കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം, സി.പി.എമ്മിന്റെ മതേതരത്വം പറഞ്ഞുള്ള ഇരട്ടത്താപ്പ് ഇവയിലൊക്കെ പ്രതിഷേധിച്ച് സി.പി.എമ്മില്‍ നിന്ന് രാജിവെച്ച നേതാവാണ് സി.ഒ.ടി നസീര്‍. മുന്‍ തലശ്ശേരി നഗരസഭാംഗം കൂടിയായിരുന്ന നസീര്‍ ഇത്തവണ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുകയാണ്. സി.പി.എമ്മില്‍ നിന്നും രാജിവെച്ച് കേരളത്തില്‍ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലത്തില്‍ മത്സരിക്കാനെത്തുന്ന നസീര്‍ തെരഞ്ഞെടുപ്പ് വിശേഷങ്ങളെക്കുറിച്ച് ചന്ദ്രികഡെയ്‌ലി.കോമിനോട് സംസാരിക്കുകയാണ്.

വടകരയില്‍ മത്സരിക്കുന്നതിനെക്കുറിച്ച്?

കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ വടകരയില്‍ മത്സരിക്കുമെന്ന് തീരുമാനിച്ചിരുന്നു. അതിനുശേഷമാണ് മറ്റു മുന്നണികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമുണ്ടാവുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും കെ. മുരളീധരനാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. സി.പി.എമ്മിന്റെ കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയായ പി.ജയരാജന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പു തന്നെ വടകരയില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. യുവാക്കള്‍ക്ക് പ്രാതിനിധ്യമുള്ള തെരഞ്ഞെടുപ്പാവണം എന്നാണ് ആഗ്രഹം.

നേരത്തെ, 2016-ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എ.എന്‍ ഷംസീറിനെതിരെ മത്സരിക്കാന്‍ ഒരുങ്ങിയിരുന്നു. അന്ന് സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് എന്നെ പിന്തിരിപ്പിക്കുകയായിരുന്നു. ഇവിടെ ജയരാജന്‍ മത്സരിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ സ്ഥാനാര്‍ത്ഥിത്വവുമായി മുന്നോട്ടുപോകും. ഭീഷണിയെ അതിജീവിക്കാന്‍ കഴിയും.

വടകരയില്‍ പി.ജയരാജനെതിരെ മത്സരിക്കുന്നതില്‍ സി.പി.എമ്മുകാരുടെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടോ?

ഞാന്‍ അക്രമരാഷ്ട്രീയത്തിനെതിരാണ്. സൗഹാര്‍ദ്ദപരമായ രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നത്. അതാണ് മുന്നോട്ടുവെക്കുന്നതും. ഇതുവരെ ഭീഷണി ഉണ്ടായിട്ടില്ല. ചിലരൊക്കെ ഫോണില്‍ വിളിച്ച് മത്സരിക്കുന്നതില്‍ നിന്നും പിന്‍മാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഞാന്‍ പിന്‍മാറുമെന്നാണ് അവര്‍ കണക്കാക്കുന്നത്. മുന്നോട്ടുപോകുമ്പോള്‍ ഭീഷണിക്ക് സാധ്യതയുണ്ട്.

പിന്‍മാറുമോ?

ഇല്ല. എന്തുതരം എതിര്‍പ്പുണ്ടായാലും വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.

കണ്ണൂരില്‍ അക്രമരാഷ്ട്രീയം നിലനിര്‍ത്തുന്നതില്‍ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ട്. ശുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം എന്നീ കേസുകളില്‍ ജയരാജന്‍ പ്രതിയുമാണ്. എന്താണ് പ്രതികരണം?

അക്രമരാഷ്ട്രീയത്തോട് എല്ലാക്കാലത്തും എതിര്‍പ്പറിയിച്ചിട്ടുണ്ട്. സൗഹാര്‍ദ്ദപരമായ രാഷ്ട്രീയമാണ് മുന്നോട്ടുവെക്കുന്നത്. ശുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് പി ജയരാജന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് നടന്നുകൊണ്ടിരിക്കുകയാണല്ലോ. അതുകൊണ്ട് അക്കാര്യത്തില്‍ പ്രതികരിക്കാനില്ല.

