ശ്രീനഗര്‍: ജനക്കൂട്ടത്തിന്റെ പ്രതിഷേധം തടയാന്‍ കശ്മീരി യുവാവിനെ മനുഷ്യകവചമായി ഉപയോഗിച്ച സൈന്യത്തിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവം വിവാദമായതിനു പിന്നാലെയാണ് പൊലീസ് നടപടി.

സംഭവത്തെ കുറിച്ച് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ സൈന്യവും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, മനുഷ്യകവചമായി ഉപയോഗിക്കുക, അപകടപെടുത്താന്‍ ശ്രമിക്കുക തുടങ്ങിയ വകുപ്പുകളാണ് സൈന്യത്തിനെതിരെ ചുമത്തിയിരിക്കുന്നത്. മരിക്കുക അല്ലെങ്കില്‍ പ്രവര്‍ത്തിക്കുക എന്ന ഘട്ടത്തിലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും അല്ലൊങ്കില്‍ സൈനികര്‍ക്ക് നേരെ കല്ലേറുണ്ടാകുമായിരുന്നു എന്നുമാണ് സൈന്യത്തിന്റെ വിശദീകരണം.

അതേസമയം യുവാവിനെ മനുഷ്യകവചമാക്കാന്‍ തീരുമാനമെടുത്ത ഓഫീസറെ കേന്ദ്ര സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് വിമര്‍ശനമുയര്‍ന്നു. ജനക്കൂട്ടത്തിന്റെ കല്ലേറില്‍ നിന്നും രക്ഷപെടാന്‍ പട്ടാളത്തിന്റെ ജീപ്പിനു മുമ്പില്‍ കശ്മീരി യുവാവിനെ കെട്ടിയിട്ട് മനുഷ്യകവചം തീര്‍ത്ത സൈന്യത്തെ അഭിനന്ദിച്ചും പിന്തുണച്ചും കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉദ്യോഗസ്ഥരെയും അര്‍ധ സൈനികരെയും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ന്യായം.

റോഡരികിലും കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്നും സൈനിക വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയാന്‍ നൂറുകണക്കിന് ആളുകള്‍ സംഘടിച്ചതോടെയാണ് യുവാവിനെ വാഹനത്തിന് മുമ്പില്‍ കെട്ടിയിട്ട് സുരക്ഷ തീര്‍ക്കാനുള്ള കടുത്ത തീരുമാനം എടുത്തത്. തന്ത്രപൂര്‍വം സുരക്ഷയൊരുക്കിയ സൈനിക ഉദ്യോഗസ്ഥര്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.