പുതിയ ഫോണുകള്‍ വിപണിയില്‍ എത്തിക്കുമ്പോള്‍ എന്തെങ്കിലും അത്ഭുതം ആപ്പിള്‍ കരുതിവെക്കാറുണ്ട്. പുതിയ മോഡലായ ഐഫോണ്‍ 12 സീരിയസിന് വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തെ ഏതൊരു പുതിയ മാറ്റത്തെയും ആളുകള്‍ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഇതിന്റെ ഭാഗമായി പുതിയ മടക്കാവുന്ന ഫോണുകള്‍ (ഫോള്‍ഡബിള്‍ സ്മാര്‍ട്ടഫോണ്‍) വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. സാംസംഗും മോട്ടോറോളയും ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍ ഇതിനോടകം എത്തിച്ചിരുന്നു. ഇതോടെയാണ് ആപ്പിളും ഈ മേഖലയിലേക്ക് കടക്കുന്നത്.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2022 ഓടെയാകും ആപ്പിള്‍ ഫോള്‍ഡബിള്‍ ഫോണുകള്‍ വിപണിയില്‍ എത്തിക്കുക. തായ്വാന്‍ മാധ്യമമായ മണി ഡോട്ട് യുഡിഎന്‍ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുന്‍പ് ആപ്പിള്‍ ഫോള്‍ഡബിള്‍ ഫോണുകള്‍ക്കായുള്ള ഡിസൈനിന് പേറ്റന്റ് അപേക്ഷ നല്‍കിയിരുന്നു.