പി. ജയരാജനെതിരെ മത്സരിച്ചു എന്നതിന്റെ പേരില്‍ തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം ഭീഷണിയുണ്ടാവില്ലേ?

അത്തരത്തിലുള്ള ഭീഷണികള്‍ ഉണ്ടാവുമെന്ന് അറിഞ്ഞുകൊണ്ടാണ് മത്സരിക്കുന്നതിന് തയ്യാറെടുത്തത്. അതെല്ലാം നേരിടാന്‍ കഴിയുമെന്നാണ് വിശ്വാസം.

സി.പി.എം വിടാനുള്ള കാരണമെന്താണ്?

പാര്‍ട്ടി അംഗത്വം പുതുക്കാന്‍ നല്‍കിയ അപേക്ഷയില്‍ ‘മതന്യൂനപക്ഷമാണോ’ എന്ന കോളം ഒഴിച്ചിട്ടിരുന്നു. ആ കോളം പാര്‍ട്ടി അറിയാതെ പൂരിപ്പിക്കുകയായിരുന്നു. ഈ സംഭവത്തില്‍ നിരാശനായിരുന്നു. പിന്നീട് അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് പരാതി നല്‍കിയിരുന്നു. എന്നാല്‍ മറുപടിയൊന്നും ലഭിച്ചില്ല. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തോടും യോജിപ്പില്ല. സി.പി.എമ്മിന്റെ എന്നുമാത്രമല്ല, ആര് അക്രമം നടത്തിയാലും യോജിക്കാനാവില്ല.

സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി നില്‍ക്കുന്നത് കൊണ്ട് എങ്ങനെയാണ് പ്രചാരണം നടത്തുന്നത്?

കോളേജ് വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള ഒരു കൂട്ടം ചെറുപ്പക്കാരാണ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഓണ്‍ലൈനിലൂടെ ഡിജിറ്റല്‍ ഓണ്‍ലൈന്‍ ടീമാണ് പ്രചാരണം കൂടുതലായും നടത്തുന്നത്. കൂടാതെ മണ്ഡലത്തിലെ പ്രമുഖരായ ചില വ്യക്തിത്വങ്ങളെയൊക്കെ നേരില്‍ പോയി കാണാനായി. വീടുകള്‍ തോറും കയറിയിറങ്ങി പ്രചാരണം നടത്തുകയും ചെയ്യുന്നുണ്ട്.

എന്താണ് പ്രതീക്ഷ?

നിലവില്‍ ഇരുമുന്നണികളിലും ശക്തരായ സ്ഥാനാര്‍ത്ഥികളാണ്. ഒരു ത്രികോണമത്സരമാണ് വടകരയില്‍ നടക്കുന്നത്. ബി.ജെ.പിക്ക് ഒട്ടും സാധ്യതയുണ്ടാവില്ല. സൗഹാര്‍ദ്ദപരമായ രാഷ്ട്രീയത്തെ വടകരയിലെ ജനങ്ങള്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. വടകരയില്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ, തൊഴില്‍ മേഖലയില്‍ ഉന്നമനമുള്ള ഒരു വികസന കാഴ്ച്ചപ്പാടാണ് മുന്നോട്ട് വെക്കുന്നത്. വടകരയെ അക്രമമില്ലാത്ത നാടാക്കി മാറ്റുന്നതിന് പ്രവര്‍ത്തിക്കും.

മുന്‍ സി.പി.എം നേതാവ് സി.ഒ.ടി നസീര്‍, വടകരയില്‍ മത്സരിക്കുന്നതിനെ കുറിച്ച് പറയുന്നു

ശുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം എന്നീ കേസുകളിലെ പ്രതിയാണ് പി.ജയരാജന്‍. മുന്‍ സി.പി.എം നേതാവും തലശ്ശേരി നഗരസഭാംഗവുമായിരുന്നു സി.ഒ.ടി നസീര്‍. വടകരയില്‍ മത്സരിക്കുന്നതിനെക്കുറിച്ച് നിലപാട് വ്യക്തമാക്കുന്നു.