1930 ല്‍ 1-0 നും 1978 ല്‍ 2-1 നും അര്‍ജന്റീന വിജയിച്ചു. ലോകകപ്പിന് പുറമെ ഒന്‍പത് സൗഹൃദ മത്സരങ്ങളിലും ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. നാല് തവണ അര്‍ജന്റീന വിജയിച്ചപ്പോള്‍ രണ്ട് തവണ ഫ്രാന്‍സ് വിജയിച്ചു. മൂന്ന് മത്സരങ്ങള്‍ സമനിലയിലും അവസാനിച്ചു.

 

Chandrika Web: